ലണ്ടന്‍: ഇംഗ്ലണ്ടില്‍ സര്‍വകലാശാല പഠനത്തിനായി വിദ്യാര്‍ഥി വായ്പ എടുക്കുന്നവര്‍ക്ക് വായ്പാ നിബന്ധനകളും തിരിച്ചടവ് രീതികളും സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. വായ്പ എടുത്തതിന് ശേഷവും സര്‍ക്കാരിനും പാര്‍ലമെന്റിനും തിരിച്ചടവ് ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയുമെന്ന കാര്യം വിദ്യാര്‍ഥികളെ മുന്‍കൂട്ടി അറിയിക്കും. തൊഴില്‍, വരുമാനം, കരിയര്‍ മാറ്റങ്ങള്‍ എന്നിവ തിരിച്ചടയ്‌ക്കേണ്ട തുകയെ എങ്ങനെ ബാധിക്കുമെന്നും വിശദീകരിക്കും. വിദ്യാര്‍ഥി വായ്പാ സംവിധാനത്തെക്കുറിച്ച് പാര്‍ലമെന്റിലെ ട്രഷറി കമ്മിറ്റി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. കമ്മിറ്റിയുടെ ചില ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും പലിശനിരക്കും തിരിച്ചടവ് ആരംഭിക്കുന്ന വരുമാനപരിധിയും സംബന്ധിച്ച പ്രധാന നിര്‍ദേശങ്ങള്‍ സ്വീകരിച്ചിട്ടില്ല. വിദ്യാര്‍ഥികള്‍ക്കും വായ്പക്കാര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകുന്ന വിധത്തില്‍ വ്യക്തവും വിശ്വസനീയവുമായ മാര്‍ഗനിര്‍ദേശം ഒരുക്കാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് വിദ്യാര്‍ഥി വായ്പകള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റുഡന്റ് ലോണ്‍സ് കമ്പനി അറിയിച്ചു.
വായ്പ എടുക്കുന്നതിന് മുന്‍പ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന വിവരങ്ങളില്‍, ഭാവിയില്‍ തിരിച്ചടവ് വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന കാര്യം കൂടുതല്‍ വ്യക്തമായി ഉള്‍പ്പെടുത്തും. കരിയര്‍ തിരഞ്ഞെടുപ്പ്, ശമ്പളത്തിലെ വര്‍ധനയോ കുറവോ, പാര്‍ട്ട് ടൈം ജോലി, വീണ്ടും പരിശീലനം നേടല്‍, കരിയര്‍ ഇടവേള എന്നിവ വായ്പാ തിരിച്ചടവില്‍ ഉണ്ടാക്കുന്ന സ്വാധീനവും ഉദാഹരണങ്ങളോടെ വ്യക്തമാക്കും. ഒരു വിദ്യാര്‍ഥി ജീവിതകാലയളവില്‍ ആകെ എത്ര തുക തിരിച്ചടയ്‌ക്കേണ്ടിവരുമെന്ന് കൃത്യമായി പ്രവചിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. പകരം വിവിധ തൊഴില്‍, വരുമാന സാഹചര്യങ്ങളില്‍ തിരിച്ചടവ് എങ്ങനെ മാറുമെന്ന് വിശദീകരിക്കാനാണ് തീരുമാനം.
