ലണ്ടന്‍: തന്റെ സ്വത്ത് തട്ടിയെടുക്കാന്‍ നടത്തിയ നീക്കത്തിന് തടയിട്ട് 'പരേത'. നൈജീരിയന്‍ സ്വദേശിനിയായ ജൂണ്‍ അഷിമോള (55) മരിച്ചുവെന്ന് വ്യാജരേഖ ചമച്ചാണ് ടോണി അഷികോടി എന്ന തട്ടിപ്പുകാരനും കൂട്ടാളികളും ഇവരുടെ വീട് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. 2018ല്‍ ബ്രിട്ടനില്‍ നിന്ന് നൈജീരിയയിലേക്ക് പോയ ജൂണ്‍ അഷിമോള പിന്നീട് മടങ്ങിയെത്തിയിരുന്നില്ല. 2022 ഒക്ടോബറില്‍, 1993ല്‍ ജൂണ്‍ അഷിമോളയെ വിവാഹം കഴിച്ചെന്ന് അവകാശപ്പെട്ട് ബകരെ ലസിസി എന്നയാള്‍ക്ക് വേണ്ടി റൂത്ത് സാമുവല്‍ എന്നയാള്‍ പവര്‍ ഓഫ് അറ്റോര്‍ണി നേടി.
ജൂണ്‍ അഷിമോള 2019ല്‍ നൈജീരിയയില്‍ മരിച്ചുവെന്നും അവര്‍ക്ക് വില്‍പത്രം ഇല്ലെന്നും അറിയിച്ച തട്ടിപ്പുകാര്‍ മരണ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ഹാജരാക്കി. ഇതോടെ ഇവര്‍ മരിച്ചതായി ചൂണ്ടിക്കാട്ടി വീട് വില്‍ക്കാന്‍ നടത്തിയ ശ്രമം നൈജീരിയയില്‍ നിന്ന് വിഡിയോയോ കോള്‍ വഴി കോടതിയില്‍ ഹാജരായി ജൂണ്‍ അഷിമോള തകര്‍ക്കുകയായിരുന്നു. 350,000 പൗണ്ടിന്റെ ലണ്ടനിലെ വീട് തട്ടിയെടുക്കാനാണ് തട്ടിപ്പുകാര്‍ ശ്രമിച്ചത്. 1996ല്‍ തട്ടിപ്പ് നടത്തി സ്വത്ത് സമ്പാദിച്ച കേസില്‍ മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ടോണി അഷികോടി കോടതിയെ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചെന്നും തട്ടിപ്പിന് പിന്നില്‍ അദ്ദേഹമാണെന്നും കോടതി കണ്ടെത്തി.
താന്‍ ജീവിച്ചിരിപ്പുണ്ടെന്നും മരണ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും വൂള്‍വിച്ചിലെ വീട് അനധികൃതമായി കൈവശപ്പെടുത്തിയെന്നും ജൂണ്‍ അഷിമോള കോടതിയെ അറിയിച്ചു. ജൂണ്‍ അഷിമോളയെ വിവാഹം കഴിച്ചെന്ന് അവകാശപ്പെട്ട ബകരെ ലസിസി എന്നൊരാള്‍ ഇല്ലെന്നും വിവാഹ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും കോടതി കണ്ടെത്തി. പവര്‍ ഓഫ് അറ്റോര്‍ണിയാണ് വ്യാജരേഖ ചമച്ചത്. മരണ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ ഹാജരാക്കാത്തതും അതിന്റെ ഉറവിടം വ്യക്തമാക്കാത്തതും വ്യാജമാണെന്ന് തെളിയിക്കാന്‍ കാരണമായി. ടോണി അഷികോടിയും റൂത്ത് സാമുവലും ഇതില്‍ നേരിട്ട് പങ്കാളികളോ വ്യാജമാണെന്ന് അറിഞ്ഞവരോ ആണെന്ന് കോടതി വിലയിരുത്തി.