ലണ്ടന്‍: കെന്റിലെ ഒരു പബില്‍ വച്ച് വാലന്റൈന്‍സ് ദിനത്തില്‍ നടന്ന യുവതിയുടെ കൊലപാതകത്തില്‍ പ്രതിയായ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തിയതായി കെന്റ് പൊലീസ് അറിയിച്ചു. ലണ്ടനിലെ സ്ലോയില്‍ നിന്നുള്ള ലിസ സ്മിത്ത് ആണ് പബില്‍ വച്ച് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവായ എഡ്വാര്‍ഡ് സ്റ്റോക്കിങ്‌സ് സ്മിത്താണ് യുവതിയെ കൊലപ്പെടുത്തിയത് എന്ന് സുഹൃത്തുക്കളുടെ മൊഴിയില്‍ നിന്നും പൊലീസ് മനസ്സിലാക്കിയിരുന്നു. എസെക്‌സിലെ റെയിന്‍ഹാമിന് സമീപമുള്ള നദിയില്‍ നിന്നാണ് 21 ദിവസങ്ങള്‍ക്ക് ശേഷമാണ് എഡ്വേഡ് സ്റ്റോക്കിങ്‌സ് സ്മിത്തിന്റെ മൃതദേഹം കണ്ടെത്തുന്നത്.
മൃതദേഹം ഔദ്യോഗികമായി തിരിച്ചറിഞ്ഞില്ലങ്കിലും എഡ്വേഡിന്റെ വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വാലന്റൈന്‍സ് ദിനത്തില്‍ വൈകിട്ട് 7 മണിയോടെയാണ് വെടിവച്ചത് എന്നാണ് കരുതപ്പെടുന്നത്. മൂന്ന് വെടിയൊച്ചകളുടെ ശബ്ദം പബിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭ്യമാണ്. വെടിവയ്പ്പിന് ശേഷം എഡ്വാര്‍ഡ് തന്റെ സുഹൃത്ത് ലെസ്ലി തോംസണെ 8.50 ന് വിളിച്ചു ലിസ സ്മിത്തിനെ കൊലപ്പെടുത്തിയതായി പറഞ്ഞു. പ്രതിയും മരിച്ചതോടെ കൊലപാതകം നടത്തിയതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് പൊലീസ് ഇപ്പോള്‍.