Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
സ്‌കോട്ട്‌ലന്‍ഡില്‍ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍
reporter

ലണ്ടന്‍: സ്‌കോട്ലന്‍ഡില്‍ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. സ്റ്റിര്‍ലിങ് യൂണിവേഴ്സിറ്റിയിലെ എബല്‍ തറയില്‍ (24) എന്ന വിദ്യാര്‍ഥിയുടെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. കോഴിക്കോട് സ്ഥിരതാമസമാക്കിയ തൃശൂര്‍ സ്വദേശികളാണ് എബലിന്റെ കുടുംബം. ബുധനാഴ്ച രാത്രി 9.30നാണ് ബ്രിട്ടിഷ് ട്രാന്‍സ്പോര്‍ട്ട് പൊലീസിനും സ്‌കോട്ടിഷ് ആംബുലന്‍സ് സര്‍വീസിനും റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയെന്ന വിവരം ലഭിക്കുന്നത്. സ്റ്റിര്‍ലിങിനും അലോവയ്ക്കും ഇടയിലുള്ള റെയില്‍വേ ട്രാക്കില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് സ്റ്റിര്‍ലിങിനും അലോവയ്ക്കും ഇടയിലുള്ള എല്ലാ സര്‍വീസുകളും സ്‌കോട്ട് റെയില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് സര്‍വീസുകള്‍ പുനഃരാരംഭിച്ചതെന്ന് സ്‌കോട്ട് റെയിലിന്റെ കസ്റ്റമര്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഫില്‍ കാംബെല്‍ അറിയിച്ചു.

എബലിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പൊലീസും വിശദമായ അന്വേഷണം നടത്തിവരുകയാണ്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ എബല്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഒന്നുമില്ലായിരുന്നുവെന്ന് കുടുംബാംഗങ്ങളും സഹപാഠികളും പറഞ്ഞു. അന്വേഷണങ്ങളുടെ ഭാഗമായി എബലിന്റെ സുഹൃത്തുക്കളെയും നാട്ടിലുള്ള അമ്മയെയും സഹോദരനെയും പൊലീസ് ബന്ധപ്പെട്ടുവരുന്നു. സ്റ്റിര്‍ലിങ് യൂണിവേഴ്സിറ്റിയില്‍ സ്പോര്‍ട്സ് മാനേജ്മെന്റ് എംഎസ് വിദ്യാര്‍ഥിയായിരുന്ന എബല്‍ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു. ഇത്രയേറെ സജീവമായിരുന്ന എബലിന്റെ മരണം വിദ്യാര്‍ഥികള്‍ക്കിടയില്‍ നടുക്കം ഉളവാക്കിയിട്ടുണ്ട്. സംസ്‌കാരം നാട്ടില്‍ നടത്താനാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിക്കുന്നത്. ഇതിനായുള്ള നടപടിക്രമങ്ങള്‍ വിവിധ മലയാളി സംഘടനകളുടെയും പൊതുപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടന്നുവരുന്നു.

 
Other News in this category

 
 




 
Close Window