ലണ്ടന്‍: ഇന്ത്യന്‍ ചരിത്ര ഗവേഷകയോട് രാജ്യം വിടാന്‍ നിര്‍ദേശിച്ച് യുകെ. ഓക്‌സ്ഫഡ് ഗവേഷക വിദ്യാര്‍ഥിനി ഡോ. മണികര്‍ണിക ദത്തയോടയാണ് (37) ഉടന്‍ രാജ്യം വിടാന്‍ യുകെ ഹോം ഓഫിസ് ആവശ്യപ്പെട്ടത്. ഐഎല്‍ആര്‍ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഓക്സ്ഫഡിലെ ഗവേഷക വിദ്യാര്‍ഥിനിയായ ഡോ. മണികര്‍ണിക ദത്തയ്ക്കെതിരെ ഹോം ഓഫിസിന്റെ നടപടി. നിലവില്‍ അയര്‍ലന്‍ഡിലെ ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളജില്‍ അസിസ്റ്റന്റ് പ്രഫസറാണ് ഡോ. മണികര്‍ണിക ദത്ത. 12 വര്‍ഷം മുന്‍പാണ് അവര്‍ യുകെയില്‍ എത്തിയത്. ഇവരുടെ ഭര്‍ത്താവും ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ സീനിയര്‍ ലക്ചററുമായ ഡോ. സൗവിക് നഹയ്ക്ക് ഐഎല്‍ആര്‍ അപേക്ഷയിന്മേല്‍ വീസ അനുവദിച്ചു. ഇന്ത്യയിലെ വിവിധ ചരിത്ര സ്മാരകങ്ങളെക്കുറിച്ചാണ് ഡോ. മണികര്‍ണിക ദത്ത ഗവേഷണം നടത്തുന്നത്. എന്നാല്‍ അനുവദനീയമായ പരിധിക്കപ്പുറം ഡോ. മണികര്‍ണിക ദത്ത യുകെയില്‍നിന്ന് വിട്ടുനിന്നു എന്നാണ് ഹോം ഓഫിസ് വീസ നിരസിച്ചുകൊണ്ട് അറിയിച്ചത്. വിദ്യാര്‍ഥി വീസയില്‍ എത്തുന്നവര്‍ ഐഎല്‍ആര്‍ അപേക്ഷ നല്‍കുമ്പോള്‍ പത്ത് വര്‍ഷ കാലയളവില്‍ 548 ദിവസം കൂടുതല്‍ രാജ്യത്ത് നിന്ന് വിട്ടുനില്‍ക്കരുതെന്ന ചട്ടം പാലിക്കണമെന്നും ഹോം ഓഫിസ് ചൂണ്ടിക്കാട്ടി. പക്ഷേ ഡോ. മണികര്‍ണിക ദത്ത 691 ദിവസം രാജ്യം വിട്ടുനിന്നു. ഓക്‌സ്ഫഡ് സര്‍വകലാശാല പോലെ പ്രശസ്തമായ കോളജില്‍ ഗവേഷണം നടത്തുന്ന വ്യക്തിയായ തന്റെ കക്ഷിയുടെ യാത്രകള്‍ അവരുടെ പഠനത്തിന്റെ ഭാഗമായിരുന്നു എന്ന് ഡോ. മണികര്‍ണിക ദത്തയുടെ അഭിഭാഷകനായ നാഗ കന്ദയ്യ പറഞ്ഞു.
പഠനത്തിന്റെ ഭാഗമായാണ് ഇന്ത്യയില്‍ തങ്ങിയതെന്ന് അറിയിച്ചിട്ടും ഹോം ഓഫിസ് നടപടി പിന്‍വലിച്ചിട്ടില്ല. യാത്രകള്‍ നടത്തിയിരുന്നില്ലെങ്കില്‍ തീസിസ് പൂര്‍ത്തിയാക്കാനോ അക്കാദമിക് ആവശ്യകതകള്‍ നിറവേറ്റാനോ കഴിയില്ലായിരുന്നുവെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് റിന്യൂവിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഉടന്‍ രാജ്യം വിടണമെന്നും സ്വമേധയാ പോകുന്നില്ലെങ്കില്‍ 10 വര്‍ഷത്തേക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുമെന്നും ഹോം ഓഫിസ് മുന്നറിയിപ്പ് നല്‍കി. മറ്റ് നിയമനടപടികളെ അഭിമുഖീകരിക്കേണ്ടതായും വരും. ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ ഇംപീരിയല്‍, പോസ്റ്റ്-കൊളോണിയല്‍ ചരിത്രത്തിലെ സീനിയര്‍ ലക്ചററും ഭര്‍ത്താവുമായ ഡോ. സൗവിക് നഹയോടൊപ്പമാണ് ഡോ. മണികര്‍ണിക ദത്ത യുകെയിലെ വെല്ലിങില്‍ താമസിക്കുന്നത്. രാജ്യം വിടണമെന്ന് പറഞ്ഞ് ഇമെയില്‍ ലഭിച്ചപ്പോള്‍ ഞെട്ടിപ്പോയെന്ന് ഡോ. മണികര്‍ണിക ദത്ത പ്രതികരിച്ചു. യുകെയിലെ വിവിധ സര്‍വകലാശാലകളില്‍ താന്‍ ജോലി ചെയ്യുന്നുവെന്നും 12 വര്‍ഷമായി ഇവിടെ താമസിക്കുന്ന ആളാണെന്നും ബിരുദാനന്തര ബിരുദം നേടാന്‍ ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ എത്തിയതിനുശേഷം ജീവിതത്തിന്റെ വലിയൊരു ഭാഗം യുകെയിലാണ് ജീവിച്ചത് എന്നും ഡോ. മണികര്‍ണിക ദത്ത പറഞ്ഞു. ഇതുപോലൊന്ന് തനിക്ക് സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നും കൂട്ടിച്ചേര്‍ത്തു.