Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
ബ്രിട്ടന് ഇനി ആശ്രയം ഇന്ത്യ മാത്രം
reporter

ലണ്ടന്‍: കാലചക്രം കറങ്ങുമ്പോള്‍ ഭൂമിയിലെ എല്ലാ മേഖലകളിലും മാറ്റങ്ങള്‍ അനിവാര്യമാണ്. ഒരുകാലത്ത് ചവിട്ടി താഴ്ത്തിയവര്‍ക്കെല്ലാം മേലെ ഉയര്‍ന്ന് ഒരു മഹാവൃക്ഷമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഭാരതമാണ് ഇന്ന് ലോകത്തിനു മുന്‍പിലുള്ളത്. ഒരിക്കല്‍ ഭാരതത്തെ അടിച്ചമര്‍ത്തി രാജാവായി വാണിരുന്ന ബ്രിട്ടന്‍ ഇന്ന് നവയുഗ ഭാരതത്തിനു മുന്‍പില്‍ തലകുനിച്ചു നില്‍ക്കുകയാണ്. ഇനി ഇന്ത്യയാണ് ഒരേയൊരു ആശ്രയം എന്ന് ബ്രിട്ടന്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. അതിനാല്‍ തന്നെ തങ്ങളുടെ പുതിയ വളര്‍ച്ച പദ്ധതിയില്‍ രാജ്യത്തിന്റെ പ്രധാന ഉറവിട വിപണിയായി ഇന്ത്യയെ ആണ് ലണ്ടന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരുകാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക കേന്ദ്രങ്ങളില്‍ ഒന്നായ ലണ്ടന്‍ ഇന്ന് ഇന്ത്യയെ ആശ്രയിച്ചാണ് ജീവിക്കുന്നത് എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല. കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി ലണ്ടനിലെ ഏറ്റവും വലിയ ഒറ്റ എഫ്ഡിഐ സ്രോതസ്സ് വിപണിയായി യുഎസിനെ മറികടന്ന് ഇന്ത്യ മുന്നിട്ടുനില്‍ക്കുകയാണ്. അതിനാല്‍ തന്നെ ഇന്ത്യയുടെ വിപണി സ്രോതസിനെയും നിക്ഷേപങ്ങളെയും ആശ്രയിച്ചാണ് ഇന്ന് ലണ്ടന്‍ തങ്ങളുടെ ഭാവി പദ്ധതികള്‍ തയ്യാറാക്കുന്നത്. അടുത്തിടെ, ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ 'ഗ്രോത്ത് പ്ലാന്‍' എന്ന ഒരു വളര്‍ച്ച പദ്ധതി അവതരിപ്പിച്ചു. ഈ പദ്ധതിയില്‍ അദ്ദേഹം എടുത്തു പറഞ്ഞിരിക്കുന്ന ഒരു കാര്യം തങ്ങളുടെ വിദേശനിക്ഷേപത്തിന്റെ ഏറ്റവും വലിയ സ്രോതസ്സ് ഇന്ത്യയാണ് എന്നുള്ളതാണ്.

അടുത്ത ദശകത്തില്‍ ലണ്ടന്റെ സമ്പദ്വ്യവസ്ഥ 107 ബില്യണ്‍ പൗണ്ട് വികസിപ്പിക്കാനും പൊതു സേവനങ്ങള്‍ക്കായി 27 ബില്യണ്‍ പൗണ്ട് അധിക നികുതി സമാഹരിക്കാനും ലക്ഷ്യമിടുന്നതാണ് മേയര്‍ സാദിഖ് ഖാന്‍ അവതരിപ്പിച്ചിരിക്കുന്ന 'വളര്‍ച്ചാ പദ്ധതി'. ലണ്ടന്റെ ഈ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇന്ത്യയുടെ വലിയ സംഭാവന കൂടിയേ തീരൂ. ഇന്ത്യന്‍ നിക്ഷേപത്തെ കൂടാതെ ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധരായ പ്രൊഫഷണലുകളെയും ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ ലണ്ടന് ആവശ്യമുണ്ട്. അതായത് ഇന്ത്യക്കാരുടെ പണവും ഇന്ത്യക്കാരുടെ ബുദ്ധിയും ഉണ്ടെങ്കില്‍ മാത്രമേ ലണ്ടന് സ്വപ്നം കാണുന്ന വളര്‍ച്ച കൈവരിക്കാന്‍ കഴിയുകയുള്ളൂ.നിലവില്‍ ലണ്ടനിലെ ഏറ്റവും വലിയ നിക്ഷേപസ്രോതസ്സ് ഇന്ത്യയില്‍ നിന്നുള്ള വിദേശനിക്ഷേപമാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ലണ്ടന്‍ വിപണിയെ അടക്കിഭരിക്കുന്നത് ഇന്ത്യന്‍ നിക്ഷേപകര്‍ തന്നെയാണ്. ഇന്ത്യയില്‍ നിന്നുള്ള നിരവധി ടെക് കമ്പനികള്‍ ഇതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും വിനോദസഞ്ചാരികളെയും ലണ്ടന്‍ ലക്ഷ്യമിടുന്നു. ബ്രിട്ടന്റെ വരുമാനസ്രോതസ്സിന്റെ കാതലായ ഒരു ഭാഗം സമ്മാനിക്കുന്നതില്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും വലിയ പങ്കുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് മാത്രം 38,625 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആണ് ലണ്ടനില്‍ പഠിക്കുന്നത്. ലണ്ടനിലെ മൊത്തം അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ 20% ആണ് ഇന്ത്യക്കാരായി ഉള്ളത്. ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമായ ബന്ധം സൃഷ്ടിക്കുന്നതില്‍ ഈ വിദ്യാര്‍ത്ഥികളുടെ പങ്ക് ഒട്ടും ചെറുതല്ല. ലണ്ടന്റെ സമ്പദ് വ്യവസ്ഥയ്ക്കും ഇവര്‍ വലിയ പങ്കു നല്‍കുന്നുണ്ട്. കൂടാതെ ബ്രിട്ടനിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളില്‍ മികച്ച സംഭാവനകള്‍ നല്‍കുന്നത് ഇന്ത്യന്‍ ഐടി കമ്പനികള്‍ ആണ്. ഇന്ത്യയില്‍ വേരുകളുള്ള പല ടെക് കമ്പനികളും തങ്ങളുടെ രണ്ടാമത്തെ ഭവനമായി കാണുന്നത് ലണ്ടനെയാണ്. ഈ കാരണങ്ങളാല്‍ കൊണ്ട് തന്നെ ലണ്ടന്‍ സമ്പദ് വ്യവസ്ഥ ഇന്ന് ഇന്ത്യയെ വലിയ അളവില്‍ ആശ്രയിക്കുന്നു. ചുരുക്കത്തില്‍ ഒരുകാലത്ത് ഇന്ത്യയെ തങ്ങളുടെ കോളനിയാക്കി അടിച്ചമര്‍ത്തി ഭരിച്ചിരുന്ന ബ്രിട്ടീഷ് ജനത ഇന്ന് ഇന്ത്യക്കാരായ പ്രതിഭകളുടെ കഴിവുകള്‍ കൊണ്ടും പണം കൊണ്ടുമാണ് ഇന്ന് തങ്ങളുടെ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നത്.

 
Other News in this category

 
 




 
Close Window