ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തിനെ കാണാന്‍ ഡല്‍ഹിയിലെത്തിയ യുകെ സ്വദേശിനി ഹോട്ടലില്‍ വെച്ച് പീഡനത്തിനിരയായെന്ന് പരാതി. ഡല്‍ഹി മഹിപാല്‍പൂരിലെ ഹോട്ടലില്‍ വെച്ച് പീഡനത്തിനിരയായി എന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് സുഹൃത്ത് കൈലാഷിനെയും ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വസീമിനെയും പൊലീസ് അറസ്റ്റ് ചെയ്തു.അവധി ആഘോഷത്തിനിടെ മഹാരാഷ്ട്രയും ഗോവയും സന്ദര്‍ശിക്കാനാണ് യുവതി യുകെയില്‍ നിന്ന് ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് കൈലാഷിനെ വിളിച്ച് ഒപ്പം വരാന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ തനിക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞ കൈലാഷ്, യുവതിയോട് ഡല്‍ഹിയിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു.
ചൊവ്വാഴ്ച യുവതി ഡല്‍ഹിയിലെത്തി മഹിപാല്‍പൂരിലെ ഒരു ഹോട്ടലില്‍ താമസിച്ചു. ഡല്‍ഹിയില്‍ എത്തിയ ശേഷവും യുവതി കൈലാഷിനെ വിളിച്ചു. തന്റെ സുഹൃത്തായ വസീമിനെയും കൂട്ടിയാണ് കൈലാഷ് ഹോട്ടലിലെത്തിയത്. തുടര്‍ന്ന് രാത്രി യുവതിയെ പീഡിപ്പിച്ചു എന്നാണ് പരാതി. പിറ്റേ ദിവസം രാവിലെ യുവതി വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. മാര്‍ഗനിര്‍ദേശം അനുസരിച്ച് പൊലീസ് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന് വിവരം കൈമാറി. അവിടെ നിന്നുള്ള ഉദ്യോഗസ്ഥര്‍ യുവതിക്ക് സഹായം നല്‍കുന്നുണ്ട്.