Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
UK Special
  Add your Comment comment
യുക്രെയ്ന്‍-പോളണ്ട് അതിര്‍ത്തിക്ക് സമീപം റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ബോറിസ് ജോണ്‍സന്‍ സഞ്ചരിച്ച പാതയില്‍ സുരക്ഷാ ആശങ്ക
reporter

ലണ്ടന്‍/കീവ്: യുക്രെയ്ന്‍-പോളണ്ട് അതിര്‍ത്തിക്ക് സമീപമുള്ള യഹോദിന്‍ റെയില്‍വേ സ്റ്റേഷന്‍ മേഖലയില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണം. മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും മുതിര്‍ന്ന യൂറോപ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഇതേ റെയില്‍പാതയിലൂടെ മറ്റൊരു ട്രെയിനില്‍ കടന്നുപോയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ യാത്രാ ട്രെയിനിന്റെ എന്‍ജിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തിന്റെ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് യാത്രക്കാരെ നേരത്തെ സുരക്ഷിതമായി ഒഴിപ്പിച്ചതായി യുക്രെയ്ന്‍ അധികൃതര്‍ അറിയിച്ചു. പോളണ്ട് അതിര്‍ത്തിക്ക് സമീപം ആക്രമണം നടന്നത് മേഖലയില്‍ സുരക്ഷാ ആശങ്ക കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. കീവില്‍ നടന്ന യാല്‍റ്റ യൂറോപ്യന്‍ സ്ട്രാറ്റജി സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ബോറിസ് ജോണ്‍സനും വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും ഇതേ റെയില്‍പാതയിലൂടെയാണ് സഞ്ചരിച്ചത്. ബ്രിട്ടന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജൊനാഥന്‍ പവലും സംഘത്തിലുണ്ടായിരുന്നു.

എന്നാല്‍ ബോറിസ് ജോണ്‍സനും സംഘവും സഞ്ചരിച്ച ട്രെയിന്‍ യഹോദിന്‍ സ്റ്റേഷനില്‍ നിന്ന് നേരത്തെ തന്നെ പുറപ്പെട്ടിരുന്നു. റഷ്യന്‍ ആക്രമണ ഭീഷണിയെ തുടര്‍ന്ന് സമയക്രമത്തില്‍ മാറ്റം വരുത്തിയതിനാലാണ് ട്രെയിന്‍ നേരത്തെ പുറപ്പെട്ടതെന്ന് യുക്രെയ്ന്‍ സ്റ്റേറ്റ് റെയില്‍വേ കമ്പനിയായ ഉക്ര്‌സലിസ്‌നിത്സ്യ അറിയിച്ചു. പിന്നീട് അതേ മേഖലയിലൂടെ സഞ്ചരിച്ച മറ്റൊരു യാത്രാ ട്രെയിനിന്റെ എന്‍ജിനിലാണ് റഷ്യന്‍ ഡ്രോണ്‍ പതിച്ചത്. അതിനാല്‍ ആക്രമിക്കപ്പെട്ടത് ബോറിസ് ജോണ്‍സനും യൂറോപ്യന്‍ ഉദ്യോഗസ്ഥരും സഞ്ചരിച്ച ട്രെയിന്‍ അല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പാശ്ചാത്യ യുക്രെയ്‌നിലെ റെയില്‍വേ അടിസ്ഥാന സൗകര്യങ്ങളാണ് ലക്ഷ്യമിട്ടതെന്നാണ് റഷ്യയുടെ വിശദീകരണം. എന്നാല്‍ ആക്രമണത്തിന്റെ സമയവും സ്ഥലവും കണക്കിലെടുക്കുമ്പോള്‍ നയതന്ത്ര സംഘം സഞ്ചരിച്ചിരുന്ന ട്രെയിന്‍ ലക്ഷ്യമിട്ടതാകാനുള്ള സാധ്യത പൂര്‍ണമായും തള്ളാനാകില്ലെന്നാണ് യുക്രെയ്ന്‍ റെയില്‍വേ അധികൃതരുടെ നിലപാട്. അതേസമയം ബോറിസ് ജോണ്‍സനെയോ മറ്റു യൂറോപ്യന്‍ ഉദ്യോഗസ്ഥരെയോ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരണമില്ല. റഷ്യന്‍ ജെറ്റ് പ്രൊപ്പല്‍ഡ് ഡ്രോണ്‍ പതിക്കുന്നതിന് ഏകദേശം 15 മിനിറ്റ് മുന്‍പാണ് ആക്രമിക്കപ്പെട്ട ട്രെയിനിലെ യാത്രക്കാരോട് ഒഴിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു. യഹോദിന്‍ സ്റ്റേഷനില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്നത്. പോളണ്ട് അതിര്‍ത്തിക്ക് വളരെ സമീപമുള്ള പ്രദേശമായതിനാല്‍ സംഭവത്തിന് കൂടുതല്‍ സുരക്ഷാ പ്രാധാന്യമുണ്ട്.

