Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലും കോണ്‍സുലേറ്റ് തുറന്ന് ഇന്ത്യ
reporter

മാഞ്ചസ്റ്റര്‍: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റിന് പിന്നാലെ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലും കോണ്‍സുലേറ്റ് തുറന്ന് ഇന്ത്യ. വനിതാ ദിനത്തിലാണ് അയര്‍ലന്‍ഡ് സന്ദര്‍ശനം കഴിഞ്ഞു യുകെയിലേക്ക് മടങ്ങിയെത്തിയ കേന്ദ്രമന്ത്രി ഡോ. എസ്. ജയശങ്കര്‍ മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ യുകെയില്‍ വീണ്ടും കോണ്‍സുലേറ്റുകള്‍ സ്ഥാപിക്കുന്നത്. ഇതോടെ യുകെയില്‍ ആകെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളുടെ എണ്ണം നാലായി. ലണ്ടനിലെ ഹൈക്കമ്മീഷന്‍ കൂടാതെ എഡിന്‍ബറോയിലും ബര്‍മിങ്ങാമിലും ഇന്ത്യക്ക് കോണ്‍സുലേറ്റുകള്‍ ഉണ്ട്. ഇന്ത്യയും യുകെയും തമ്മിലുള്ളത് വളരെ ആഴമേറിയതും പങ്കാളിത്തമാണെന്നും സമീപകാലത്ത് യുകെയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) പുരോഗതിയിലേക്ക് എത്തുന്നതില്‍ ഏറെ സന്തോഷം ഉണ്ടെന്നും എസ്. ജയശങ്കര്‍ പറഞ്ഞു.

മാഞ്ചസ്റ്റര്‍ മേഖലയുമായുള്ള ഇന്ത്യയുടെ വ്യാപാരം നിലവില്‍ 700 ദശലക്ഷം പൗണ്ടാണെന്നും 300ല്‍പ്പരം ഇന്ത്യന്‍ കമ്പനികള്‍ക്ക് ഈ മേഖലയില്‍ സാന്നിധ്യമുണ്ട്. നിര്‍ദിഷ്ട എഫ്ടിഎ വ്യാപാരത്തിനും നിക്ഷേപത്തിനുമപ്പുറം ഉഭയകക്ഷി ബന്ധങ്ങളില്‍ മാറ്റം വരുത്തുവാന്‍ കോണ്‍സുലേറ്റുകള്‍ സഹായിക്കുമെന്നും മാഞ്ചസ്റ്ററിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റികളുടെ ദീര്‍ഘകാല ആഗ്രഹം നിറവേറ്റാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഉദ്ഘാടന ചടങ്ങില്‍ ബ്രിട്ടിഷ് ഉപപ്രധാനമന്ത്രി ഏഞ്ചല റെയ്നര്‍, സഹമന്ത്രി കാതറിന്‍ എലിസബത്ത് വെസ്റ്റ്, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഡപ്യൂട്ടി മേയര്‍ പോള്‍ ഡെന്നറ്റ്, സ്റ്റോക്ക്‌പോര്‍ട്ട് എംപിയും ഇന്ത്യന്‍ വംശജനുമായ നവേന്തു പ്രഭാത് മിശ്ര, ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ വിക്രം ദൊരൈസ്വാമി എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു. തുടര്‍ന്ന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ മലയാളികളുടേത് ഉള്‍പ്പെടെയുള്ള വിവിധ ഇന്ത്യന്‍ കമ്മ്യൂണിറ്റികളുമായും വ്യവസായ പ്രമുഖരുമായും എസ്. ജയശങ്കര്‍ ആശയവിനിമയം നടത്തി.

തുടര്‍ന്ന് ഉപപ്രധാനമന്ത്രി ഏഞ്ചല റെയ്നറുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയ ശേഷം ഞായറാഴ്ച ഇന്ത്യയിലേക്ക് മടങ്ങി. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ വെച്ച് നടന്ന ജി-20 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാര്‍മെറും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ആണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യുകെയില്‍ രണ്ട് ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ കൂടി സ്ഥാപിക്കുവാന്‍ ധാരണയായത്.

 
Other News in this category

 
 




 
Close Window