Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
മതം
  Add your Comment comment
എട്ടാമത് യൂറോപ്യന്‍ ക്നാനായ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Text By: Jomon Abraham
ഈ മാസം 28 ന് ശനിയാഴ്ച ലെസ്റ്ററിലെ മഹര്‍ സെന്ററില്‍ നടക്കുവനിരിക്കുന്ന യൂറോപ്പില്‍ ആകമാനം ഉള്ള സുറിയാനി ക്നാനായ ക്രിസ്ത്യാനികളുടെ മഹാ കൂട്ടായ്മയ്ക്കുള്ള പ്രധാന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വേറിട്ട്, യൂറോപ്പിലുള്ള എല്ലാ ക്നാനായ ഇടവകകളുടെയും ഇടവക ജനങ്ങളുടെയും, വൈദികരുടെയും, യൂറോപ്യന്‍ ക്നാനായ കമ്മിറ്റി അംഗങ്ങളുടെയും പരിപൂര്‍ണ്ണ പങ്കാളിത്തത്തിലാണ് ഈ വര്‍ഷത്തെ ക്നാനായ യൂറോപ്യന്‍ സംഗമം സഫലമാകാന്‍ പോകുന്നത്.

കുടിയേറ്റ പാരമ്പര്യം എന്നും നെഞ്ചേറ്റുന്ന യൂറോപ്പ്യന്‍ ക്നാനായ ജനതയുടെ ഒരുമയുടെയും, തനിമയില്‍ ഇഴ ചേര്‍ന്ന സ്നേഹബന്ധങ്ങളുടെയും ഊഷ്മളത ഊട്ടിയുറപ്പിക്കു വാനുമായി നടത്തപ്പെടുന്ന ഈ മഹാ സംഗമത്തിന് അനുഗ്രഹ ആശംസകള്‍ ഏകുവാനും, മുന്‍നിരയില്‍ നിന്ന് നേതൃത്വം വഹിക്കുവാനുമായി ക്നാനായ അതിഭദ്രാസനത്തിന്റെ വലിയ മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തായും, സമുദായ സെക്രട്ടറി ടി ഒ എബ്രഹാം, സമുദായ ട്രസ്റ്റി ടി സി തോമസ് എന്നിവരും ഇതിനോടകം യുകെയില്‍ എത്തി.


കഴിഞ്ഞ ഏതാനും മാസങ്ങളായി യൂറോപ്പിലുള്ള എല്ലാ ക്നാനായ ദേവാലയങ്ങളിലും അതതു വികാരിമാരുടെയും ഭരണസമിതിയുടെയും, പ്രോഗ്രാം കോഡിനേറ്റേഴ്സിന്റെയും നേതൃത്വത്തില്‍ വിവിധങ്ങളായ ഒരുക്കങ്ങളാണ് നടത്തപ്പെട്ടു പോന്നത്. എട്ടാമത് ക്നനായ സംഗമ വേദിയില്‍ അവിസ്മരണീയ കലാപ്രകടനങ്ങള്‍ നടത്തി വേറിട്ട സാന്നിധ്യമാകുവാനായി എല്ലാ ഇടവകകളും വൈവിധ്യങ്ങ ളാര്‍ന്ന കലാ പ്രകടനങ്ങളാണ് അണിയറയില്‍ ഒരുക്കുന്നത്.


ചിട്ടയായുള്ള ഒരുക്കങ്ങളും, കൃത്യമായ ഇടവേളകളിലെ അവലോകനയോഗങ്ങളും, സമയബന്ധിതമായി പൂര്‍ത്തിയാക്കപ്പെടുന്ന തീരുമാനങ്ങളും , എല്ലാ ഇടവകകളിലെ പ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളെയും , നവമാധ്യമങ്ങളിലൂടെയുള്ള പ്രചരണവും സമന്വയിപ്പിച്ചാണ് ഫാ ബിനോയി തട്ടാന്‍കന്നേല്‍, അപ്പു മണലിത്തറ, ജിനു കോവിലാല്‍, ജോ ഒറ്റ തൈകല്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന കേന്ദ്ര സംഗമം നിര്‍വാഹക സമിതി പ്രവര്‍ത്തിച്ചുവന്നത്.

സംഗമ ദിവസം വിശുദ്ധ കുര്‍ബാനയും, യൂറോപ്പിലെ ക്നാനായ ഇടവകാംഗങ്ങളെ അണിനിരത്തിയുള്ള ഘോഷയാത്രയും, പൊതുസമ്മേളനം, മറ്റു വിവിധങ്ങളായ കലാപരിപാടികളും നടത്തപ്പെടും.
ഫാ ജോമോന്‍ പൊന്നൂസ് രചിച്ചു ഈണമേകിയ സ്വാഗത ഗാനത്തിന്റെ താള ശീലുകള്‍ക്ക് യുകെയിലെ അനുഗ്രഹീത കലാകാരന്‍ കലാഭവന്‍ നൈസ് 50 പരം കുട്ടികളെ അണിനിരത്തി ചിട്ടപ്പെടുത്തിയ മേളച്ചുവടുകള്‍ ചേര്‍ത്ത് കാണികള്‍ക്ക് എന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഒരു ദൃശ്യാനുഭവമാണ് അണിയറയില്‍ ഒരുങ്ങുന്നത്.

സംഗമവേദിയില്‍ പ്രത്യേകം തയ്യാറാക്കിയ പാര്‍ക്കിംഗ്, ഫുഡ് സ്റ്റാള്‍, അഡീഷണല്‍ ടോയ്ലറ്റ് സൗകര്യങ്ങള്‍, സെക്യൂരിറ്റി സര്‍വീസ്, മറ്റു വിവിധങ്ങളായ സൗകര്യങ്ങളും അനേകം പരിമിതികള്‍ക്കുള്ളിള്‍ നിന്നുകൊണ്ട് സംഗമം കമ്മിറ്റി ക്രമീകരിച്ചിട്ടുണ്ട്

സംഗമ വേദിയിലേക്കുള്ള പ്രവേശനം, മുന്‍പ് ഇടവകകളില്‍ വിതരണം ചെയ്തതോ, സംഗമ ദിവസം വേദിയില്‍ ലഭ്യമാകുന്നതോ ആയ പ്രവേശന ടിക്കറ്റ് കളുടെ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനോടകം പ്രവേശന ടിക്കറ്റുകള്‍ ലഭിക്കാത്ത ക്നാനായ മക്കള്‍ അതതു ദേവാലയങ്ങളിലെ പ്രോഗ്രാം കോഡിനേറ്ററൂമാരുമായോ കേന്ദ്ര ,സംഗമം കമ്മിറ്റി അംഗങ്ങളോ ആയി ബന്ധപ്പെട്ട വേണ്ട ക്രമീകരണങ്ങള്‍ ചെയ്യേണ്ടതാണ്.

ചരിത്രത്തിന്റെ ഏടുകളിലേക്ക് നടന്നു നീങ്ങുന്ന ഒരു വ്യത്യസ്തമായ സ്നേഹ സമാഗമനത്തിനായി ഏവരെയും സ്വാഗതം ചെയ്യുന്നതായി എട്ടാമത് യൂറോപ്യന്‍ ക്നാനായ സംഗമ പ്രോഗ്രാം കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window