ലണ്ടന്‍: യുകെയിലുടനീളം ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ തടസ്സപ്പെടാന്‍ കാരണമായ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിലെ വന്‍ തകരാറിന് പിന്നില്‍ സൈനിക വിമാനമെന്ന് റിപ്പോര്‍ട്ട്. സൈനിക വിമാനം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിലേക്ക് അസാധുവായ ഫ്ലൈറ്റ് ഡാറ്റ നല്‍കിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് പുറത്തുവരുന്ന വിവരം. ചൊവ്വാഴ്ച നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസിന്റെ (നാറ്റ്‌സ്) സംവിധാനം ഏകദേശം നാല് മണിക്കൂറോളം പ്രവര്‍ത്തനരഹിതമായിരുന്നു. ഇതിനെ തുടര്‍ന്ന് 2,000ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ലക്ഷക്കണക്കിന് യാത്രക്കാരുടെ യാത്രാ പദ്ധതികള്‍ താറുമാറാകുകയും ചെയ്തു. സംഭവത്തെക്കുറിച്ച് നേരിട്ട് വിവരമുള്ള നാല് പേരെ ഉദ്ധരിച്ചാണ് ഫിനാന്‍ഷ്യല്‍ ടൈംസ് സൈനിക വിമാനത്തിന്റെ ഫ്ലൈറ്റ് പ്ലാനാണ് നാറ്റ്‌സ് ഉപയോഗിക്കുന്ന എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തില്‍ തകരാര്‍ സൃഷ്ടിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്തത്. സിസ്റ്റത്തിലേക്ക് എത്തിയ അസാധുവായ ഡാറ്റ കൈകാര്യം ചെയ്യുന്നതിനിടെ സാങ്കേതിക സംവിധാനം പ്രവര്‍ത്തനരഹിതമാകുകയായിരുന്നുവെന്നാണ് വിവരം. മണിക്കൂറുകളോളം പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാനായില്ല.
നാറ്റ്‌സിന്റെ പ്രധാന പ്രവര്‍ത്തന സംവിധാനത്തിന് പ്രത്യേക സമ്പൂര്‍ണ ബാക്കപ്പ് സംവിധാനം ഉണ്ടായിരുന്നില്ലെന്ന വിവരവും ഇതിനിടെ പുറത്തുവന്നു. നിലവില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനങ്ങളുടെ സമഗ്ര നവീകരണം പുരോഗമിക്കുകയാണെന്നും വന്‍തോതിലുള്ള ഡാറ്റയുടെ പൂര്‍ണ പകര്‍പ്പ് സൂക്ഷിക്കുന്ന ബാക്കപ്പ് സംവിധാനം ഒരുക്കുന്നത് വളരെ ചെലവേറിയതാണെന്നും നാറ്റ്‌സ് വിമാനത്താവളങ്ങളെയും വിമാനക്കമ്പനികളെയും അറിയിച്ചതായാണ് റിപ്പോര്‍ട്ട്. വന്‍തോതിലുള്ള വിമാന റദ്ദാക്കലുകള്‍ക്കും യാത്രക്കാരുടെ ദുരിതത്തിനും പിന്നാലെ നാറ്റ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ട്ടിന്‍ റോള്‍ഫിനുമേല്‍ സമ്മര്‍ദം ശക്തമായിട്ടുണ്ട്. ബുധനാഴ്ച ഗതാഗത സെക്രട്ടറി ഹെയ്ഡി അലക്‌സാണ്ടര്‍ അദ്ദേഹത്തെ വിളിച്ചുവരുത്തി വിശദീകരണം തേടി. സംഭവം ഒഴിവാക്കാനാകാത്ത ഒന്നായിരുന്നുവെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ഹെയ്ഡി അലക്‌സാണ്ടര്‍ വ്യക്തമാക്കി. തകരാറിലേക്ക് നയിച്ച സാഹചര്യങ്ങളും സുരക്ഷാ സംവിധാനങ്ങളിലെ പോരായ്മകളും വിശദീകരിക്കുന്ന റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനും മാര്‍ട്ടിന്‍ റോള്‍ഫിന് നിര്‍ദേശം നല്‍കിയതായാണ് വിവരം.
സംഭവത്തില്‍ യുകെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും സ്വതന്ത്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക സംവിധാനത്തിലെ പിഴവുകള്‍ക്കൊപ്പം ആവശ്യമായ ബാക്കപ്പ് സംവിധാനങ്ങള്‍ ഉണ്ടായിരുന്നോയെന്നതും മുന്‍കരുതല്‍ നടപടികള്‍ പര്യാപ്തമായിരുന്നോയെന്നതും അന്വേഷണത്തിന്റെ ഭാഗമാകും. 2023 ഓഗസ്റ്റിന് ശേഷം ബ്രിട്ടീഷ് വാണിജ്യ വ്യോമമേഖലയെ ബാധിച്ച ഏറ്റവും ഗുരുതരമായ സാങ്കേതിക പ്രതിസന്ധിയായാണ് പുതിയ സംഭവം വിലയിരുത്തപ്പെടുന്നത്. 2023ലെ തകരാറിനെ തുടര്‍ന്ന് ഏകദേശം 1,600 വിമാന സര്‍വീസുകള്‍ വൈകുകയോ റദ്ദാകുകയോ ചെയ്തിരുന്നു. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അന്ന് 34 നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ എല്ലാം നടപ്പാക്കിയതായി നാറ്റ്‌സ് പിന്നീട് അവകാശപ്പെട്ടിരുന്നു. എന്നിട്ടും വീണ്ടും വലിയ തോതിലുള്ള തകരാര്‍ ഉണ്ടായത് സംവിധാനത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്.
ആദ്യഘട്ടത്തില്‍ സൈബര്‍ ആക്രമണമാകാമെന്ന സംശയം ഉയര്‍ന്നിരുന്നെങ്കിലും നാറ്റ്‌സ് ഇത് തള്ളിക്കളഞ്ഞു. 50 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ സമാന സ്വഭാവത്തിലുള്ള പ്രശ്‌നം ആവര്‍ത്തിച്ച് ഉണ്ടായിട്ടില്ലെന്നും ഇത്തവണത്തെ സംഭവം മുന്‍കാല തകരാറുകളില്‍നിന്ന് വ്യത്യസ്തമാണെന്നും മാര്‍ട്ടിന്‍ റോള്‍ഫ് വ്യക്തമാക്കി. വിമാന സര്‍വീസുകളുടെ സുരക്ഷയ്ക്കും സമയബന്ധിത പ്രവര്‍ത്തനത്തിനും നിര്‍ണായകമായ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തില്‍ ഒരൊറ്റ അസാധുവായ ഫ്ലൈറ്റ് ഡാറ്റയ്ക്ക് ഇത്രയും വലിയ പ്രതിസന്ധി സൃഷ്ടിക്കാനായെന്ന വിവരം പുറത്തുവന്നതോടെ ബ്രിട്ടനിലെ വ്യോമഗതാഗത സംവിധാനങ്ങളുടെ സാങ്കേതിക സുരക്ഷയും അടിയന്തര ബാക്കപ്പ് സംവിധാനങ്ങളും വീണ്ടും പരിശോധനയ്ക്ക് വിധേയമാകുകയാണ്.