യോര്‍ക്ക്: 2009ല്‍ കാണാതായ യോര്‍ക്ക് ഷെഫ് ക്ലൗഡിയ ലോറന്‍സിന്റെ തിരോധാനത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഒരു സ്ത്രീ രംഗത്ത്. 'ലൂസി' എന്ന പേരില്‍ അറിയപ്പെടുന്ന ഇവര്‍ ക്ലൗഡിയയുടെ തിരോധാനത്തില്‍ തന്റെ മുന്‍ പങ്കാളിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്നു. ജേണലിസ്റ്റ് ടോം മക്ഡെര്‍മോട്ട് അവതരിപ്പിക്കുന്ന 'ആന്‍സേഴ്‌സ് ഫോര്‍ ക്ലൗഡിയ' എന്ന പോഡ്കാസ്റ്റിലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായത്. ക്ലൗഡിയയുടെ മാതാവ് ജോന്‍ ലോറന്‍സിന്റെ സഹകരണത്തോടെയാണ് പോഡ്കാസ്റ്റ് നടത്തുന്നത്. ലൂസിയുടെ മുന്‍ പങ്കാളി ശാരീരികമായി ഉപദ്രവിക്കുന്ന ആളായിരുന്നു. ഒരു തര്‍ക്കത്തിനിടെ, അയാള്‍ ' നിന്നെ ജിപ്‌സികളെ ഏല്‍പിക്കും. അവര്‍ കൊലപ്പെടുത്തിയ ശേഷം പന്നികള്‍ക്ക് ഭക്ഷണമായി നല്‍കും...അതു തന്നെയാണ് അവര്‍ ക്ലൗഡിയ ലോറന്‍സിനോടും ചെയ്തത്' എന്ന് പറഞ്ഞതായി ലൂസി പറയുന്നു.
ക്ലൗഡിയയുടെ വീടിന് പിന്നിലെ ഇടവഴിയില്‍ സംശയാസ്പദമായ രീതിയില്‍ കണ്ട ഒരു വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളിലെ നടത്തം തന്റെ മുന്‍ പങ്കാളിയുടേതിന് സമാനമാണെന്നും ലൂസി വെളിപ്പെടുത്തി. ക്ലൗഡിയയുടെ തിരോധാനവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ആരെയും ഇതുവരെ കുറ്റക്കാരായി കണ്ടെത്താനായിട്ടില്ല. ക്ലൗഡിയയുടെ പിതാവ് പീറ്റര്‍ ലോറന്‍സ് 2021ല്‍ അന്തരിച്ചു. അന്വേഷണം തുടരണമെന്ന് മരിക്കും വരെ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തന്റെ മുന്‍ പങ്കാളിയുടെ ലോക്കറില്‍ നിന്ന് സ്ത്രീകളുടെ ആഭരണങ്ങള്‍ കണ്ടെത്തിയെന്നും അവയില്‍ ക്ലൗഡിയയുടേതാകാന്‍ സാധ്യതയുണ്ടെന്നും ലൂസി പറയുന്നു. 2009ല്‍ ക്ലൗഡിയ തിരോധാനമായതു മുതല്‍ അവരുടെ ഫോണോ ബാഗോ മറ്റ് വ്യക്തിപരമായ വസ്തുക്കളോ ഇതുവരെ കണ്ടെത്താനായിട്ടില്ല. ലൂസിയുടെ വെളിപ്പെടുത്തലുകള്‍ അന്വേഷണത്തില്‍ പുതിയ വഴിത്തിരിവുകള്‍ ഉണ്ടാക്കുമോയെന്ന് പൊലീസ് കാത്തിരിക്കുകയാണ്.