ലണ്ടന്‍: യുകെയില്‍ ഡോക്ടര്‍മാരുമായി ഇനി വേഗത്തില്‍ കൂടിക്കാഴ്ച സാധ്യമാകും. എപ്പോള്‍ വിളിച്ചാലും ജിപി അപ്പോയ്ന്‍മെന്റ് ലഭ്യമാകുന്ന പുതിയ കരാര്‍ പ്രാബല്യത്തിലായി. ജനറല്‍ പ്രാക്ടീഷണര്‍മാര്‍ (ജിപി) കൂടുതല്‍ രോഗികളെ കാണാനും കൂടുതല്‍ പേര്‍ക്ക് അപ്പോയ്ന്‍മെന്റുകള്‍ നല്‍കാനും കഴിയുന്നതാണ് പുതിയ കരാര്‍. ഇതനുസരിച്ച് ജിപി സര്‍ജറികളുടെ പ്രവര്‍ത്തന സമയം മുഴുവനും ബുക്കിങ് നടത്താം. നാളിതുവരെ രാവിലെ 8 മണിക്ക് ഫോണ്‍ വിളിച്ചാല്‍ മാത്രമേ ബ്രിട്ടനില്‍ ജിപി അപ്പോയ്ന്‍മെന്റ് ലഭിച്ചിരുന്നുള്ളു. ആവശ്യക്കാരെല്ലാം ഒരുമിച്ചു വിളിക്കുന്നത് കാരണം ഭൂരിഭാഗം പേര്‍ക്കും ബുക്കിങ് ലഭിക്കാറില്ലായിരുന്നു.
ബ്രിട്ടനില്‍ പൊതു ചികിത്സാ രീതികള്‍ പുനഃസ്ഥാപിക്കുവാന്‍ പുതിയ കരാര്‍ മൂലം കഴിയുമെന്ന് ഡോക്ടര്‍മാരുടെ യൂണിയനായ ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) പ്രതികരിച്ചു. പുതിയ കരാര്‍ പ്രകാരം ജിപി സര്‍ജറി ജീവനക്കാര്‍ ജോലി സമയത്തിലുടനീളം ഓണ്‍ലൈനായി അപ്പോയ്ന്‍മെന്റുകള്‍ സ്വീകരിക്കണം. കൂടാതെ ഓരോരുത്തരുടേയും മെഡിക്കല്‍ ആവശ്യത്തെ അടിസ്ഥാനമാക്കി രോഗികള്‍ക്ക് അടിയന്തര അപ്പോയ്ന്‍മെന്റുകള്‍ നല്‍കണം. യുകെയില്‍ ജിപി അപ്പോയ്ന്‍മെന്റുകള്‍ക്കായി അതിരാവിലെ നടത്തുന്ന കൂട്ട ഫോണ്‍ വിളി അവസാനിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയിരുന്നു.