ലണ്ടന്‍: എപ്പോഴും കസ്റ്റമറുടെ ഭാഗത്താണ് ശരി' എന്ന, ഭക്ഷണശാല ഫിലോസഫി അവസാനിപ്പിക്കുകയാണെന്ന് ബ്രിട്ടനിലെ ഷെഫുമാര്‍. 'സേവനത്തിലെ പോരായ്മകള്‍' ചൂണ്ടിക്കാട്ടി സൗജന്യഭക്ഷണവും വൗച്ചറുകളും തരപ്പെടുത്താനായി കള്ളം പറയുന്ന ഉപഭോക്താക്കളെകൊണ്ട് സഹികെട്ടതോടെയാണ് ബ്രിട്ടീഷ് റസ്റ്റാറന്റുകള്‍ ഈ നിലപാടിലെത്തിയത്. മിക്കപ്പോഴും അതിഥികളുടെ ഭാഗത്തുനിന്ന് ഇത്തരം പെരുമാറ്റം ഉണ്ടാകുന്നെന്നാണ്, വടക്കന്‍ വെയില്‍സിലെ ഏറ്റവും പ്രശസ്ത ഷെഫ് ആന്‍ഡ്ര്യൂ ഷെറിഡന്‍ പറയുന്നത്. ''കഴിഞ്ഞ ആഴ്ച എന്റെ റസ്റ്റാറന്റില്‍ എത്തിയ ഒരു മാന്യവനിതക്ക് ഭക്ഷണവും സേവനവുമെല്ലാം ഇഷ്ടമായി. എന്നാല്‍, ഭക്ഷണഹാളിലെ ഒരു തൂണ്‍ അവരുടെ കാഴ്ച മറച്ചതിനാല്‍ നല്ലൊരു വൈകുന്നേരം അവര്‍ക്ക് നഷ്ടപ്പെട്ടുവത്രെ. നഷ്ട പരിഹാരമായി അവര്‍ ആവശ്യപ്പെട്ടത് ഫ്രീ ഫുഡും വൗച്ചറും !'' - ഷെറിഡന്‍ വിശദീകരിക്കുന്നു.
റസ്റ്റാറന്റിലേക്ക് വരുന്ന വഴി, ബസ് ട്രാക്കില്‍ തന്റെ കാര്‍ കയറിയതിന് പിഴ കിട്ടിയെന്നും ഹോട്ടല്‍ വെബ്‌സൈറ്റില്‍ ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നില്ലെന്നുമായിരുന്നു മറ്റൊരു കസ്റ്റമറുടെ ആരോപണം. ഭക്ഷണശാലയിലേക്കുള്ള, നഗരസഭയുടെ റോഡ് മോശമായതിനും ഫ്രീ ചോദിച്ചവരുണ്ട്. ഇത്തരം പെരുമാറ്റം കാരണം, ശരിയായ പരാതികള്‍ ഉന്നയിക്കുന്ന അതിഥികളെ തിരിച്ചറിയാന്‍ പല ഭക്ഷണശാലകളും ബുദ്ധിമുട്ടുകയാണ്. ആയിരം പൗണ്ടിലേറെ തന്നില്ലെങ്കില്‍ ഫേക്ക് വണ്‍ സ്റ്റാര്‍ റിവ്യൂ ഇടുമെന്ന് ഭീഷണിപ്പെടുത്തിയ ചില ക്രിമിനല്‍ മനസ്സുകാരെ താന്‍ ഇറക്കി വിട്ടുവെന്ന് നോട്ടിങ് ഹില്‍ ബ്രിസ്റ്റോ 'ഡോറിയന്‍' ക്രിസ് ഡിസില്‍വ ഉടമ വ്യക്തമാക്കുന്നു. ഗൂഗ്ള്‍ മാപ്പില്‍ ലൊക്കേഷന്‍ കൃത്യമല്ല എന്നു പറഞ്ഞ് സൗജന്യം നേടാന്‍ ശ്രമിച്ചവരുമുണ്ട്.
റസ്റ്റാറന്റുകളും അവയുടെ ഉപഭോക്താക്കളും തമ്മിലുള്ള പരസ്പര വിശ്വാസം നഷ്ടമായിരിക്കുന്നെന്ന്, മിഷലിന്‍ സ്റ്റാര്‍ ഷെഫ് ബെന്‍ മര്‍ഫി അഭിപ്രായപ്പെടുന്നു. '' പ്ലേറ്റില്‍ നിന്ന് ക്ലിങ് ഫിലിം (ഭക്ഷണം പൊതിയുന്ന നേര്‍ത്ത പോളീത്തിന്‍ ഫിലിം) കിട്ടിയെന്ന് പറഞ്ഞ് ഒരു വനിത സൗജന്യമാവശ്യപ്പെട്ടു. അന്നുരാത്രി സി.സി ടി.വി നോക്കിയപ്പോള്‍ കണ്ടത്, ആ സ്ത്രീ തന്റെ ബാഗില്‍നിന്ന് ഫിലിം എടുക്കുന്നതാണ്'' -മര്‍ഫി പറയുന്നു. എല്ലാത്തരം ഭക്ഷണങ്ങള്‍ക്കും ഭീകരമാംവിധം വില വര്‍ധിച്ചതും അതിഥികളുടെ പെരുമാറ്റവൈകല്യത്തിന് കാരണമായിട്ടുണ്ടാകാമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.