ലണ്ടന്‍/സോമര്‍സെറ്റ്: രാജ്യത്തുടനീളമുള്ള നഴ്‌സുമാരെയും കെയറര്‍മാരെയും സന്ദര്‍ശിച്ച് യുകെയിലെ റോയല്‍ കോളജ് ഓഫ് നഴ്‌സിങ് (ആര്‍സിഎന്‍) ഭാരവാഹികള്‍. പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറിയും ചീഫ് എക്‌സിക്യൂട്ടീവുമായ പ്രഫ. നിക്കോള റേഞ്ചര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആര്‍സിഎന്‍ സംഘങ്ങളാണ് തൊഴിലിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്. ഇരുവരും വെവ്വേറെയാണ് വിവിധ പ്രദേശങ്ങളില്‍ നഴ്‌സുമാര്‍, കെയറര്‍മാര്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെ നേരില്‍ കാണുന്നത്. ജീവനക്കാരുടെ തൊഴില്‍ സാഹചര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കുക, അവര്‍ക്ക് പ്രാദേശിക യൂണിറ്റുകള്‍ വഴി പിന്തുണ ഉറപ്പാക്കുക എന്നിവയാണ് സന്ദര്‍ശന ലക്ഷ്യങ്ങള്‍. സന്ദര്‍ശനങ്ങളുടെ ഭാഗമായി ആര്‍സിഎന്‍ സൗത്ത് വെസ്റ്റ് റീജനലിന്റെ നേതൃത്വത്തില്‍ സോമര്‍സെറ്റ് എന്‍എച്ച് എസ് ട്രസ്റ്റിന്റെ ടോണ്ടന്‍ മസ്‌ഗ്രോവ് പാര്‍ക്ക് ഹോസ്പിറ്റല്‍, നഫീല്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ബിജോയ് സെബാസ്റ്റ്യന്‍ സന്ദര്‍ശനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇരു സ്ഥാപനങ്ങളിലെയും നഴ്‌സിങ് പ്രഫഷനലുകള്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെ ബിജോയ് സെബാസ്റ്റ്യന്‍ സന്ദര്‍ശിച്ചു.
സന്ദര്‍ശനത്തിന് ബിജോയിക്കൊപ്പം സൗത്ത് വെസ്റ്റ് റീജനല്‍ ഭാരവാഹികളായ ബെവ് ജോണ്‍സ്, ചാര്‍ളി ഫോള്‍ക്ക്‌നര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സൗത്ത് വെസ്റ്റ് റീജനിലാണ് ജനറല്‍ സെക്രട്ടറി പ്രഫ. നിക്കോള റേഞ്ചറും സന്ദര്‍ശനങ്ങള്‍ ആരംഭിച്ചത്. ഡെവണിലെ ടോര്‍ബെ ആന്‍ഡ് സൗത്ത് ഡെവണ്‍ എന്‍എച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള വിവിധ ഹോസ്പിറ്റലുകളും ഓഷ്യന്‍ ഹെല്‍ത്ത് കെയര്‍ ഹോസ്‌പൈസ് സെന്റര്‍, യൂണിവേഴ്‌സിറ്റി ഓഫ് എക്‌സീറ്ററിലെ നഴ്‌സിങ് ക്ലാസുകള്‍ എന്നിവയുമാണ് സന്ദര്‍ശിച്ചത്. തുടര്‍ന്ന് സൗത്ത് ഈസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പോര്‍ട്‌സ്മൗത്ത് ക്വീന്‍ അലക്‌സാന്ദ്ര ഹോസ്പിറ്റലിലും സന്ദര്‍ശനം നടത്തി. മിടുക്കരായ നഴ്സിങ് ടീമുകളെ കണ്ടുമുട്ടിയതില്‍ സന്തോഷിക്കുന്നുവെന്നും തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം ഉറപ്പാക്കാന്‍ പരിശ്രമിക്കുമെന്നും പ്രഫ. നിക്കോള റേഞ്ചര്‍ പറഞ്ഞു.