Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ഇന്ത്യന്‍ വംശജ ഹര്‍ഷിത ബ്രെല്ല കൊലപാതകം: ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ അറസ്റ്റില്‍
reporter

ലണ്ടന്‍: യുകെയില്‍ ഇന്ത്യന്‍ വംശജയായ യുവതി ഹര്‍ഷിത ബ്രെല്ല (24) കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ മാതാപിതാക്കളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് പങ്കജ് ലാംബയുടെ (23) പിതാവ് ദര്‍ശന്‍ സിങും അമ്മ സുനിലുമാണ് അറസ്റ്റിലായത്. മാതാപിതാക്കളെ അറസ്റ്റ് ചെയ്ത വിവരം സൗത്ത് വെസ്റ്റ് ഡിസിപി സുരേന്ദ്ര ചൗധരിയാണ് സ്ഥിരീകരിച്ചത്. കേസിലെ മറ്റൊരു പ്രതി എന്ന് സംശയിക്കുന്ന പങ്കജ് ലാംബയുടെ സഹോദരി ഉമ ഒളിവിലാണ്. ഗാര്‍ഹിക പീഡനം, സ്ത്രീധനം വാങ്ങല്‍ എന്നീ കുറ്റങ്ങളാണ് മാതാപിതാക്കളുടെ പേരിലുള്ളത്. കേസിലെ മുഖ്യ പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന ഹര്‍ഷിതയുടെ ഭര്‍ത്താവ് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായി ഡല്‍ഹി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

യുകെയിലെ നോര്‍ത്താംപ്ടണ്‍ക്ഷറില്‍ താമസിച്ചിരുന്ന ഹര്‍ഷിത ബ്രെല്ല കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് പങ്കജ് ലാംബയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി നോര്‍ത്താംപ്ടണ്‍ക്ഷര്‍ പൊലീസ് അറിയിച്ചു. ഇയാള്‍ രാജ്യം വിട്ടിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. നവംബര്‍ 14നാണ് ഇല്‍ഫോഡില്‍ പങ്കജ് ലാംബയുടെ കാറിന്റെ ഡിക്കിയില്‍നിന്ന് ഹര്‍ഷിതയുടെ മൃതദേഹം കണ്ടെത്തുന്നത്. ഇതിനു 4 ദിവസം മുന്‍പ്, ഹര്‍ഷിതയെ പങ്കജ് ലാംബ കൊലപ്പെടുത്തിയിരിക്കാമെന്ന് നോര്‍ത്താംപ്ടണ്‍ക്ഷര്‍ പൊലീസ് ചീഫ് ഇന്‍സ്‌പെക്ടര്‍ പോള്‍ കാഷ് പറഞ്ഞു. കൊലപാതകത്തിനു ശേഷം നോര്‍ത്താംപ്ടണ്‍ക്ഷറില്‍നിന്ന് ഇയാള്‍ കാറില്‍ മൃതദേഹം ഈസ്റ്റ് ലണ്ടനിലെ ഇല്‍ഫോഡില്‍ എത്തിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.

ഹര്‍ഷിത ബ്രെല്ലയ്ക്ക് ഭീഷണി ഉണ്ടെന്നു ചൂണ്ടിക്കാട്ടി പൊലീസിന് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് കോര്‍ബിയിലെ സ്‌കെഗ്‌നെസ്സ് വോക്കിലെ ഇവരുടെ വീട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചു. എന്നാല്‍ വീട്ടില്‍ ഇവരെ കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഇല്‍ഫോഡില്‍ കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു ഇവരുടെ വിവാഹം. തുടര്‍ന്ന് ഏപ്രിലില്‍ ഡല്‍ഹിയില്‍നിന്നു യുകെയിലേക്കു താമസം മാറി. അന്വേഷണത്തിനിടെ ഹര്‍ഷിത ഗാര്‍ഹിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഇരുവരും വഴക്കിട്ടിരുന്നതായും അയല്‍വാസികള്‍ പറഞ്ഞു. പങ്കജിന്റെ പീഡനത്തെ തുടര്‍ന്ന് ഹര്‍ഷിത മുന്‍പ് വീട്ടില്‍ നിന്ന് ഓടിപ്പോയിരുന്നുവെന്നും പിന്നീട് തിരിച്ചെത്തുക ആയിരുന്നുവെന്ന് ഹര്‍ഷിതയുടെ കുടുംബം പറയുന്നു. പങ്കജിന്റെ ക്രൂരമായ പെരുമാറ്റത്തെ കുറിച്ച് ഓഗസ്റ്റില്‍ ഹര്‍ഷിത പിതാവിനോട് പരാതി പറഞ്ഞിരുന്നു.

 
Other News in this category

 
 




 
Close Window