റോം: ചാള്‍സ് രാജാവും ഭാര്യ കമില രാജ്ഞിയും ഏപ്രില്‍ ഏഴു മുതല്‍ 10 വരെ ഇറ്റലിയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും. 2017ലും 2019ലും വെയില്‍സ് രാജകുമാരനെന്ന നിലയില്‍ ചാള്‍സ് ഇറ്റലിയിലും വത്തിക്കാനിലും സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും രണ്ടര വര്‍ഷം മുന്‍പ് രാജാവായി ചുമതലയേറ്റശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. ഏപ്രില്‍ ഒന്‍പതിന് രാജാവിനെയും രാജ്ഞിയെയും വില്ല ഡോറിയ പാംഫില്‍ജില്‍ ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും പ്രസിഡന്റ് സെര്‍ജിയോ മത്തെരെല്ലയും ചേര്‍ന്ന് ഔദ്യോഗികമായി സ്വീകരിക്കും. ക്വിരിനാലെ കൊട്ടാരത്തില്‍ സംഘത്തിനായി വിരുന്ന് സംഘടിപ്പിക്കുന്നുണ്ട്. ഏപ്രില്‍ എട്ടിന് സിസ്‌റ്റൈന്‍ ചാപ്പലില്‍ 'സൃഷ്ടിയെ പരിപാലിക്കുക' എന്ന വിഷയത്തില്‍ നടക്കുന്ന ചടങ്ങില്‍ ചാള്‍സ് രാജാവ് പങ്കെടുക്കും. സിസ്‌റ്റൈന്‍ ചാപ്പലിലെ പരിപാടികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമോന്നത ഗവര്‍ണറായ ചാള്‍സ് രാജാവിന്റെയും പ്രകൃതിയോടുള്ള ദീര്‍ഘകാല പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇറ്റാലിയന്‍ വ്യോമസേനയുടെ ഫ്രെസ് ട്രൈക്കൊളോറി ജെറ്റുകളും യുകെയുടെ റെഡ് ആരോസും റോമിന് മുകളിലൂടെ സംയുക്തമായി പറന്ന് അഭ്യാസപ്രകടനങ്ങള്‍ നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനികബന്ധം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, പ്യാസ വെനീസിയയിലെ അജ്ഞാത സൈനികന്റെ ശവകുടീരത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുകയും ചെയ്യും.
ഇറ്റാലിയന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളെയും ചാള്‍സ് രാജാവ് അഭിസംബോധന ചെയ്യുമെന്ന് ഇറ്റലിയിലെ ബ്രിട്ടിഷ് അംബാസഡര്‍ എഡ്വേര്‍ഡ് ലെവെല്ലിന്‍ പറഞ്ഞു. ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും ഇറ്റാലിയന്‍ വിദേശകാര്യ സെക്രട്ടറി അന്റോണിയോ തജാനിയും ചാള്‍സ് രാജാവിന്റെ സാന്നിധ്യത്തില്‍ ശുദ്ധമായ ഊര്‍ജ്ജത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. ബ്രിട്ടിഷ് കൗണ്‍സിലിന്റെ 80-ാം വാര്‍ഷികം ആഘോഷിക്കുന്ന പരിപാടിയില്‍ കാമില രാജ്ഞി സ്‌കൂള്‍ കുട്ടികളുമായി സംവദിക്കും. ഏപ്രില്‍ 10ന് റാവെന്നയില്‍ ഇറ്റാലിയന്‍ എഴുത്തുകാരനായ ഡാന്റെയുടെ ശവകുടീരത്തിലും, ഇംഗ്ലിഷ് കവി ലോര്‍ഡ് ബൈറണിനെ അനുസ്മരിക്കുന്ന മ്യൂസിയത്തിലുമുള്ള സന്ദര്‍ശനം, സമീപകാലങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ച പ്രാദേശിക കര്‍ഷകരുമായി കൂടിക്കാഴ്ച എന്നിവയും ചാള്‍സ് രാജാവിന്റെയും സംഘത്തിന്റെയും സന്ദര്‍ശന പരിപാടികളിലുണ്ട്.