ലണ്ടന്‍: ലണ്ടന്‍ നഗരത്തിന്റെ മുഖമുദ്രയായ ലണ്ടന്‍ ഐക്ക് 25 വയസ്സ്. കാല്‍ നൂറ്റാണ്ടായി ബ്രിട്ടനില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നത് ലണ്ടന്‍ ഐയിലാണ്. തേംസ് നദിക്കരയിലെ ഈ ഭീമാകാരമായ ചക്രത്തില്‍ നിന്നുള്ള കരിമരുന്ന് കലാപ്രകടനത്തോടെയാണ് ലണ്ടന്റെ പുതുവത്സരാഘോഷങ്ങള്‍ ആരംഭിക്കുന്നത്. നഗരത്തിന്റെ തിലകക്കുറിയായും നഗരം കാണാനെത്തുന്നവര്‍ക്ക് ആകാശവീക്ഷണം സാധ്യമാക്കിയും തേംസ് നദിയുടെ തെക്കേ കരയിലാണ് ലണ്ടന്‍ ഐയുടെ സ്ഥാനം. ആരെയും ഭയപ്പെടുത്താതെ ആകാശയാത്രയ്ക്ക് അവസരം നല്‍കുന്നു എന്നതാണ് ലണ്ടന്‍ ഐയുടെ പ്രത്യേകത.
മില്ലേനിയം ഓര്‍മയ്ക്കായി 2000 മാര്‍ച്ച് ഒന്‍പതിനായിരുന്നു ലണ്ടന്‍ ഐയുടെ നിര്‍മാണം പൂര്‍ത്തിയായത്. കണക്കുകള്‍ പ്രകാരം ഇതിനോടകം 85 ദശലക്ഷം ആളുകള്‍ ലണ്ടന്‍ ഐയില്‍ സഞ്ചരിച്ചിട്ടുണ്ട്. 135 മീറ്റര്‍ ഉയരവും 32 കാപ്സ്യൂള്‍ ഡെക്കുകളുമുള്ള ഈ ജയന്റ് വീലില്‍ കറങ്ങിവന്നാല്‍ ലണ്ടന്‍ നഗരം മുഴുവന്‍ ഹെലികോപ്റ്ററില്‍ കറങ്ങുന്ന പ്രതീതിയാണ്. നഗരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളെല്ലാം കാണത്തക്ക സ്ഥാനത്തും ഉയരത്തിലുമാണ് നഗരത്തിന്റെ ഈ കണ്ണ്.