ലണ്ടന്‍: നഴ്‌സിങ് മേഖലയിലെ 'നോബല്‍ സമ്മാനം' എന്നറിയപ്പെടുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍ ഗ്ലോബല്‍ നഴ്‌സിങ് അവാര്‍ഡ് യുകെയിലെ മലയാളി നഴ്‌സ് ഡോ. അജിമോള്‍ പ്രദീപിന്. 2.5 ലക്ഷം അമേരിക്കന്‍ ഡോളര്‍, ഏകദേശം 2.38 കോടി രൂപ, സമ്മാനത്തുകയുള്ള പുരസ്‌കാരം കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു. ലണ്ടന്‍ കിങ്‌സ് കോളജ് ഹോസ്പിറ്റലില്‍ സീനിയര്‍ ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്ററായും സാല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ലക്ചററായും സേവനമനുഷ്ഠിക്കുന്ന ഡോ. അജിമോള്‍ പ്രദീപ് കോട്ടയം ചുങ്കം കാനാക്കുന്നേല്‍ കെ.ജെ. ജോസഫിന്റെയും അന്നമ്മ ജോസഫിന്റെയും മകളാണ്. ഭര്‍ത്താവ് കോട്ടയം ചാലുകുന്നേല്‍ കണിയാംകുളം വീട്ടില്‍ പ്രദീപ് ജേക്കബ്. കാത്തി, വാലന്റീന്‍ എന്നിവര്‍ മക്കളാണ്. കുടുംബം ബ്രിട്ടനിലെ കെന്റിലുള്ള ആഷ്‌ഫോഡിലാണ് താമസം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1.34 ലക്ഷം അപേക്ഷകരില്‍ നിന്നാണ് പത്ത് പേരെ അവാര്‍ഡിന്റെ അന്തിമ പട്ടികയിലേക്ക് തിരഞ്ഞെടുത്തത്. ഫൈനലിസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ വോട്ടുകള്‍ നേടിയ ഡോ. അജിമോള്‍ അന്തിമ വിജയിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. റോയല്‍ കോളജ് ഓഫ് നഴ്‌സിങ് ഉള്‍പ്പെടെ ബ്രിട്ടനിലെ വിവിധ നഴ്‌സിങ് സംഘടനകള്‍ ഡോ. അജിമോള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു.
അന്താരാഷ്ട്ര നഴ്‌സിങ് ദിനമായ മേയ് 12നാണ് ഫൈനലിസ്റ്റുകളുടെ പട്ടിക പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ നിന്ന് അജിമോളെ കൂടാതെ മറ്റൊരു നഴ്‌സും പട്ടികയില്‍ ഇടം നേടിയിരുന്നു. സ്വീഡന്‍, സൗദി അറേബ്യ, ചൈന, കൊളംബിയ, നമീബിയ, നൈജീരിയ, പാപ്വ ന്യൂ ഗിനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരും ഫൈനലിസ്റ്റുകളിലുണ്ടായിരുന്നു. രോഗീപരിചരണം, നഴ്‌സിങ് ലീഡര്‍ഷിപ്പ്, നഴ്‌സിങ് വിദ്യാഭ്യാസം, സാമൂഹിക-സാമുദായിക സേവനം, ഗവേഷണം, നവീകരണം തുടങ്ങിയ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. നഴ്‌സിങ് നേതൃത്വം, വിദ്യാഭ്യാസം, അവയവദാനം എന്നീ മേഖലകളില്‍ ഡോ. അജിമോള്‍ നടത്തിയ ശ്രദ്ധേയ ഇടപെടലുകളാണ് അവരെ അന്തിമ പത്തില്‍ എത്തിച്ചത്. ബ്രിട്ടനില്‍ കെയര്‍ വിസയിലെത്തി വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന പതിനായിരത്തോളം നഴ്‌സുമാര്‍ക്ക് ഐഇഎല്‍ടിഎസ് ഉള്‍പ്പെടെയുള്ള ഭാഷാപരീക്ഷാ കടമ്പകളില്ലാതെ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍എംസി) രജിസ്‌ട്രേഷന്‍ നേടുന്നതിന് സഹായകമായ നയപരിഷ്‌കാരങ്ങള്‍ക്ക് പിന്നിലും അജിമോളുടെ ഇടപെടല്‍ നിര്‍ണായകമായിരുന്നു. നഴ്‌സിങ് വിദ്യാഭ്യാസ യോഗ്യതയും ബ്രിട്ടനിലെ ദീര്‍ഘകാല തൊഴില്‍പരിചയവും പരിഗണിച്ച് ഇവര്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കണമെന്ന അജിമോളുടെ നിലപാട് എന്‍എംസി അംഗീകരിക്കുകയായിരുന്നു.
2008 മുതല്‍ അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. അജിമോള്‍ക്ക് ഈ മേഖലയിലെ സേവനങ്ങള്‍ പരിഗണിച്ച് 2018ല്‍ ബ്രിട്ടീഷ് എംപയര്‍ മെഡല്‍ (ബിഇഎം) ലഭിച്ചിരുന്നു. വിവിധ മേഖലകളില്‍ മികച്ച സേവനവും സംഭാവനയും നല്‍കുന്നവരെ ആദരിക്കുന്ന ബ്രിട്ടനിലെ പ്രധാന ബഹുമതികളിലൊന്നാണിത്. നഴ്‌സായി ബ്രിട്ടനിലെത്തിയ അജിമോള്‍ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് ഈ മേഖലയില്‍ ബിരുദാനന്തര ബിരുദം നേടിയത്. പിന്നീട് ബ്രിട്ടീഷ് റീനല്‍ സൊസൈറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പോടെ പിഎച്ച്ഡിയും പൂര്‍ത്തിയാക്കി. തുടര്‍ന്ന് ലണ്ടനിലെ കിങ്‌സ് കോളജ് ഹോസ്പിറ്റലില്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തനം ആരംഭിച്ചു. ബ്രിട്ടനിലെ ഏഷ്യന്‍ സമൂഹത്തിനിടയില്‍ അവയവദാനത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനും അവയവമാറ്റ ചികിത്സാ മേഖലയില്‍ ന്യൂനപക്ഷ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും അജിമോളെ ശ്രദ്ധേയയാക്കി. 2013 മുതല്‍ 'ഉപഹാര്‍' എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത ചാരിറ്റിയിലൂടെ അവയവദാന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലും അവര്‍ സജീവമാണ്. സംഘടനയുടെ ട്രസ്റ്റിമാരില്‍ ഒരാളുമാണ് അജിമോള്‍.
കേരളത്തിലെ അവയവദാന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയനായ ഫാ. ഡേവിസ് ചിറമ്മലാണ് ഉപഹാറിന്റെ ബ്രിട്ടനിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഫാ. ചിറമ്മലിന്റെ 'കിഡ്‌നി ഫോര്‍ ലൈഫ്' പദ്ധതിയുടെ ബ്രിട്ടനിലെ പ്രവര്‍ത്തനങ്ങള്‍ക്കും അജിമോളും ഭര്‍ത്താവ് പ്രദീപ് ജേക്കബും പിന്തുണ നല്‍കി വരുന്നു. ബ്രിട്ടനില്‍ മാനസിക സമ്മര്‍ദം നേരിടുന്നവരെ സഹായിക്കുന്നതിനായി ആരംഭിച്ച 'കേള്‍ക്കാം' പദ്ധതിയുടെ മുഖ്യ സംഘാടകരില്‍ ഒരാളുമാണ് ഡോ. അജിമോള്‍ പ്രദീപ്. ഹെല്‍ത്ത് സര്‍വീസ് ജേര്‍ണല്‍ അവാര്‍ഡ്, ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് നഴ്‌സിങ്ങിന്റെ 'നഴ്‌സ് ഓഫ് ദ ഇയര്‍' പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും നേരത്തെ ഇവരെ തേടിയെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് എംപയര്‍ മെഡലിന് പിന്നാലെ ആഗോള നഴ്‌സിങ് രംഗത്തെ പ്രമുഖ പുരസ്‌കാരവും സ്വന്തമാക്കിയതോടെ ഡോ. അജിമോള്‍ പ്രദീപിന്റെ നേട്ടം ബ്രിട്ടനിലെ മലയാളി സമൂഹത്തിനും ഇന്ത്യന്‍ നഴ്‌സിങ് സമൂഹത്തിനും അഭിമാനമായി മാറിയിരിക്കുകയാണ്.