ലണ്ടന്‍/കാര്‍ഡിഫ്: യുണൈറ്റഡ് കിങ്ഡത്തിന്റെ ഭാവിയെക്കുറിച്ചുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് പുതിയ വേഗം നല്‍കി സ്‌കോട്ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ദേശീയവാദ നേതാക്കള്‍ കാര്‍ഡിഫില്‍ ഒത്തുചേരുന്നു. തങ്ങളുടെ ഭരണഘടനാപരമായ ഭാവി തീരുമാനിക്കാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിക്കണമെന്നും സ്വയംനിര്‍ണയാവകാശം അംഗീകരിക്കണമെന്നും ആവശ്യപ്പെടുന്ന സംയുക്ത പ്രഖ്യാപനത്തില്‍ നേതാക്കള്‍ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. വെയില്‍സ് തലസ്ഥാനമായ കാര്‍ഡിഫില്‍ നടക്കുന്ന ഉച്ചകോടിയില്‍ സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്ററും എസ്എന്‍പി നേതാവുമായ ജോണ്‍ സ്വീനി, വെയില്‍സ് ഫസ്റ്റ് മിനിസ്റ്ററും പ്ലെയ്ഡ് കംറി നേതാവുമായ റൂണ്‍ ആപ് അയവര്‍ത്ത്, വടക്കന്‍ അയര്‍ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ മിഷേല്‍ ഒനീല്‍ എന്നിവര്‍ പങ്കെടുക്കും. സിന്‍ ഫെയ്ന്‍ പ്രസിഡന്റ് മേരി ലൂ മക്‌ഡൊണാള്‍ഡും ചര്‍ച്ചകളുടെ ഭാഗമാകും. ചരിത്രത്തിലാദ്യമായി ഈ മൂന്ന് ഭരണകൂടങ്ങളുടെയും നേതൃത്വം സ്വയംനിര്‍ണയത്തെയോ സ്വാതന്ത്ര്യത്തെയോ പിന്തുണയ്ക്കുന്ന പാര്‍ട്ടികളുടെ കൈകളിലായ സാഹചര്യത്തിലാണ് ഉച്ചകോടി.
സ്‌കോട്ലന്‍ഡിനും വെയില്‍സിനും സ്വാതന്ത്ര്യം സംബന്ധിച്ചും വടക്കന്‍ അയര്‍ലന്‍ഡിന് അയര്‍ലന്‍ഡ് റിപ്പബ്ലിക്കുമായുള്ള ഏകീകരണം സംബന്ധിച്ചും ജനങ്ങളുടെ അഭിപ്രായം തേടാനുള്ള വ്യക്തമായ ജനാധിപത്യപാത വേണമെന്നാണ് നേതാക്കളുടെ ആവശ്യം. എന്നാല്‍ നിലവിലെ ഭരണഘടനാ സംവിധാനപ്രകാരം സ്‌കോട്ലന്‍ഡിന് ഏകപക്ഷീയമായി സ്വാതന്ത്ര്യ ഹിതപരിശോധന നടത്താനുള്ള അധികാരമില്ല. നിയമാനുസൃതമായ വോട്ടെടുപ്പിന് വെസ്റ്റ്മിന്‍സ്റ്ററിന്റെ അംഗീകാരം ആവശ്യമാണ്. വടക്കന്‍ അയര്‍ലന്‍ഡിന്റെ കാര്യത്തില്‍ 1998ലെ ഗുഡ് ഫ്രൈഡേ കരാറിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക വ്യവസ്ഥകളാണ് നിലവിലുള്ളത്. സ്വാതന്ത്ര്യം യാഥാര്‍ഥ്യമായാല്‍ സ്‌കോട്ലന്‍ഡും വെയില്‍സും യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം വീണ്ടും ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്നാണ് ദേശീയവാദികളുടെ നിലപാട്. ബ്രെക്‌സിറ്റിനെ തുടര്‍ന്ന് യുകെ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുവന്നിരുന്നു. വടക്കന്‍ അയര്‍ലന്‍ഡ് അയര്‍ലന്‍ഡ് റിപ്പബ്ലിക്കുമായി ഏകീകരിക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ അത് യൂറോപ്യന്‍ യൂണിയന്റെ ഭാഗമാകുമെന്ന വാദവും ചര്‍ച്ചകളിലുണ്ട്. സാമ്പത്തികം, ഊര്‍ജം, യൂറോപ്യന്‍ ബന്ധങ്ങള്‍, അന്താരാഷ്ട്ര സഹകരണം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ഏകോപനത്തിനും നേതാക്കള്‍ ശ്രമിക്കും.
