Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
പാസ്‌പോര്‍ട്ടും ഡ്രൈവിങ് ലൈസന്‍സുമടക്കം സകല രേഖകളും റദ്ദായി, നിങ്ങള്‍ മരിച്ചുപോയിയെന്ന് യുകെ അധികൃതരുടെ പ്രതികരണം
reporter

ലണ്ടന്‍: അപ്രതീക്ഷിത സംഭവങ്ങള്‍ നമ്മെ തേടിയെത്തുന്നത് സാധാരണമാണ്. എന്നാല്‍, ആരെങ്കിലും നിങ്ങളോട് നിങ്ങള്‍ മരിച്ചു പോയി എന്ന് പറഞ്ഞാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ഒരു നിമിഷത്തേക്ക് ഒന്ന് അമ്പരക്കും അല്ലേ? എന്നാല്‍, കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു സംഭവത്തില്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരു സ്ത്രീയ്ക്ക് ഒന്നല്ല ഒട്ടനവധി തവണയാണ് താന്‍ മരിച്ചുപോയി എന്ന് കേള്‍ക്കേണ്ടിവന്നത്. അതുമാത്രമല്ല മരിച്ചുപോയി എന്ന് ചൂണ്ടിക്കാട്ടി അവരുടെ ക്രെഡിറ്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും തടയപ്പെടുകയും ചെയ്തു. കിഡര്‍മിന്‍സ്റ്ററില്‍ നിന്നുള്ള 45 -കാരിയായ മസിതോകോസെ മോയോ എന്ന സ്ത്രീക്കാണ് ഇത്തരത്തില്‍ ഒരു ദുരനുഭവം ഉണ്ടായത്. ഒരു ദിവസം പെട്ടെന്ന് അവളുടെ ക്രെഡിറ്റ് കാര്‍ഡ് പ്രവര്‍ത്തനരഹിതമായി. എന്താണ് സംഭവിച്ചത് എന്ന് അറിയാന്‍ ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ നല്‍കിയ മറുപടി കാര്‍ഡ് ഉടമ മരിച്ചുപോയി എന്നായിരുന്നു. തെളിവായി മരണ സര്‍ട്ടിഫിക്കറ്റ് നമ്പര്‍ പോലും ജീവനക്കാര്‍ നല്‍കി.

ഔദ്യോഗിക രേഖകളില്‍ മരിച്ചതായി റെക്കോര്‍ഡ് ചെയ്യപ്പെട്ടതോടെ അധികം വൈകാതെ മോയോയുടെ പാസ്‌പോര്‍ട്ടും ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കി. ഒടുവില്‍ സ്വന്തം പണം ബാങ്കില്‍ നിന്നും പിന്‍വലിക്കാന്‍ കഴിയാതെ വന്നതോടെ അയല്‍ക്കാരില്‍ നിന്നും കടം വാങ്ങി ജീവിക്കേണ്ട അവസ്ഥയിലേക്ക് മോയോ എത്തുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഒരു ബാങ്ക് ജീവനക്കാരന്റെ ഭാഗത്തുനിന്നും വന്ന ചെറിയൊരു പിഴവാണ് ഈ പ്രശ്‌നങ്ങളെല്ലാം വരുത്തിവെച്ചത്. ഫെബ്രുവരി 5 -ന് മൊയോ തന്റെ നേരിട്ടുള്ള ഡെബിറ്റ് റദ്ദാക്കാന്‍ ബാങ്കിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ആ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടയില്‍ അത് ചെയ്ത ജീവനക്കാരന്‍ ഡെബിറ്റ് റദ്ദാക്കാനുള്ള കാരണമായി മരണം എന്ന് തെറ്റായി രേഖപ്പെടുത്തിയതാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമായത്.

ഈ ക്ലറിക്കല്‍ പിശക് എല്ലാ ഔദ്യോഗിക രേഖകളിലും അവളെ മരിച്ചതായി പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ചു. ഒടുവില്‍ താന്‍ മരിച്ചിട്ടില്ല ജീവിച്ചിരിപ്പുണ്ട് എന്ന തെളിയിക്കാന്‍ 16 ദിവസത്തോളം വിവിധ ഓഫീസുകളില്‍ കയറിയിറങ്ങേണ്ടി വന്നു മോയോയ്ക്ക്. ഇപ്പോള്‍ തനിക്ക് നേരിടേണ്ടിവന്ന മാനനഷ്ടം, വൈകാരിക ക്ലേശം, മാനസിക പീഡനം എന്നിവ ചൂണ്ടിക്കാട്ടി മൊയോ ഏകദേശം 56 കോടി രൂപയുടെ നഷ്ടപരിഹാര ക്ലെയിം ബാങ്കിനെതിരെ ഫയല്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, ബാങ്ക് മാപ്പ് പറയുക മാത്രമാണ് ഇതുവരെ ചെയ്തത്, നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടില്ല.

 
Other News in this category

 
 




 
Close Window