കാസര്‍കോട്: നിര്‍മാണം തൊണ്ണൂറ് ശതമാനത്തോളം പൂര്‍ത്തിയായിട്ടും അധികൃതരുടെ അനാസ്ഥയില്‍ ചെമ്മനാട് പഞ്ചായത്തിലെ ബെണ്ടിച്ചാലില്‍ ലൈഫ് മിഷന്‍ ഭവനസമുച്ചയം കാടുകയറി നശിക്കുന്നു. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത 44 നിര്‍ധന കുടുംബങ്ങള്‍ക്കായി നിര്‍മിച്ച നാലുനില കെട്ടിടമാണ് വര്‍ഷത്തോളമായി പണി നിലച്ചതോടെ ഉപേക്ഷിക്കപ്പെട്ട നിലയിലായത്. ചട്ടഞ്ചാല്‍-ദളി റോഡരികില്‍ കിഫ്ബി ധനസഹായത്തോടെ 6.64 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഭവനസമുച്ചയത്തിന്റെ പ്രധാന ഭിത്തികളിലടക്കം കാട്ടുവള്ളികളും ചെടികളും പടര്‍ന്നുകയറിയിട്ടുണ്ട്. തറയില്‍ സ്ഥാപിച്ച പ്ലംബിങ് പൈപ്പുകള്‍ക്കിടയിലൂടെ വള്ളികള്‍ കെട്ടിടത്തിനകത്തേക്കും വളര്‍ന്നിട്ടുണ്ട്. പ്രീഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യയില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ ഘടനാപരമായ സുരക്ഷയ്ക്കുപോലും ഇത് ഭീഷണിയാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കല്ലും മരവും ഒഴിവാക്കി ആധുനിക പ്രീഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് 26,848 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് സമുച്ചയം രൂപകല്‍പ്പന ചെയ്തത്. ഹൈദരാബാദ് ആസ്ഥാനമായ പെന്നാര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനായിരുന്നു 5.14 കോടി രൂപയുടെ പ്രധാന നിര്‍മാണച്ചുമതല. 56.65 ലക്ഷം രൂപയുടെ അനുബന്ധ ബാഹ്യപ്രവൃത്തികള്‍ മറ്റൊരു കരാറുകാരനെയും ഏല്‍പ്പിച്ചിരുന്നു.
പദ്ധതിക്കായി ഇതുവരെ 5.37 കോടി രൂപ ചെലവഴിച്ചതായാണ് കണക്ക്. ഇതില്‍ 4.71 കോടി രൂപ പ്രധാന കരാറുകാരന് നല്‍കിയിട്ടുണ്ട്. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 59.9 ലക്ഷം രൂപ അധികമായി ചെലവഴിച്ച് വാട്ടര്‍ അതോറിറ്റി വഴി ശുദ്ധജല കണക്ഷനും എത്തിച്ചിരുന്നു. എന്നാല്‍ പ്ലംബിങ് ഫിറ്റിംഗുകള്‍, വൈദ്യുതി വയറിംഗ്, ഡീസല്‍ ജനറേറ്റര്‍, ഫയര്‍ വാട്ടര്‍ ടാങ്ക്, ഭിന്നശേഷിക്കാര്‍ക്കുള്ള റാംപ്, ചുറ്റുമതില്‍, ഗേറ്റ്, മാലിന്യ സംസ്‌കരണ പ്ലാന്റ് തുടങ്ങിയ അവശേഷിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാതെ കഴിഞ്ഞ നവംബറില്‍ കരാര്‍ കമ്പനി പണി നിര്‍ത്തുകയായിരുന്നു. ഇതോടെ ഗുണഭോക്താക്കള്‍ക്ക് ഫ്‌ലാറ്റുകള്‍ കൈമാറാനുള്ള നടപടികളും അനിശ്ചിതത്വത്തിലായി. കോവിഡ് കാലത്ത് ആറുമാസത്തിനകം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 2020ലാണ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടന്നത്. എന്നാല്‍ ലോക്ക്ഡൗണും കോവിഡ് നിയന്ത്രണങ്ങളും തുടക്കത്തില്‍ തന്നെ നിര്‍മാണത്തെ ബാധിച്ചു. പിന്നാലെ പ്രീഫാബ് നിര്‍മാണത്തിന് ആവശ്യമായ സ്റ്റീലിന്റെ വില കുത്തനെ ഉയര്‍ന്നതോടെ കരാര്‍ തുക വര്‍ധിപ്പിക്കണമെന്ന് നിര്‍മാണ കമ്പനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇക്കാര്യം പഠിച്ച് ശുപാര്‍ശ നല്‍കാന്‍ 2022 ഫെബ്രുവരി 27ന് സര്‍ക്കാര്‍ സാങ്കേതിക സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. കരാര്‍ തുക പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് നിര്‍മാണം നിലയ്ക്കാന്‍ കാരണമായതെന്നാണ് വിശദീകരണം. സംസ്ഥാനത്തെ സമാന ലൈഫ് മിഷന്‍ പദ്ധതികളുടെ കരാര്‍ തുക പുതുക്കി നിശ്ചയിക്കുന്ന ഫയല്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നാണ് അധികൃതര്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ പണി നിലച്ചിട്ട് ഒരു വര്‍ഷത്തോളമായിട്ടും കരാറുകാരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നതിനപ്പുറം നിര്‍മാണം പുനരാരംഭിക്കാന്‍ കാര്യമായ നടപടികളുണ്ടായിട്ടില്ലെന്നാണ് പരാതി. കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം തുരുമ്പെടുത്തും കാടുകയറിയും നശിക്കുമ്പോള്‍, വീടെന്ന സ്വപ്നവുമായി 44 കുടുംബങ്ങള്‍ ഇപ്പോഴും കാത്തിരിക്കുകയാണ്. സമുച്ചയം സംരക്ഷിക്കാനും അവശേഷിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറാനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.