ലണ്ടന്‍: ബ്രിട്ടനില്‍ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ക്കെതിരായ അധിക്ഷേപവും ഭീഷണിയും ഗുരുതരമായി വര്‍ധിക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട്. ഇംഗ്ലണ്ടില്‍ ഈ വര്‍ഷം നടന്ന പ്രാദേശിക, മേയര്‍ തിരഞ്ഞെടുപ്പുകളുടെ അവലോകനത്തിലാണ് സ്ഥാനാര്‍ഥികള്‍ നേരിടുന്ന ആക്രമണങ്ങളും പീഡനങ്ങളും വര്‍ധിച്ചതായി കണ്ടെത്തിയത്. ലേബര്‍ പാര്‍ട്ടിയുടെയും റിഫോം യുകെയുടെയും സ്ഥാനാര്‍ഥികളില്‍ പകുതിയിലധികം പേരും അധിക്ഷേപത്തിനോ ഭീഷണിക്കോ ഇരയായതായി റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകള്‍, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍, ഭിന്നശേഷിക്കാര്‍ എന്നിവരാണ് കൂടുതലായി ലക്ഷ്യമാക്കപ്പെട്ടതെന്നും കമ്മീഷന്‍ വ്യക്തമാക്കി. സ്ഥാനാര്‍ഥികള്‍ക്ക് നേരെ തുപ്പല്‍, വാക്കാല്‍ അധിക്ഷേപിക്കല്‍, ഭീഷണിപ്പെടുത്തല്‍, ശാരീരികമായി ആക്രമിക്കല്‍ തുടങ്ങിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വീടുകള്‍ തോറും പ്രചാരണത്തിന് പോകുന്നതിനിടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വര്‍ധിച്ചതായും നിരവധി സ്ഥാനാര്‍ഥികള്‍ കമ്മീഷനോട് വെളിപ്പെടുത്തി.
''ഇത്തവണ വീടുകള്‍ തോറും പ്രചാരണത്തിന് പോകുമ്പോള്‍ ഭര്‍ത്താവിനെയും ഒപ്പം കൂട്ടേണ്ടിവന്നു. ആദ്യമായാണ് അങ്ങനെ ചെയ്യേണ്ടിവന്നത്,'' ഒരു സ്ഥാനാര്‍ഥി പറഞ്ഞു. തുടര്‍ച്ചയായ ഭീഷണിയും പീഡനവും കാരണം ഭാവിയില്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ മൂന്നിലൊന്ന് സ്ഥാനാര്‍ഥികളും ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജനാധിപത്യ പ്രക്രിയയില്‍ നേരിട്ട് പങ്കെടുക്കുന്നവരുടെ സുരക്ഷയെ ഇത് ബാധിക്കുമെന്ന ആശങ്കയും കമ്മീഷന്‍ ഉയര്‍ത്തി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് ഭയമില്ലാതെ പ്രചാരണം നടത്താനും പൊതുജനങ്ങളുമായി ഇടപഴകാനും കഴിയുന്ന സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ബ്രിട്ടീഷ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. സ്ഥാനാര്‍ഥികള്‍ക്കെതിരായ ഭീഷണിയും ആക്രമണവും ജനാധിപത്യ സംവിധാനത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് ഗുരുതരമായ വെല്ലുവിളിയാണെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.