Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.1558 INR  1 EURO=111.6196 INR
ukmalayalampathram.com
Fri 15th May 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചര്‍ച്ച പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നു: പിഎംഎ സലാം
reporter

മലപ്പുറം: മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച വിവാദത്തില്‍ അതൃപ്തി തുറന്ന് പറഞ്ഞ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം രംഗത്തെത്തി. തെരുവില്‍ മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചര്‍ച്ച നടത്തുന്നത് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കലാണെന്നും പരസ്യപ്രസ്താവന നടത്തുന്ന നേതാക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കണമെങ്കില്‍ വോട്ടെണ്ണി ഭൂരിപക്ഷം ഉറപ്പാക്കിയ ശേഷമേ ചര്‍ച്ച നടത്താവൂ. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ഉചിതമല്ലെന്നും ലക്ഷക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ മഹാത്യാഗത്തെ വിസ്മരിക്കുന്ന നടപടിയാണിതെന്നും സലാം അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ ചരിത്രത്തില്‍ മുന്‍പും മത്സരിക്കാത്തവര്‍ മുഖ്യമന്ത്രിയായിട്ടുണ്ടെന്നും, ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ആരെ നിര്‍ദേശിച്ചാലും ലീഗ് അംഗീകരിക്കുമെന്നും യുഡിഎഫിന് ലീഗ് പിന്തുണ നല്‍കുമെന്നും സലാം വ്യക്തമാക്കി. അഞ്ചിലേറെ മന്ത്രിസ്ഥാനം ലീഗിന് അര്‍ഹതയുണ്ടെങ്കിലും അത് ആവശ്യപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചയില്‍ എംകെ രാഘവന്‍ എംപിയും രംഗത്തെത്തി. ഇത്തരം ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ഗുണകരമല്ലെന്നും തെരുവില്‍ വലിച്ചിഴയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ പ്രവര്‍ത്തകര്‍ നടത്തുന്ന കഠിനാധ്വാനത്തെ പരിഹസിക്കുന്ന രീതിയിലാണ് നേതാക്കളുടെ ഈ കസേരക്കളിയെന്നും രാഘവന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെക്കുറിച്ചുള്ള അന്തിമ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കേണ്ടതാണെന്നും, ഉചിതമായ സമയത്ത് യുക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window