ലണ്ടന്‍: നാട്ടില്‍ ഹോസ്പിറ്റല്‍ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്തിരുന്ന സ്ത്രീ യുകെയിലെ സ്വകാര്യ ആശുപത്രിയില്‍ റേഡിയോഗ്രാഫറായി ജോലി നേടിയെടുത്ത് തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ഇന്ത്യയില്‍നിന്നുള്ള സ്മിത ജോണി ആണ് തട്ടിപ്പ് നടത്തിയത്. ഇവര്‍ മലയാളിയാണെന്ന് കരുതപ്പെടുന്നു. എന്നാല്‍ കേരളത്തില്‍ എവിടെയാണ് സ്വദേശം എന്ന് വ്യക്തമല്ല. തട്ടിപ്പ് നടത്തിയ സ്ത്രീക്കെതിരെ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പ്രഫഷന്‍സ് കൗണ്‍സില്‍ നടപടിയെടുത്തു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതിന് കൂടുതല്‍ നടപടികളുണ്ടാകുമെന്നാണ് കരുതുന്നത്.
23 വര്‍ഷത്തെ ജോലി പരിചയമുള്ളതായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയായിരുന്നു സ്മിത ജോണിയുടെ തട്ടിപ്പ്. 2021ല്‍ യുകെയിലേക്ക് കുടിയേറിയ സ്മിത ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പ്രഫഷന്‍സ് റജിസ്റ്ററില്‍ ചേരാന്‍ അപേക്ഷിച്ചു. ഇംഗ്ലിഷാണ് തന്റെ ആദ്യ ഭാഷയെന്നും അവകാശപ്പെട്ടിരുന്നു. എന്നാല്‍, 2023 ജനുവരിയില്‍ സറേയിലെ കാറ്റര്‍ഹാമിലെ സ്വകാര്യ ആശുപത്രിയായ നോര്‍ത്ത് ഡൗണ്‍സില്‍ സ്മിത ജോലിക്കെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. സ്മിതയുടെ ജോലിയിലെ പിഴവുകള്‍ സഹപ്രവര്‍ത്തകരില്‍ സംശയമുണ്ടാക്കി. റേഡിയോഗ്രാഫി സ്പെഷാലിറ്റിയില്‍ 23 വര്‍ഷത്തെ പരിചയമുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ വരുത്തുന്ന സാധാരണ തെറ്റുകള്‍ ആയിരുന്നില്ല സ്മിത വരുത്തിയിരുന്നത്. പിഴവുകള്‍ക്ക് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയിലെ ഹോസ്പിറ്റലില്‍ റിസപ്ഷന്‍ ഡെസ്‌കിലായിരുന്നു സ്മിത ജോലി ചെയ്തതെന്ന് കണ്ടെത്തിയത്. യുകെയില്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ സഹായത്തിനായി ഒരാള്‍ സ്മിതയ്ക്കൊപ്പമുണ്ടായിരുന്നു. വൈകാതെ തന്നെ സ്മിതയുടെ കഴിവില്‍ സഹപ്രവര്‍ത്തകര്‍ക്ക് സംശയം തോന്നി. സ്മിത രോഗികളുമായി ഇടപഴകുന്നതില്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്ന് മാനേജര്‍ ഫെര്‍ണാണ്ടോ പിന്റോ കണ്ടെത്തി. സംശയം തോന്നിയ മാനേജര്‍ ഒരു 'ഹിപ് എക്സ്-റേ' ആവശ്യപ്പെട്ടപ്പോള്‍ സ്മിത ഉപകരണം മാനേജരുടെ കാല്‍മുട്ടിന് നേരെയാണ് വച്ചത്. ഇതിനെ തുടര്‍ന്ന് സ്മിതയെ ആശുപത്രിയില്‍ നിന്ന് പുറത്താക്കി.