Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന് അയര്‍ലന്‍ഡില്‍ ഉജ്ജ്വല സ്വീകരണം
reporter

ഡബ്ലിന്‍: ഐറിഷ് നേതാക്കള്‍ അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തെ ആദരിക്കുന്ന രീതി അത്ഭുതപ്പെടുത്തിയെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. ഏതൊരു നേതാവിനെ കാണുമ്പോഴും അവര്‍ ആദ്യം നന്ദി പറയുന്നത് അയര്‍ലന്‍ഡിലെ ആരോഗ്യമേഖലയില്‍ ഇന്ത്യന്‍ സമൂഹം നല്‍കിയ സംഭാവനകളെ കുറിച്ച് ആണെന്ന് എസ്. ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹം എല്ലാ മേഖലകളിലും തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുന്നത് അഭിമാനകരമാണെന്നും ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സാമ്പത്തിക, വ്യാപാര കരാറില്‍ ആശാവഹമായ പുരോഗതി ഉണ്ടാകുമെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ദ്വിദിന അയര്‍ലന്‍ഡ് സന്ദര്‍ശനത്തിനെത്തിയ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ അയര്‍ലന്‍ഡ് പ്രസിഡന്റ് മീഹോള്‍ ഡി ഹിഗ്ഗിന്‍സിനെ സന്ദര്‍ശിച്ചു.

ദേശീയത ശക്തിപ്പെടുത്തുന്നതില്‍ ഇരു രാജ്യങ്ങളുടെയും സംസ്‌കാരത്തിന്റെ പങ്കിനെക്കുറിച്ച് മീഹോള്‍ ഡി ഹിഗ്ഗിന്‍സുമായി ജയശങ്കര്‍ ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന്റെ ആശംസകളും ജയശങ്കര്‍ ഹിഗ്ഗിന്‍സിനു കൈമാറി. ഇന്ത്യയും അയര്‍ലന്‍ഡും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സന്ദര്‍ശനത്തില്‍ ഉപ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, മറ്റ് പ്രമുഖര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവരുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജില്‍ നടന്ന സംവാദത്തില്‍ ഇന്ത്യയില്‍ നിന്നും ഡബ്ലിനിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഉണ്ടാകുവാന്‍ വലിയ വിമാനങ്ങള്‍ ലഭ്യമാക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. എയര്‍ഇന്ത്യ ഡബ്ലിനിലേക്ക് നേരിട്ട് സര്‍വീസ് നടത്തുമോയെന്ന വിദ്യാര്‍ഥികളുടെ ചോദ്ധ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ പ്രസിഡന്റ് വി.വി ഗിരി ഉള്‍പ്പെടെ നിരവധി പ്രമുഖ ഇന്ത്യന്‍ പണ്ഡിതര്‍ പഠിച്ച ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയെ വിദ്യാര്‍ഥികള്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. നിലവില്‍ ഡബ്ലിനിലെ യൂണിവേഴ്‌സിറ്റി കോളജില്‍ ആയിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.

 
Other News in this category

 
 




 
Close Window