ലണ്ടന്‍: ഫുട്‌ബോള്‍ കളിക്കുകയായിരുന്ന മൈതാനത്ത് കാര്‍ ഇടിച്ച് 10 വയസ്സുകാരി കൊല്ലപ്പെട്ടു. അപകടത്തില്‍ 8 വയസ്സുകാരിക്ക് പരുക്കേറ്റു. ഈ കുട്ടി ചികിത്സയില്‍ തുടരുകയാണ്. ഇംഗ്ലണ്ടിലെ കുംബ്രിയ എന്ന സ്ഥലത്താണ് സംഭവം നടന്നതെന്ന് കുംബ്രിയ പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം കുംബ്രിയയിലെ കെന്‍ഡല്‍ റഗ്ബി ക്ലബ്ബില്‍ പരിശീലന സെഷനില്‍ പങ്കെടുക്കവെയാണ് പോപ്പി അറ്റ്കിന്‍സന്‍ (10) വാഹനമിടിച്ച് കൊല്ലപ്പെട്ടത്.
ഒരു പ്രഫഷനല്‍ ഫുട്ബോള്‍ താരമാകാനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിക്കാനും ആഗ്രഹിച്ചിരുന്ന മിടുക്കിയായ കുട്ടിയായിരുന്നു പോപ്പി അറ്റ്കിന്‍സന്‍ എന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. അപകടകരമായ ഡ്രൈവിങ് മരണത്തിന് കാരണമായെന്ന് സംശയിച്ച് ലങ്കാസ്റ്ററില്‍ നിന്നുള്ള 40 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഈ സംഭവം ബോധപൂര്‍വമായ പ്രവൃത്തിയാണെന്ന് കരുതുന്നില്ല എന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട പോപ്പി അറ്റ്കിന്‍സന് 7 വയസ്സുള്ള ഒരു സഹോദരന്‍ ഉണ്ട്. സഹോദരനുമൊത്ത് മിക്ക സമയങ്ങളിലും ഫുട്‌ബോള്‍ പരിശീലനത്തില്‍ ഏര്‍പ്പെടുമായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.