മുന്‍ സിഐഎ മേധാവി ഡേവിഡ് പെട്രേയസും ആക്രമണം നടക്കുമ്പോള്‍ യഹോദിന്‍ സ്റ്റേഷനിലുണ്ടായിരുന്ന മറ്റൊരു ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്നുവെന്ന് യുക്രെയ്ന്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു. കീവിലെ സമ്മേളനത്തില്‍ പങ്കെടുത്ത മുന്‍ സ്വീഡിഷ് പ്രധാനമന്ത്രി കാര്‍ല്‍ ബില്‍ഡ്റ്റ് സഞ്ചരിച്ച ട്രെയിനിലെ യാത്രക്കാരോടും ഒഴിപ്പിക്കലിന് തയാറാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പിന്നീട് സ്ഥിതി സുരക്ഷിതമാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് യാത്ര തുടരുകയും ട്രെയിന്‍ പോളണ്ടിലെ അതിര്‍ത്തി സ്റ്റേഷനായ ദൊറോഹുസ്‌കില്‍ സുരക്ഷിതമായി എത്തുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് പോളിഷ് പ്രധാനമന്ത്രി ഡോണള്‍ഡ് ടസ്‌ക് അടിയന്തര യോഗം വിളിച്ചു. റഷ്യയുടെ ആക്രമണങ്ങള്‍ കൂടുതല്‍ ശക്തമാകുകയും പോളണ്ട് അതിര്‍ത്തിയോട് അടുത്തുവരികയുമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആക്രമണത്തെ ബോറിസ് ജോണ്‍സനും അപലപിച്ചു. യുക്രെയ്ന്‍ ജനത ദിനംപ്രതി നേരിടുന്ന ക്രൂരവും അര്‍ഥശൂന്യവുമായ റഷ്യന്‍ ആക്രമണങ്ങളുടെ മറ്റൊരു ഉദാഹരണമാണിതെന്ന് അദ്ദേഹം പറഞ്ഞു. യുക്രെയ്‌നിന് ആവശ്യമായ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ നല്‍കാന്‍ സഖ്യരാജ്യങ്ങള്‍ തയ്യാറാകണമെന്നും ജോണ്‍സന്‍ ആവശ്യപ്പെട്ടു. യുക്രെയ്‌നിലെ ട്രെയിനുകള്‍, റെയില്‍വേ ഡിപ്പോകള്‍, ഇന്ധന കേന്ദ്രങ്ങള്‍, അതിര്‍ത്തി ക്രോസിങ്ങുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് റഷ്യ അടുത്തിടെ ആക്രമണം ശക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. 2022ല്‍ റഷ്യയുടെ പൂര്‍ണതോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷം യുക്രെയ്‌നിലെ വ്യോമഗതാഗതം നിലച്ചതിനാല്‍ രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ പ്രധാന യാത്രാമാര്‍ഗമായി റെയില്‍വേ മാറിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window