Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
ആരോഗ്യരംഗം അടിമുടി മാറ്റുന്ന കണ്ടുപിടിത്തുവുമായി മലയാളികള്‍
reporter

ലണ്ടന്‍: ഡോക്ടറേ ആ സാധനം നെഞ്ചില്‍ വച്ചൊന്നു നോക്കിയേ എന്നു പറയുന്ന കാലം കഴിയുന്നു. രോഗിക്കു തന്നെ ഉപയോഗിക്കാവുന്ന സ്റ്റെതസ്‌കോപ്; എഐ അധിഷ്ഠിത ഉപകരണം ലോകമെങ്ങും ലഭ്യമാകുന്ന കാലം വരുന്നു. മൊബൈല്‍ ഫോണിന്റെ മൈക്ക് നെഞ്ചോടു ചേര്‍ത്തുവച്ചാല്‍ എന്താണ് സാഹചര്യം എന്നു വിശദീകരിക്കുന്ന എഐ സ്റ്റെതസ്‌കോപ്പിന്റെ നിര്‍മാണം പൂര്‍ത്തിയായി ക്ലിനിക്കല്‍ ട്രയല്‍ പുരോഗമിക്കുകയാണ്. ക്ലാസിഫിക്കേഷന്‍ അനുമതി കൂടിയായാല്‍ രോഗികളിലേയ്ക്കെത്താന്‍ അധികസമയം വേണ്ടിവരില്ല. യുകെയില്‍ വെയില്‍സ് കേന്ദ്രമായി മലയാളി ഗവേഷകര്‍ സ്ഥാപിച്ച ലൈനെക് എന്ന സ്റ്റാര്‍ട് അപ് കമ്പനിയാണ് എഐ അധിഷ്ഠിത സ്റ്റെതസ്‌കോപ് നിര്‍മാണത്തിന് പിന്നില്‍. കമ്പനി സിഇഒ കൊച്ചി സ്വദേശി ജെയ്സ് ജോണും ചീഫ് ടെക്നിക്കല്‍ ഓഫിസര്‍ (സിടിഒ) ആലപ്പുഴ സ്വദേശിനി ഡോ. ആരതി വര്‍ഗീസുമാണ്. ഇതിനകം ഏഴു കോടിയോളം ഇന്ത്യന്‍ രൂപ ഗവേഷണത്തിനായി ഇന്നൊവേറ്റീവ് യുകെയും എന്‍എച്ച്എസും വെയില്‍സ് ഗവണ്‍മെന്റുമെല്ലാം ഇവര്‍ക്കു നല്‍കിക്കഴിഞ്ഞു.

സ്റ്റെതസ്‌കോപ് കണ്ടുപിടിച്ച ഡോ. റിനെ ലൈനെക്കിന്റെ പേരാണ് കമ്പനിക്കു നല്‍കിയിരിക്കുന്നത്. രോഗികളുടെ നെഞ്ചില്‍ ചെവി ചേര്‍ത്തുവച്ച് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ശബ്ദം പിടിച്ചെടുത്ത് രോഗനിര്‍ണയം നടത്തുന്നതായിരുന്നു പഴയ രീതി. സ്ത്രീകളുടെ നെഞ്ചില്‍ ചെവി ചേര്‍ത്തുവയ്ക്കുന്നത് ശരിയല്ലെന്നു തോന്നിയ ലൈനെക് ഇതിനൊരു പരിഹാരമായാണ് ആദ്യം 17-ാം നൂറ്റാണ്ടില്‍ (1816) പേപ്പര്‍ ചുരുട്ടി നിര്‍മിച്ച സ്റ്റെതസ്‌കോപ് നിര്‍മിക്കുന്നത്. ഇത് സാവകാശം വികസിപ്പിച്ചാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന സ്റ്റെതസ്‌കോപ് വരെ എത്തിയത്. സാധാരണ ഒരാള്‍ക്ക് ഇതിലൂടെയുള്ള ശബ്ദം കേട്ടാല്‍ പ്രത്യേകിച്ച് ഒന്നും മനസ്സിലായെന്നു വരില്ല. പക്ഷേ പരിചയസമ്പന്നരായ ഡോക്ടര്‍മാര്‍ രോഗിയുടെ സാഹചര്യം തിരിച്ചറിഞ്ഞ് മരുന്നു കുറിക്കുന്നതില്‍ സ്റ്റെതസ്‌കോപ് മുഖ്യപങ്കുവഹിക്കുന്നു. ചെവി കേള്‍ക്കാത്തവരും വൃദ്ധരുമായ ഡോക്ടര്‍മാര്‍ എങ്ങനെ ഇത് ഉപയോഗപ്പെടുത്തും എന്നത് ഊഹിക്കാവുന്നതേയുള്ളൂ. ഈ സാഹചര്യത്തിലാണ് ഡിജിറ്റല്‍ സ്റ്റെതസ്‌കോപ്പുകള്‍ എത്തുന്നത്.

