ലണ്ടന്‍: നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ യുകെ ആരോഗ്യ മന്ത്രി വെസ് സ്ട്രീറ്റിങ്ങിന്റെ അസിസ്റ്റന്റ് അറസ്റ്റിലായി. 13 വയസ്സുള്ള പെണ്‍കുട്ടിയോട് അതിക്രമം കാട്ടിയ പ്രതി സാം ഗൗള്‍ഡ് (33) ആണ് പിടിയിലായത്. അതിക്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ പെണ്‍കുട്ടിയുടെ രക്ഷയ്ക്കെത്തിയത് വഴിപോക്കനായ ഒരാളാണ്. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന സാം ഗൗള്‍ഡിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. റെഡ്ബ്രിജ് കൗണ്‍സിലറും ലേബര്‍ പാര്‍ട്ടിയുടെ മുന്‍ പാര്‍ലമെന്റ് സ്ഥാനാര്‍ഥിയുമാണ് സാം. സംഭവത്തിന് പിന്നാലെ ലേബര്‍ പാര്‍ട്ടി സാമിനെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അതിക്രമത്തിന് ഇരയായ തന്റെ മകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും പേടിയാണെന്ന് അമ്മ വെളിപ്പെടുത്തി.
കുറ്റം സമ്മതിച്ചിട്ടും സാം ഗൗള്‍ഡിനെ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നും പുറത്താക്കാത്തതില്‍ കുടുംബം ഞെട്ടല്‍ അറിയിച്ചു. സുഹൃത്തുക്കളെ കാണാനായി നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയുടെ മുന്നില്‍ വച്ച് വസ്ത്രങ്ങള്‍ നീക്കി സാം ലൈംഗിക പ്രദര്‍ശനം നടത്തുകയായിരുന്നു. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച വ്യക്തിയാണ് വാഹന റജിസ്ട്രേഷന്‍ നമ്പര്‍ വഴി പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്. ഈസ്റ്റ് ലണ്ടനിലെ റോംഫോര്‍ഡില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ആരോഗ്യ മന്ത്രിയുടെ ഇല്‍ഫോര്‍ഡ് പാര്‍ലമെന്റ് മണ്ഡലം ഓഫിസില്‍ നിന്ന് പ്രതി രാജിവെച്ചിട്ടുണ്ട്. റെഡ്ബ്രിജ് കൗണ്‍സിലില്‍ നിന്നും രാജി വയ്ക്കാന്‍ മന്ത്രി സാം ഗൗള്‍ഡിനോട് ആവശ്യപ്പെട്ടു.