ലിവര്‍പൂള്‍: കൈക്കൂലി വാങ്ങിയതിനും മോശം പെരുമാറ്റത്തിനും യുകെയില്‍ മുന്‍ മേയര്‍ക്ക് എതിരെ കേസെടുത്ത് പൊലീസ്. ലിവര്‍പൂള്‍ നഗരത്തിലെ മുന്‍ മേയര്‍ ജോ ആന്‍ഡേഴ്‌സണിന് എതിരെയാണ് മെര്‍സിസൈഡ് പൊലീസ് കേസ് എടുത്തത്. മേയര്‍ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെയാണ് കേസ്. മുന്‍ കൗണ്‍സിലര്‍മാരും കൗണ്‍സില്‍ ഉദ്യോഗസ്ഥരും കൈക്കൂലി നല്‍കാന്‍ ഗൂഢാലോചന നടത്തിയവരുമാണ് മറ്റ് 13 പേര്‍. കൗണ്‍സിലിലെ കെട്ടിട കരാറുകളുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങല്‍ നടന്നത്. നിരവധി പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാരെ കേന്ദ്രീകരിച്ച് മെര്‍സിസൈഡ് പൊലീസ് ഓപ്പറേഷന്‍ അലോഫ്റ്റ് എന്ന പേരില്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് കേസെടുത്തത്.
2012 മുതല്‍ 2021 വരെ ലിവര്‍പൂള്‍ മുന്‍ മേയറായിരുന്ന ലേബര്‍ പാര്‍ട്ടി നേതാവ് ജോ ആന്‍ഡേഴ്‌സണ്‍(67), ഐഗ്ബര്‍ത്തിലെ മുന്‍ ലേബര്‍ കൗണ്‍സിലര്‍ ഡെറക് ഹാട്ടണ്‍ (77), സിറ്റി കൗണ്‍സില്‍ മുന്‍ ഡയറക്ടര്‍ മോസ്ലി ഹില്ലിലെ നിക്കോളാസ് കവാനി(56), മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആന്‍ഡ്രൂ ബാര്‍ (51), ഉദ്യോഗസ്ഥരായ ഡേവിഡ് ആന്‍ഡേഴ്‌സണ്‍ (37), ഫിലിപ്പ കുക്ക് (49), അലക്‌സ് ക്രോഫ്റ്റ് (29), ജൂലിയന്‍ ഫ്‌ലാനഗന്‍ (53), ആദം മക്ലീന്‍ (54), സോന്‍ജിയ ഹാട്ടണ്‍ (49), ആദം മക്ലീന്‍ (54) എന്നിവര്‍ക്കെതിരെയും കൈക്കൂലി നല്‍കാനുള്ള ഗൂഢാലോചനയ്ക്ക് പോള്‍ ഫ്‌ലാനഗന്‍ (61), സോന്‍ജിയ ഹാട്ടണ്‍ (49), ജെയിംസ് ഷാല്ലിക്കര്‍ (38) എന്നിവര്‍ക്ക് എതിരെയുമാണ് കേസ് എടുത്തിട്ടുള്ളത്. ഇവരെ മാര്‍ച്ച് 28 ന് പ്രെസ്റ്റണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് മെര്‍സിസൈഡ് പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണത്തെ പിന്തുണച്ചിട്ടുണ്ടെന്നും ആവശ്യാനുസരണം സഹകരിക്കുന്നത് തുടരുമെന്നും ലിവര്‍പൂള്‍ സിറ്റി കൗണ്‍സില്‍ അറിയിച്ചു.