കോവിഡ് കാലത്ത് രോഗിയുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തേണ്ട സാഹചര്യമുണ്ടായപ്പോഴാണ് രോഗിക്കു തന്നെ ഉപയോഗിക്കാവുന്ന സ്റ്റെതസ്‌കോപ്പിനെ കുറിച്ച് ആലോചിക്കുന്നതെന്ന് ജെയ്സ് ജോണ്‍ പറയുന്നു. എഐ യുഗത്തിലേക്ക് ചുവടുവച്ച സമയത്തു തന്നെ എഐ ഉപയോഗിച്ചുള്ള സ്റ്റെതസ്‌കോപ്പില്‍ ഗവേഷണം ആരംഭിച്ചുകഴിഞ്ഞിരുന്നു ജെയ്സും ആരതിയും. ഐഫോണ്‍ പുതിയ തലമുറ ഫോണുകളില്‍ ഉള്‍പ്പെടെ നേരിട്ട് മൈക്ക് ഉപയോഗിക്കാമെങ്കില്‍ അതിനു സാധിക്കാത്ത ഫോണുകള്‍ക്കായി പുറമേ ഘടിപ്പിക്കാവുന്ന മൈക്കിന്റെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്. ന്മതുടക്കത്തില്‍ ശ്വാസകോശ രോഗികള്‍ക്ക്! യുകെയില്‍ എന്‍എച്ച്എസ് ആശുപത്രികളിലെ ആറില്‍ ഒരു കിടക്കയും ശ്വാസകോശ രോഗികളുടെ കിടപ്പു ചികിത്സയ്ക്കാണ് ഉപയോഗിക്കപ്പെടുന്നത്. രോഗികളുടെ എണ്ണം ഇത്രത്തോളം ഇല്ലെങ്കിലും ശ്വാസം ലഭിക്കാതെ മരണം മുന്നില്‍ കാണേണ്ടി വരുന്നവര്‍ ആയതിനാല്‍ കിടപ്പു ചികിത്സ കൂടുതലായും വേണ്ടിവരുന്നത് ഇവര്‍ക്കാണ് എന്നതാണ് കാരണം. ആസ്ത്മ, സിഒപിഡി രോഗികള്‍ക്ക് എഐ സ്റ്റെതസ്‌കോപ് ഉപയോഗിക്കാനായാല്‍ ലക്ഷണം കണ്ടുതുടങ്ങുമ്പോള്‍ തന്നെ വീട്ടിലിരുന്ന് രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാം എന്നതാണ് നേട്ടം. ഇതു തിരിച്ചറിഞ്ഞാണ് എന്‍എച്ച്എസിന്റെ റിസേര്‍ച് വിഭാഗം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ആന്‍ഡ് കെയര്‍ റിസേര്‍ച് കമ്പനിക്കായി പണം ചെലവഴിക്കാന്‍ മുന്നോട്ടുവരുന്നത്.

തുടക്കത്തില്‍ ശ്വാസകോശ രോഗികള്‍ക്ക് ഉപയോഗിക്കാവുന്ന എഐ സ്റ്റെതസ്‌കോപ് വിപണിയിലെത്തിക്കാനാണ് ശ്രമം. തൊട്ടുപിന്നാലെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുകൂടി ഉപയോഗിക്കാവുന്ന രീതിയിലുള്ളതായി ഇതു മാറും. സ്പന്ദനങ്ങള്‍ കൊണ്ടു തിരിച്ചറിയാവുന്ന കൂടുതല്‍ രോഗങ്ങള്‍ക്കുള്ള നിര്‍ണയ, നിരീക്ഷണ സാധ്യതകള്‍ കൂടി ഗവേഷണത്തിന്റെ പരിധിയിലുണ്ട്. ഇതു പ്രവര്‍ത്തിക്കാന്‍ ഫോണിന്റെ മൈക്ക് നെഞ്ചിലേയ്ക്ക് വച്ചാല്‍ മതിയാകും. ഐഫോണില്‍ പ്രവര്‍ത്തിക്കാന്‍ ഫോണിന്റെ തന്നെ മൈക്ക് മതിയാകും. ആന്‍ഡ്രോയിഡിനുള്ള സോഫ്റ്റ്വെയര്‍ സ്റ്റെതസ്‌കോപ് നിര്‍മാണവും പൂര്‍ത്തിയാകുന്നുണ്ട്. അതേസമയം തന്നെ ഫോണ്‍ സ്പര്‍ശിക്കാതെ ഹൃദയസ്പന്ദനം റെക്കോര്‍ഡു ചെയ്യാവുന്ന ഫോണില്‍നിന്നു പുറത്തേയ്ക്കുള്ള മൈക്ക് കൂടി ഡവലപ് ചെയ്യുന്നുണ്ട്. ഇതോടൊപ്പം ഡോക്ടര്‍മാര്‍ക്ക് ഉപയോഗിക്കാനുള്ള വേര്‍ഷനും പണിപ്പുരയിലാണ്.

