|
ജോലിക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ട് സ്ഥാപനം ലാഭത്തിലാക്കാമെന്നുള്ള ഉട്ടോപ്യന്‍ പദ്ധതിയെക്കുറിച്ച് ഗവേഷണം നടത്തുകയാണ് യുകെയിലെ ലേബര്‍ സര്‍ക്കാര്‍. ആദ്യം എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ആയിരക്കണക്കിന് ജീവനക്കാരെ ഒഴിവാക്കാനാണ് ശ്രമം. പിന്നീട് എല്ലാ വകുപ്പുകളിലും പിരിച്ചു വിടല്‍ നടപ്പാക്കും. അങ്ങനെ 353 ബില്ല്യണ്‍ പൗണ്ട് ചെലവ് കുറയ്ക്കാമെന്നുള്ള കണ്ടെത്തല്‍ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുകയാണ് അവര്‍ തന്നെ ഏര്‍പ്പെടുത്തിയ എച്ച് ആര്‍ വിദഗ്ധര്‍.
എന്‍എച്ച്എസ് ഇംഗ്ലണ്ടിനെ അടിമുടി പരിഷ്‌കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആശങ്കയിലാക്കി. എന്നാല്‍ ഈ വെട്ടിനിരത്തല്‍ എന്‍എച്ച്എസ് മാത്രം ഒതുങ്ങില്ലന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് ഗവണ്‍മെന്റ് വകുപ്പുകളില്‍ നിന്നു ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ പിരിച്ചുവിടാനും, അര്‍ദ്ധസര്‍ക്കാര്‍ തലത്തിലുള്ള സംഘങ്ങളെ ഒഴിവാക്കാനും പദ്ധതി തയ്യാറാക്കുന്നതായാണ് വിവരം.
ഗവണ്‍മെന്റുമായി അടുത്ത് ഇടപെടുന്ന ബുദ്ധികേന്ദ്രമായ ലേബര്‍ ടുഗതറാണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഈ നിര്‍ദ്ദേശങ്ങളില്‍ നം.10, ട്രഷറി എന്നിവിടങ്ങളില്‍ നിന്നും അനുകൂല പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. 'പ്രൊജക്ട് ചെയിന്‍സോ' അഥവാ അറക്കവാള്‍ പ്രൊജക്ട് എന്നാണ് ഈ പദ്ധതിക്ക് നാമകരണം ലഭിച്ചിരിക്കുന്നത്. എലണ്‍ മസ്‌ക് യുഎസില്‍ വെട്ടിനിരത്തല്‍ നടത്തുന്നതിനെ സൂചിപ്പിച്ച് അറക്കവാള്‍ പൊക്കിപ്പിടിച്ചിരുന്നു. ഇതാണ് യുകെയിലും ആവര്‍ത്തിക്കുന്നത്.
ഗവണ്‍മെന്റ് വകുപ്പുകളുടെ തീരുമാനമെടുക്കാന്‍ പുറമെയുള്ള റെഗുലേറ്ററെയും, മറ്റ് അര്‍ദ്ധസര്‍ക്കാര്‍ സംഘങ്ങളെയും ആശ്രയിക്കുന്ന പരിപാടി അവസാനിപ്പിക്കാന്‍ കീര്‍ സ്റ്റാര്‍മര്‍ കഴിഞ്ഞ ക്യാബിനറ്റ് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഗവണ്‍മെന്റ് തീരുമാനങ്ങള്‍ 'ഔട്ട്സോഴ്സ്' ചെയ്യുന്ന ട്രെന്‍ഡ് തുടരേണ്ടതില്ലെന്നാണ് പ്രധാനന്ത്രിയുടെ നിലപാട്. |