കൊല്ലം: യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി മലയാളികളില്‍ നിന്നും ലക്ഷങ്ങള്‍ കബളിപ്പിച്ച കേസില്‍ തമിഴ്‌നാട് സ്വദേശികളായ 2 പേരെ കൊട്ടിയം പൊലീസ് പിടികൂടി. തമിഴ്‌നാട് രാമനാഥപുരം സ്വദേശികളായ ഗുരു കാളീശ്വരന്‍(35), ശശികുമാര്‍(40) എന്നിവരെയാണ് തമിഴ്‌നാട്ടില്‍ നിന്നും പിടികൂടിയത്. ഡീസന്റ് മുക്ക് സ്വദേശികളായ ദമ്പതികള്‍ക്കും ഭാര്യാ സഹോദരനുമാണ് 16.5 ലക്ഷം രൂപ നഷ്ടമായത്. ഇവര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കേസിനെക്കുറിച്ച് പൊലീസ് പറഞ്ഞത്: ലിത്വേനിയയിലെ ഒരു ഫുഡ് പ്രോസസിങ് കമ്പനിയില്‍ ജോലിയുണ്ടെന്ന ഒാണ്‍ലൈന്‍ പരസ്യം ദമ്പതികള്‍ കണ്ടു. കൂടുതല്‍ വിശ്വാസ്യതയ്ക്കായി ഇവരുടെ സഹായത്തോടെ മുന്‍പ് വിദേശത്തേക്കു ജോലിക്കു പോയവരുമായി ബന്ധപ്പെട്ട് പരസ്യത്തിലെ സത്യാവസ്ഥ ഉറപ്പു വരുത്തി. തുടര്‍ന്ന് മൂവരും ഗുരു കാളീശ്വരനും ശശികുമാറിനും പണം കൈമാറി.
ലിത്വേനിയയില്‍ പോകുന്നതിന് മുന്‍പ് അസര്‍ബൈജാന്‍ എന്ന രാജ്യത്ത് ഇറങ്ങണമെന്നും അവിടെ വിസിറ്റിങ് വീസയില്‍ കുറച്ചു നാള്‍ ചെലവഴിക്കണമെന്നും നിര്‍ദേശിച്ചു. ഇവരുടെ നിര്‍ദേശം പാലിച്ച് 2 മാസം മൂന്നു പേരും അവിടെ ചെലവഴിച്ചു. പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും ലിത്വേനിയിലേക്കുള്ള വീസ ലഭിച്ചില്ല. തുടര്‍ന്ന് സംഘത്തെ പല തവണ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മറുപടി ലഭിക്കാതായി. കബളിപ്പിക്കപ്പെട്ടു എന്നു മനസ്സിലായ മൂവരും പിന്നീട് അസര്‍ബൈജാനിലുള്ള മലയാളികളുടെ സഹായത്തോടെയാണ് തിരികെ നാട്ടിലെത്തിയത്. തുടര്‍ന്ന് മൂവരും കൊട്ടിയം പൊലീസില്‍ പരാതി നല്‍കി. കൊട്ടിയം സിഐ ജി.സുനിലിന്റെ നേതൃത്വത്തില്‍ എസ്‌ഐ നിഥിന്‍ നളന്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രതികള്‍ക്കായി തമിഴ്‌നാട്ടില്‍ അന്വേഷണം നടത്തിയ അന്വേഷണ സംഘം പ്രതികളെ അവിടെ നിന്നും പിടികൂടുകയായിരുന്നു. പ്രതികള്‍ പിടിയിലായതറിഞ്ഞ് സമാന തരത്തില്‍ കബളിപ്പിക്കപ്പെട്ട നാമക്കല്‍, കൊച്ചി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള ഒട്ടേറെ പരാതിക്കാര്‍ കൊട്ടിയം സ്റ്റേഷനില്‍ എത്തി.