വൃദ്ധര്‍ക്കും എളുപ്പം ഉപയോഗിക്കാം വൃദ്ധരായ രോഗികള്‍ക്കുപോലും വീട്ടിലിരുന്ന് വളരെ ആയാസരഹിതമായി പരിശോധന നടത്താവുന്നതാണ് എഐ സ്റ്റെതസ്‌കോപ്. സിഒപിഡി പോലെ ഗുരുതര ശ്വാസകോശ രോഗമുള്ളവര്‍ക്ക് ദിവസവും രോഗം മൂലം ബുദ്ധിമുട്ടുണ്ടാകുകയും ഗുരുതരാവസ്ഥയിലേയ്ക്കു പോകുന്ന സാഹചര്യമുണ്ടാകുകയും ചെയ്യുന്നതാണ് പതിവ്. അതേസമയം തുടക്കത്തില്‍ തന്നെ സ്റ്റെത് ഉപയോഗിച്ച് അസുഖസാധ്യത കണ്ടുപിടിക്കാനായാല്‍ ബുദ്ധിമുട്ടിലേയ്ക്കു പോകുന്ന സാഹചര്യം ഒഴിവാകും. ഇതേസമയം തന്നെ സ്പന്ദനങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും സാഹചര്യം വ്യാഖ്യാനിക്കുകയും ചെയ്യും. എന്താണ് യഥാര്‍ഥ കാരണം എന്നു വിശദീകരിക്കും. ടെലി, ഓണ്‍ലൈന്‍ കണ്‍സള്‍ട്ടിങ് ചെയ്യുന്ന സാഹചര്യത്തില്‍ വാട്സാപ്പില്‍ ഒരു പടം പങ്കുവയ്ക്കുന്നതുപോലെ ശബ്ദമോ റിപ്പെര്‍ട്ടോ ഡോക്ടര്‍ക്ക് അയച്ചുകൊടുക്കാം. ഡോക്ടര്‍ക്ക് കുറിപ്പടി തയാറാക്കി തിരിച്ചയയ്ക്കാനും സാധിക്കും. ന്മഡവലപ്മെന്റ് കൊച്ചിയില്‍ നിലവില്‍ വെയില്‍സിലാണ് കമ്പനി റജിസ്റ്റര്‍ ചെയ്തിട്ടുള്ളതെങ്കിലും ഇന്ത്യയില്‍ സബ്സിഡിയറി കമ്പനി റജിസ്റ്റര്‍ ചെയ്ത് കൊച്ചിയിലും സോഫ്റ്റ്വെയര്‍ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. ആകെ 15 പേരില്‍ താഴെ മാത്രം മുഴുവന്‍ സമയ ജീവനക്കാരാണ് കമ്പനിക്കായി പ്രവര്‍ത്തിക്കുന്നത്. ബര്‍മിങ്ങാം സിറ്റി യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള സൈബര്‍ സെക്യൂരിറ്റി, എഐ എന്‍ജീനിയര്‍മാരും ലൈനെക്കിനായി പ്രവര്‍ത്തിക്കുന്നുണ്ട്. യുകെയിലാണ് ക്ലിനിക്കല്‍ ടെസ്റ്റുകള്‍ പുരോഗമിക്കുന്നത്.

അതേസമയം ലോകത്ത് എവിടയുള്ളവര്‍ക്കും ഉപയോഗിക്കാവുന്ന ഉല്‍പന്നമായി മാറുന്നതായിരിക്കും എഐ സ്റ്റെതസ്‌കോപ്. യുകെ, ഇയു, ഇന്ത്യന്‍ വിപണികളാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യം വയ്ക്കുന്നത്. ക്ലാസിഫിക്കേഷന്‍ അനുമതികള്‍ ലഭിക്കുകയാണെങ്കില്‍ ഒരുപക്ഷേ ഇന്ത്യന്‍ വിപണിയില്‍ ആദ്യം ഇറക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കമ്പനി സിടിഒ ആരതി വര്‍ഗീസ് പറയുന്നു. ന്മഉയര്‍ന്ന കൃത്യത ക്ലിനിക്കല്‍ ട്രയലുകള്‍ ആരംഭിക്കുന്നതിനു മുന്നോടിയായുള്ള ലാബ് പരിശോധനകളില്‍ തന്നെ 91 ശതമാനം കൃത്യതയാണ് ലൈനെക് സ്റ്റെതസ്‌കോപ് കാണിക്കുന്നത്. ഇതാകട്ടെ, പൊതുവില്‍ ലഭ്യമാകുന്ന അഞ്ചു മണിക്കൂര്‍ വച്ചുള്ള പരീക്ഷണത്തിലാണ്. ഇത് കൂടുതല്‍ മണിക്കൂറുകളിലേയ്ക്ക് ക്ലിനിക്കല്‍ ട്രയലായി എത്തുമ്പോള്‍ ഉയര്‍ന്ന കൃത്യത പ്രകടമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി സിഇഒ ജെയ്സ് ജോണ്‍ പറയുന്നു.

 
Other News in this category

 
 




 
Close Window