തിരുവനന്തപുരം: സിപിഎം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വച്ച നടന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് അദ്ദേഹം അംഗത്വം സ്വീകരിച്ചു.
കാലങ്ങളായി പ്രവര്‍ത്തിച്ചിരുന്ന പ്രസ്ഥാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് രാഷ്ട്രീയ മാറ്റത്തിന് തീരുമാനിച്ചതെന്ന് രാജേന്ദ്രന്‍ വ്യക്തമാക്കി. ''ദീര്‍ഘകാല രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നെങ്കിലും കഴിഞ്ഞ നാലഞ്ച് വര്‍ഷമായി പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പൊതു രംഗത്ത് ഉണ്ടായിരുന്നു. ദേവികുളം എംഎല്‍എ എ. രാജയ്‌ക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ പാര്‍ട്ടി നടപടി നേരിട്ടു. എന്നാല്‍ ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഒരിക്കലും ആരോപണം ഉയര്‍ന്നിട്ടില്ല. പലതും സഹിച്ചു, ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ടു,'' - രാജേന്ദ്രന്‍ പറഞ്ഞു.
ഹൈറേഞ്ചിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഇടപെടുമെന്ന് ബിജെപി അധ്യക്ഷന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും, താനാരെയും ഒപ്പം ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ''വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല. ആരെയും അടര്‍ത്തിമാറ്റാനില്ല. പൂര്‍ണമായി ബിജെപിയില്‍ എന്ന് ഇപ്പോള്‍ പറയാനില്ല,'' - രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ഇടുക്കിയില്‍ നിന്നുള്ള സിപിഐ നേതാവ് ഗുരുനാഥന്‍, സിപിഎം പ്രവര്‍ത്തകന്‍ സന്തോഷ് എന്നിവരും രാജേന്ദ്രനൊപ്പം ബിജെപിയില്‍ ചേര്‍ന്നു. മൂന്നാറില്‍ ജനുവരി 8-ന് നടക്കുന്ന പൊതുപരിപാടിയില്‍ രാജേന്ദ്രന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് പേര്‍ അംഗത്വം സ്വീകരിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
2006, 2011, 2016 കാലയളവുകളില്‍ ദേവികുളം മണ്ഡലത്തില്‍ നിന്ന് സിപിഎം എംഎല്‍എയായിരുന്ന എസ്. രാജേന്ദ്രന്‍ ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറെ കാലമായി സിപിഎമ്മിനോട് അകന്ന് നിന്നിരുന്ന അദ്ദേഹം ബിജെപിയിലേക്ക് അടുക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ സൂചിപ്പിക്കുന്നു.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എ. രാജക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞിട്ടും തിരികെ പാര്‍ട്ടിയില്‍ പ്രവേശിപ്പിക്കാത്തതില്‍ രാജേന്ദ്രന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു