കൊല്‍ക്കത്ത: ഇന്ത്യയിലെ പുതിയ തലമുറ ബിജെപിയുടെ വികസന മാതൃകയില്‍ വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ വിജയം ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, ബംഗാളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.
- കേന്ദ്രം നല്‍കുന്ന വികസന ഫണ്ടുകള്‍ ബംഗാള്‍ സര്‍ക്കാര്‍ കൊള്ളയടിക്കുന്നുവെന്ന് മോദി ആരോപിച്ചു.
- എല്ലാ ദരിദ്ര കുടുംബങ്ങള്‍ക്കും വീട്, അര്‍ഹരായ എല്ലാവര്‍ക്കും സൗജന്യ റേഷന്‍, കേന്ദ്ര ക്ഷേമ പദ്ധതികളുടെ ഗുണങ്ങള്‍ ലഭ്യമാക്കണം.
- സംസ്ഥാനതലത്തിലുള്ള അഴിമതി കാരണം ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ടിഎംസി നേതാക്കള്‍ പാവപ്പെട്ടവര്‍ക്കായി നല്‍കുന്ന പണം കൊള്ളയടിക്കുന്നുവെന്നും, തൃണമൂല്‍ സര്‍ക്കാര്‍ ബംഗാള്‍ ജനതയുടെ ശത്രുവായി മാറിയെന്നും മോദി ആരോപിച്ചു. ഒഡീഷ, ത്രിപുര, അസം, ബിഹാര്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ ചൂണ്ടിക്കാട്ടി, ബംഗാളിലും നല്ല ഭരണത്തിന് സമയം എത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്ര ആരോഗ്യ പദ്ധതികളെ തടഞ്ഞ ഏക സംസ്ഥാനം ബംഗാളാണെന്നും, ആയുഷ്മാന്‍ ഭാരത് അനുവദിക്കാത്തത് പാവപ്പെട്ട ജനങ്ങളെ സഹായം ലഭിക്കാതാക്കുന്നുവെന്നും മോദി പറഞ്ഞു. ''ഈ ക്രൂര സര്‍ക്കാരിന് വിട നല്‍കാനുള്ള സമയമാണ്. ഗംഗാ മാതാവിന്റെ അനുഗ്രഹത്താല്‍ വികസന നദി ഇനി ബംഗാളിലും ഒഴുകും. ബിജെപി അത് സാധ്യമാക്കും,'' അദ്ദേഹം വ്യക്തമാക്കി.
ടിഎംസി സര്‍ക്കാര്‍ ദരിദ്രരുടെ ശത്രുവാണെന്നും, ബംഗാളിനെ അനധികൃത കുടിയേറ്റത്തില്‍ നിന്ന് മോചിപ്പിക്കണമെന്നും മോദി പ്രസ്താവിച്ചു