ഡബ്ലിന്‍: അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡില്‍ കൗമാരക്കാരിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ടാക്സി ഡ്രൈവറായ പാറ്റ് സ്‌കാഹിലിന് (59) 900 യൂറോ പിഴ ചുമത്തി കോടതി. ഗ്രീന്‍ഫീല്‍ഡിലെ ബീച്ച് ഡ്രൈവില്‍ നിന്നുള്ള പാറ്റ് സ്‌കാഹില്‍ 2015ലെ ടാക്സി നിയമത്തിലുള്ള സെക്ഷന്‍ 38 (5)എ ലംഘിച്ചതിനാണ് കോടതിയുടെ നടപടി. ടാക്സി ഡ്രൈവര്‍മാര്‍ യാത്രക്കാരോട് ബഹുമാനത്തോടെ പെരുമാറണമെന്നത് ഉറപ്പാക്കുന്ന നിയമമാണ് സെക്ഷന്‍ 38 (5)എ. 2023 ജനുവരി 29, ഞായറാഴ്ചയാണ് സംഭവം നടന്നത്.
വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ ജോലി ചെയ്തു വരുന്ന പെണ്‍കുട്ടി വീട്ടിലേക്ക് പോകാന്‍ റാപ്പിഡ് കാബ്സ് വഴി ടാക്സി വിളിച്ചു. പാറ്റ് സ്‌കാഹിലിന്റെ ടാക്സി കാറിന്റെ പിന്‍സീറ്റില്‍ കയറിയ പെണ്‍കുട്ടിയോട് യാത്രക്കിടയില്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ഫോണില്‍ അശ്ലീല വിഡിയോകള്‍ കാണിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് യുവതി പരാതി നല്‍കുകയും ഡ്രൈവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അന്വേഷണത്തില്‍ പാറ്റ് സ്‌കാഹില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയതായി കണ്ടെത്തി. ഇതിന് ശിക്ഷയായി 900 യൂറോ പിഴയാണ് ജഡ്ജി ജെന്നിഫര്‍ ഒ'ബ്രൈന്‍ ചുമത്തിയത്.