പ്ലാന്‍ 2 വായ്പക്കാര്‍ക്ക് ആശങ്ക
2012 സെപ്റ്റംബര്‍ മുതല്‍ 2023 ജൂലൈ വരെ ഇംഗ്ലണ്ടില്‍ അനുവദിച്ച പ്ലാന്‍ 2 വിദ്യാര്‍ഥി വായ്പകളാണ് നിലവിലെ ചര്‍ച്ചകളുടെ കേന്ദ്രം. വെയില്‍സിലും പ്ലാന്‍ 2 വായ്പകള്‍ ഇപ്പോഴും അനുവദിക്കുന്നുണ്ട്. പ്ലാന്‍ 2 പ്രകാരം നിശ്ചിത വരുമാനപരിധിക്ക് മുകളിലുള്ള വരുമാനത്തിന്റെ ഒന്‍പത് ശതമാനമാണ് വായ്പ തിരിച്ചടവായി ഈടാക്കുന്നത്. പലിശ റീട്ടെയില്‍ പ്രൈസ് ഇന്‍ഡക്‌സ് അടിസ്ഥാനമാക്കിയുള്ളതും വരുമാനനില അനുസരിച്ച് പരമാവധി മൂന്ന് ശതമാനം വരെ അധിക പലിശ ചുമത്താവുന്നതുമാണ്. സാധാരണയായി തിരിച്ചടവ് ആരംഭിക്കുന്ന വരുമാനപരിധി പണപ്പെരുപ്പത്തിന് അനുസരിച്ച് ഉയരേണ്ടതാണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ ഈ പരിധി £29,385 ആയി മൂന്ന് വര്‍ഷത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. ഇതുമൂലം ചില ബിരുദധാരികള്‍ക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെ തിരിച്ചടവ് ആരംഭിക്കേണ്ടിവരുമെന്നും കൂടുതല്‍ തുക അടയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ഈ മരവിപ്പിക്കല്‍ പിന്‍വലിക്കണമെന്ന് ട്രഷറി കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ £29,385 എന്ന പരിധിയില്‍ മാറ്റം വരുത്തുമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ വ്യക്തമായ ഉറപ്പ് നല്‍കിയിട്ടില്ല. വിദ്യാര്‍ഥി ധനസഹായ സംവിധാനത്തിന്റെ എല്ലാ ഘടകങ്ങളും നിരന്തരം അവലോകനം ചെയ്യുന്നുണ്ടെന്നാണ് ട്രഷറിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും വിശദീകരണം.
വായ്പാ വിവരങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് വിമര്‍ശനം
വിദ്യാര്‍ഥി വായ്പയെക്കുറിച്ച് മുന്‍പ് നല്‍കിയിരുന്ന വിവരങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നുവെന്ന വിമര്‍ശനവും പാര്‍ലമെന്ററി അന്വേഷണത്തിനിടെ ഉയര്‍ന്നു. വായ്പയുടെ പ്രതിമാസ തിരിച്ചടവിനെ £30 വിലയുള്ള മാസ ഫോണ്‍ കരാറുമായി താരതമ്യം ചെയ്തിരുന്നുവെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. സ്‌കൂളുകളില്‍ നടത്തിയ അവതരണങ്ങളില്‍ വിദ്യാര്‍ഥി വായ്പയെ വിശദീകരിക്കുമ്പോള്‍ 'കടം' എന്നതുപോലുള്ള വാക്കുകള്‍ ഒഴിവാക്കാന്‍ അവതാരകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരം സമീപനം വിദ്യാര്‍ഥി വായ്പകളുടെ യഥാര്‍ഥ സ്വഭാവം മറച്ചുവയ്ക്കുന്നതാണെന്നും ഇത് 'മിസ്-സെല്ലിങ്' ആയി കണക്കാക്കാവുന്നതാണെന്നും എംപിമാര്‍ വിലയിരുത്തി.
പുതിയ വിദ്യാര്‍ഥികള്‍ക്ക് പ്ലാന്‍ 5
ഇംഗ്ലണ്ടില്‍ ഇപ്പോള്‍ സര്‍വകലാശാലയില്‍ പ്രവേശിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലാന്‍ 5 വായ്പകളാണ് നല്‍കുന്നത്. പ്ലാന്‍ 2-നെ അപേക്ഷിച്ച് പലിശനിരക്ക് കുറവാണെങ്കിലും തിരിച്ചടവ് ആരംഭിക്കുന്ന വരുമാനപരിധി താഴെയാണ്. വായ്പ തിരിച്ചടയ്‌ക്കേണ്ട കാലയളവും കൂടുതലാണ്. വിദ്യാര്‍ഥി വായ്പാ സംവിധാനം സമഗ്രമായി പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ 120-ലധികം എംപിമാരും ലോര്‍ഡുമാരും അടിയന്തര അവലോകനം ആവശ്യപ്പെട്ടുള്ള കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. പ്ലാന്‍ 2 വായ്പക്കാരനായ ലിബറല്‍ ഡെമോക്രാറ്റ് എംപി ടോം ഗോര്‍ഡന്‍ വിദ്യാര്‍ഥി വായ്പാ സംവിധാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. പ്ലാന്‍ 2 വായ്പകളിലെ പലിശനിരക്ക് അതിരുകടന്നതാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി ലൂസി പവലും നേരത്തെ വിമര്‍ശിച്ചിരുന്നു.