Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത
reporter

ലണ്ടന്‍/തൃശൂര്‍: സ്‌കോട്ലന്‍ഡില്‍ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. സ്റ്റിര്‍ലിങ് യൂണിവേഴ്സിറ്റിയിലെ എംഎസ് സ്പോര്‍ട്സ് മാനേജ്മെന്റ് വിദ്യാര്‍ഥിയായിരുന്ന എബല്‍ തറയില്‍ (24) ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ബുധനാഴ്ച രാത്രി 9.30ന് സ്‌കോട്ട് റെയില്‍വേ അധികൃതരാണ് റെയില്‍വേ ട്രാക്കില്‍ നിന്നും മൃതദേഹം കണ്ടെത്തിയ വിവരം ബ്രിട്ടിഷ് ട്രാന്‍സ്പോര്‍ട്ട് പൊലീസിനും സ്‌കോട്ടിഷ് ആംബുലന്‍സ് സര്‍വീസിനും കൈമാറിയത്. യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള സ്റ്റിര്‍ലിങിനും അലോവയ്ക്കും ഇടയിലുള്ള റെയില്‍വേ ട്രാക്കില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇപ്പോള്‍ ലാര്‍ബര്‍ട്ട് ഫോര്‍ത്ത് വാലി റോയല്‍ എന്‍എച്ച്എസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ ആണ് സൂക്ഷിച്ചിട്ടുള്ളത്. എബലിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണ്. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ എബല്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് കുടുംബാംഗങ്ങളും സഹപാഠികളും പറഞ്ഞു. മരണത്തിന് പിന്നിലുള്ള ദുരൂഹത കണ്ടെത്തണമെന്ന് കുടുംബാംഗങ്ങള്‍ അവശ്യപ്പെട്ടു.

തൃശൂര്‍ അയ്യന്തോള്‍ എസ്എന്‍ പാര്‍ക്ക് തറയില്‍ ഹൗസില്‍ പരേതനായ വിമുക്തഭടന്‍ ടി. യു. ശശീന്ദ്രന്‍, തൃശൂര്‍ മെഡിക്കല്‍ കോളജിലെ റിട്ട. ഹെഡ് നഴ്‌സ് എം. എസ്. പദ്മിനി എന്നിവരാണ് എബലിന്റെ മാതാപിതാക്കള്‍. കോഴിക്കോട് സ്വകാര്യ സ്ഥാപനത്തില്‍ മാര്‍ക്കറ്റിങ് ഹെഡായി ജോലി ചെയ്യുന്ന അബിറാം തറയില്‍ ആണ് ഏക സഹോദരന്‍. ഡോ. കാര്‍ത്തിക പ്രദീപ് ആണ് സഹോദര ഭാര്യ. മൃതദേഹം കണ്ടെത്തിയ ദിവസം യുകെ സമയം ഉച്ചയ്ക്ക് ശേഷം 3.30 ന് എബല്‍ തന്നെ വാട്‌സ്ആപ്പ് വഴി വിഡിയോ കോള്‍ ചെയ്തിരുന്നുവെന്നും കുടുംബാംഗങ്ങള്‍ എല്ലാവരുമായി സംസാരിച്ചിരുന്നുവെന്നും സഹോദരന്‍ അബിറാം തറയില്‍ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. പതിവ് പോലെ ഏറെ നേരം നീണ്ടു നിന്ന സംസാരത്തില്‍ ഒരു തരത്തിലും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം സംബന്ധിച്ച സംസാരങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ലെന്നും അബിറാം കൂട്ടിച്ചചേര്‍ത്തു. എന്നാല്‍ സംഭവത്തിന് ഒരാഴ്ച മുന്‍പ് യൂണിവേഴ്‌സിറ്റിയില്‍ സഹപാഠിയായിരുന്ന ഡല്‍ഹി സ്വദേശിയായ പെണ്‍കുട്ടി വീട്ടില്‍ അതിക്രമിച്ചു കയറി ജനലും മറ്റും തകര്‍ത്ത സംഭവം ഉണ്ടായതായി അറിഞ്ഞിരുന്നു. ഇതു സംബന്ധിച്ചുള്ള സാഹചര്യങ്ങള്‍ കൊലപാതകം ഉള്‍പ്പടെയുള്ള കാര്യങ്ങളിലേക്ക് നയിച്ചോ എന്നുള്ളതാണ് തങ്ങളുടെ സംശയമെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. അതിനാല്‍ കാര്യക്ഷമമായ അന്വേഷണം ഉണ്ടാകണം എന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം. തൃശൂര്‍ സെന്റ് അലോഷ്യസ് കോളജിലെ ബിബിഎ പഠനത്തിന് ശേഷമാണ് സ്‌കോട്ലന്‍ഡിലെ സ്റ്റിര്‍ലിങ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥി വീസയില്‍ എബല്‍ എത്തുന്നത്. പഠനത്തിന് ശേഷം പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസയില്‍ ആയിരുന്ന എബല്‍ അത്ലറ്റിക് കോച്ചായും സെയില്‍സ് അഡൈ്വസറായും ജോലി ചെയ്തു വരികയായിരുന്നു.

മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനും മരണത്തിന് പിന്നിലെ ദുരൂഹത നീക്കുന്നതിനും യുകെയിലെ ഇന്ത്യന്‍ എംബസി അധികൃതരുടെ ഇടപെടീല്‍ ഉണ്ടാകണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുന്നു. ഇതിനായി സഹായം അഭ്യര്‍ത്ഥിച്ച് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപി എന്നിവര്‍ക്ക് എബലിന്റെ അമ്മ നിവേദനം നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോയ്ക്കും നേരിട്ട് നിവേദനം നല്‍കി. സ്‌കോട്ലന്‍ഡ് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ എഡിന്‍ബര്‍ഗിനും നിവേദനം കൈമാറിയിട്ടുണ്ട്. 2024 ഡിസംബറില്‍ കാണാതായ മലയാളി വിദ്യാര്‍ഥിനി സാന്ദ്ര സജുവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയപ്പോള്‍ 29 ദിവസങ്ങള്‍ക്ക് ശേഷമാണ് നാട്ടിലേക്ക് വിട്ടുകിട്ടിയത്. അത്രത്തോളം തന്നെ താമസം എബലിന്റെ കാര്യത്തിലും ഉണ്ടാകും എന്നാണ് ലഭ്യമാകുന്ന വിവരം. എബലിന്റെ മരണത്തിലെ ദുരൂഹതയെ പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്‌കോട്ലന്‍ഡിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മ മിഥുന്‍ കെ. മോഹനന്റെയും സുനില്‍ പായിപ്പാടിന്റെയും നേതൃത്വത്തില്‍ സ്‌കോട്ടിഷ് പാര്‍ലമെന്റ് അംഗം ക്രിസ് കേനിന് നിവേദനം സമര്‍പ്പിച്ചു. എബലിന്റെ ബന്ധുക്കള്‍ ആരും തന്നെ യുകെയില്‍ ഇല്ലാത്തതിനാല്‍ തുടര്‍നടപടികള്‍ ക്രോഡീകരിക്കുവാന്‍ സ്‌കോട്ലന്‍ഡിലെ പൊതുപ്രവര്‍ത്തകനായ സുനില്‍ പായിപ്പാടിനെയാണ് കുടുംബാംഗങ്ങള്‍ നെക്സ്റ്റ് ഓഫ് കിന്‍ ആയി ചുമതലപ്പെടുത്തിയിട്ടുള്ളത്. എബലിന് വേണ്ടി കൈരളി യുകെയുടെ സെക്രട്ടറി കുര്യന്‍ ജേക്കബ്, വിവിധ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവ കോണ്‍സുലേറ്റ് ഓഫീസുമായി ബന്ധപ്പെടുന്നുണ്ട്.

 
Other News in this category

 
 




 
Close Window