അയര്‍ലന്‍ഡ് സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഐറിഷ് ഏകീകരണത്തെ പരസ്യമായി പിന്തുണച്ചതിന് പിന്നാലെയാണ് കാര്‍ഡിഫ് ഉച്ചകോടിയെന്നതും ശ്രദ്ധേയമാണ്. വടക്കന്‍ അയര്‍ലന്‍ഡും അയര്‍ലന്‍ഡ് റിപ്പബ്ലിക്കും ഒന്നിക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അത് സ്വാഭാവികമായ പുരോഗതിയായിരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പരാമര്‍ശം വടക്കന്‍ അയര്‍ലന്‍ഡിലെ യൂണിയനിസ്റ്റ് രാഷ്ട്രീയ നേതാക്കളില്‍ കടുത്ത പ്രതികരണത്തിനും ഇടയാക്കി. പുതിയ നീക്കങ്ങള്‍ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിനും ലണ്ടനിലെ ഭരണകൂടത്തിനും വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ജൂലൈ 20ന് പ്രധാനമന്ത്രിയായ ബേണ്‍ഹാം തുടക്കത്തില്‍ പുതിയ ഭരണഘടനാ ഹിതപരിശോധനകളോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. എന്നാല്‍ വ്യക്തമായ ജനപിന്തുണ ഉണ്ടാകുന്ന സാഹചര്യം ഉള്‍പ്പെടെ ഭാവിയിലെ ഭരണഘടനാ ചര്‍ച്ചകള്‍ ഇപ്പോള്‍ കൂടുതല്‍ സജീവമായിരിക്കുകയാണ്.
സ്‌കോട്ലന്‍ഡില്‍ 2014ല്‍ നടന്ന സ്വാതന്ത്ര്യ ഹിതപരിശോധനയില്‍ യുകെയില്‍ തുടരുന്നതിനാണ് ഭൂരിപക്ഷം വോട്ടര്‍മാര്‍ പിന്തുണ നല്‍കിയത്. എന്നാല്‍ ബ്രെക്‌സിറ്റിനും സമീപകാല രാഷ്ട്രീയ മാറ്റങ്ങള്‍ക്കും പിന്നാലെ സ്വാതന്ത്ര്യചര്‍ച്ച വീണ്ടും ശക്തമായി. വെയില്‍സിലും സ്വയംഭരണവും സ്വാതന്ത്ര്യവും സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പുതിയ രാഷ്ട്രീയ പിന്തുണ ലഭിച്ചിട്ടുണ്ട്. അതേസമയം വടക്കന്‍ അയര്‍ലന്‍ഡില്‍ ഐറിഷ് ഏകീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ ഗുഡ് ഫ്രൈഡേ കരാറിന്റെ പശ്ചാത്തലത്തില്‍ തുടരുകയാണ്. മൂന്ന് ദേശീയവാദ നേതൃത്വങ്ങളും ഒരേ വേദിയില്‍ സ്വയംനിര്‍ണയാവകാശം ഉയര്‍ത്തുന്നതോടെ യുകെയുടെ ഭരണഘടനാപരമായ ഭാവി വീണ്ടും ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചാവിഷയമായി മാറുകയാണ്.