ഗോത്രമഹിമയുടെ തനിമയും പൂര്‍വ്വികര്‍ പകര്‍ന്നുനല്‍കിയ പാരമ്പര്യവും നെഞ്ചോടുചേര്‍ത്ത വിശ്വാസവും മുറുകെപ്പിടിച്ച് ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ ചരിത്രപുസ്തകത്തില്‍ ഒരു സുവര്‍ണ്ണ അധ്യായം കുറിക്കാന്‍ 'വാഴ്വ് 2025' മഹാസംഗമം ഒരുങ്ങുന്നു. യുകെയുടെ ഹൃദയഭാഗമായ ബര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍, 2025 ഒക്ടോബര്‍ നാലിന് ശനിയാഴ്ച, ഈ ചരിത്ര സംഗമത്തിന് അരങ്ങുണരും. നമ്മുടെ കൂട്ടായ്മയുടെ വേരുകള്‍ ആഴത്തിലോടാനും വിശ്വാസത്തില്‍ തഴച്ചുവളരാനുമുള്ള ഈ അപൂര്‍വ്വ സംഗമത്തിനായി യുകെയിലെമ്പാടുമുള്ള ക്നാനായ മക്കള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ക്നാനായ കാത്തലിക് മിഷന്‍സ് യുകെയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'വാഴ്വ് 2025', രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ് നടക്കുക. ഈ മഹാകൂട്ടായ്മയ്ക്ക് ചുക്കാന്‍ പിടിക്കുന്നത് ഫാ. സുനി പടിഞ്ഞാറേക്കര (ചെയര്‍മാന്‍), അഭിലാഷ് തോമസ് മൈലപ്പറമ്പില്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ സമിതിയാണ്. ഫാ. സജി തോട്ടത്തില്‍, ഫാ. ജോഷി കൂട്ടുങ്കല്‍ (കണ്‍വീനര്‍മാര്‍), ശ്രീ. സജി രാമച്ചനാട്ട് (ജോയിന്റ് കണ്‍വീനര്‍) എന്നിവര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുന്നു. ഒരുമയുടെ ആഘോഷം, പൈതൃകത്തിന്റെ പുനഃപ്രഖ്യാപനം തലമുറകളായി നാം കാത്തുസൂക്ഷിക്കുന്ന തനിമയാര്‍ന്ന പാരമ്പര്യങ്ങളും വിശ്വാസ ദാര്‍ഢ്യവും അടുത്ത തലമുറയുടെ സിരകളിലേക്ക് പകര്‍ന്നുനല്‍കാനുള്ള ഒരു വലിയ വിളനിലമായി 'വാഴ്വ് 2025' മാറും. ഇത് കേവലം ഒരു ഒത്തുചേരലല്ല, മറിച്ച് യുകെയിലെ ക്നാനായ സമൂഹത്തിന്റെ ഐക്യത്തിന്റെയും സ്നേഹബന്ധങ്ങളുടെയും ഉജ്ജ്വലമായ പുനഃപ്രഖ്യാപനമാണ്. വിശ്വാസ പ്രഘോഷണങ്ങള്‍, ഹൃദയം കവരുന്ന കലാവിരുന്നുകള്‍, പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ എന്നിവ ഒത്തുചേര്‍ന്ന് ഈ ദിനം അവിസ്മരണീയമാക്കും. കേരളത്തിന്റെ മണ്ണില്‍ നിന്ന് പറിച്ചുനടപ്പെട്ടിട്ടും, തങ്ങളുടെ വിശ്വാസവും പൈതൃകവും ഒരു കെടാവിളക്കുപോലെ കാത്തുസൂക്ഷിക്കുന്ന യുകെയിലെ ക്നാനായ സമൂഹം, 'വാഴ്വ് 2025'-നെ നോക്കിക്കാണുന്നത് തങ്ങളുടെ കൂട്ടായ്മയുടെ ശക്തി വിളിച്ചോതുന്ന ഒരു അടയാളമായാണ്. ഇതിനോടകം തന്നെ നടന്നു കഴിഞ്ഞ സംഗമത്തിന്റെ ഔദ്യോഗികമായ കിക്ക് ഓഫ്, ഓരോ ക്നാനായ ഭവനത്തിലും വലിയ ആവേശത്തിന്റെ അലയൊലികള്‍ സൃഷ്ടിച്ചിട്ടുണ്ട്.