Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
എന്‍എച്ച്എസ് ഇംഗ്ലണ്ട് പിരിച്ചുവിട്ട് നിയന്ത്രണം ആരോഗ്യമന്ത്രാലയം ഏറ്റെടുക്കുന്നു
reporter

ലണ്ടന്‍: എന്‍എച്ച്എസ് ഇഗ്ലണ്ടിനെ പിരിച്ചുവിട്ട് ട്രസ്റ്റുകളുടെ പ്രവര്‍ത്തന നിയന്ത്രണം ആരോഗ്യമന്ത്രാലയത്തിനു കീഴിലാക്കും. ആരോഗ്യമേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനു തുടക്കം കുറിക്കുന്ന ഈ തീരുമാനം പ്രധാനമന്ത്രി സര്‍ കിയേര്‍ സ്റ്റാമെറാണ് ഇന്നലെ പ്രഖ്യാപിച്ചത്. സിവില്‍ സര്‍വീസ് കഴിഞ്ഞാല്‍ സര്‍ക്കാരില്‍നിന്നും നേരിട്ട് ഫണ്ട് ലഭിച്ച് പ്രവര്‍ത്തിച്ചിരുന്ന രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര ഭരണസംവിധാനമായിരുന്നു എന്‍എച്ച്എസ് ഇംഗ്ലണ്ട്. ആശുപത്രികളുടെയും ജിപികളുടെയും കമ്യൂണിറ്റി ഹെല്‍ത്ത് സര്‍വീസിന്റെയുമെല്ലാം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത് എന്‍എച്ച്എസ് ഇംഗ്ലണ്ടാണ്. ഇനി മുതല്‍ ഇവയുടെയെല്ലാം പ്രവര്‍ത്തനം ആരോഗ്യ- സാമൂഹ്യക്ഷേമ മന്ത്രാലയം (ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ മിനിസ്ട്രി) നേരിട്ടാകും നിയന്ത്രിക്കുക.

14,400 പേര്‍ ജോലി ചെയ്തിരുന്ന എന്‍എച്ച്എസ് ഇംഗ്ലണ്ട് എന്ന ഭരണസംവിധാനം ഇല്ലാതാകുന്നതോടെ ആരോഗ്യഭരണരംഗത്തെ ചുവപ്പുനാട അപ്പാടെ ഇല്ലാതാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. പ്രതിവര്‍ഷം 500 മില്യന്‍ പൗണ്ടാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ പ്രവര്‍ത്തനചെലവായി മാത്രം വകയിരുത്തിയിരുന്നത്. ഇത് ഒഴിവാകുക മാത്രമല്ല, ആരോഗ്യമേഖലയുടെ പ്രവര്‍ത്തനം ജനാധിപത്യപരമായ ആധികാരകേന്ദ്രത്തിനു കീഴിലാകുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഹെല്‍ത്ത് എജ്യുക്കേഷന്‍, സ്റ്റാഫ് ട്രെയിനിങ്, ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ എന്നിവയെല്ലാം ഇതോടൊപ്പം ആരോഗ്യമന്ത്രാലയത്തിനു കീഴിലായി മാറും. ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ ആകെ 3,500 പേര്‍ മാത്രം ജോലി ചെയ്യുമ്പോഴാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് എന്ന വെള്ളാനയുടെ മറവില്‍ 14,400 പേര്‍ ജോലി ചെയ്തിരുന്നത്. രണ്ടുവര്‍ഷംകൊണ്ട് ഈ സംവിധാനം ഇല്ലാതാകുന്നതോടെ ഇതില്‍ 9,000 പേര്‍ക്കും ജോലി നഷ്ടമാകും. സാങ്കേതികമായി പറഞ്ഞാല്‍ ആരോഗ്യമേഖലയിലാണ് ഇവരെല്ലാം ജോലി ചെയ്യുന്നതെങ്കിലും ഇവരാരും ഫ്രണ്ട് ലൈന്‍ സ്റ്റാഫിന്റെ ഗണത്തില്‍ വരുന്നവരല്ല.

2012ലെ കണ്‍സര്‍വേറ്റീവ് സര്‍ക്കാരാണ് ട്രസറ്റുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനായി സമ്പൂര്‍ണ അധികാരങ്ങളോടെ ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് എന്ന സ്വതന്ത്ര സംവിധാനത്തിന് രൂപം നല്‍കിയത്. ആരോഗ്യമേഖലയിലെ രാഷ്ട്രീയ ഇടപെടല്‍ പൂര്‍ണമായും ഒഴിവാക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നില്‍. എന്നാല്‍ ചുരുങ്ങിയ കാലകൊണ്ട് ഇതൊരു സമാന്തര ഉദ്യോഗസ്ഥ ഭരണസംവിധാനമായി മാറുന്ന കാഴ്ചയാണ് കണ്ടത്. മാത്രമല്ല, ബ്യൂറോക്രസിയുടെ അതിപ്രസരം ട്രസ്റ്റുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സമാകുകയും ചെയ്തു. അത്യാഹിത വിഭാഗത്തിലെ മണിക്കൂറുകള്‍ നീളുന്ന കാത്തിരിപ്പു സമയം കുറയ്ക്കാനോ, സര്‍ജറികള്‍ ഉള്‍പ്പെടെയുള്ള ചികില്‍സകള്‍ക്കായുള്ള ദീര്‍ഘനാളത്തെ കാത്തിരിപ്പിന് അറുതി വരുത്താനോ എന്‍എച്ച്എസ് ഇംഗ്ലണ്ടിന് ഫലപ്രദമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സംവിധാനത്തിന്റെ നിലനില്‍പിനുവേണ്ടിയായിരുന്നു ഇക്കാലമത്രയും എന്‍എച്ച്എസ് ഇംഗ്ലണ്ട് ശ്രദ്ധ കേന്ദ്രീകരിച്ചത് എന്ന വിമര്‍ശനവുമുണ്ടായി. ഇതെല്ലാമാണ് ചരിത്രപരമായ ഒരു തീരുമാനത്തിലേക്ക് തിടുക്കത്തിലെത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. മുഖ്യ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു.

 
Other News in this category

 
 




 
Close Window