വെയില്‍സ്/തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി വെയില്‍സിലെ (യുകെ) ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പ് കാബിനറ്റ് സെക്രട്ടറി ജെറമി മൈല്‍സ്. അടുത്തവര്‍ഷം കേരളത്തില്‍ നിന്നും 200 ആരോഗ്യ പ്രവര്‍ത്തകരെ കൂടി വെയില്‍സിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള സന്നദ്ധത ജെറമി മൈല്‍സ് മുഖ്യമന്ത്രിയെ അറിയിച്ചു. കേരളത്തോടുള്ള വെയില്‍സിന്റെ സഹകരണത്തിന് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെയാണ് ഫെയ്‌സ് ബുക്ക് പേജിലൂടെ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പങ്കുവച്ചത്. ഒരു വര്‍ഷത്തിനുളളില്‍ 350 ലധികം ആരോഗ്യപ്രവര്‍ത്തകരാണ് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലൂടെ വെയില്‍സിലെത്തിയത്. കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ വെയില്‍സിന്റെ ആരോഗ്യ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനം നിസ്തുലമാണെന്ന് ജെറമി മൈല്‍സ് അറിയിച്ചു. ഇനിയും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെയില്‍സില്‍ അവസരങ്ങള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍പ് മുഖ്യമന്ത്രി വെയില്‍സ് സന്ദര്‍ശിച്ച വേളയില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ വെയില്‍സിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുളള ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് 2024 മാര്‍ച്ച് ഒന്നിന് ഇത് സംബന്ധിച്ച് വെയില്‍സ് അധികൃതരുമായി കരാറിലേര്‍പ്പെടുകയും ചെയ്തു. വെയില്‍സ് ഇന്‍ ഇന്ത്യ 2024' വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സമാപനചടങ്ങുകളുടെ ഭാഗമായിട്ടാണ് കാബിനറ്റ് സെക്രട്ടറി ജെറമി മൈല്‍സിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തിയത്. ഡിപ്ലോമാറ്റ് മിച്ച് തീക്കര്‍, ബ്രിട്ടിഷ് ഹൈകമ്മിഷന്‍ ഡെപ്യൂട്ടി മിഷന്‍ ഹെഡ് ജെയിംസ് ഗോര്‍ഡന്‍, പ്രൈവറ്റ് സെക്രട്ടറിമാരായ വില്യം തോമസ്, ജോനാഥന്‍ ബ്രൂംഫീല്‍ഡ്, സൗത്ത് ഇന്ത്യ കണ്‍ട്രി മാനേജര്‍ ബിന്‍സി ഈശോ, എന്‍.എച്ച്.എസ്. വര്‍ക്ക് ഫോഴ്‌സ് ഇയാന്‍ ഓവന്‍,നോര്‍ക്ക സെക്രട്ടറി ഡോ. കെ വാസുകി, നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കോളശേരി എന്നിവരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.