ലണ്ടന്‍: ദേശീയതലത്തില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ വീടുകളില്‍ അവശ്യസാധനങ്ങള്‍ കരുതണമെന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരെ വിമര്‍ശനം. അതിതീവ്ര കാലാവസ്ഥ, സൈബര്‍ ആക്രമണം തുടങ്ങിയവ മൂലം അവശ്യസേവനങ്ങള്‍ തടസ്സപ്പെട്ടാല്‍ ഉപയോഗിക്കുന്നതിനായി ഭക്ഷണം, കുപ്പിവെള്ളം, പണം, ടോയ്ലറ്റ് പേപ്പര്‍ എന്നിവ സൂക്ഷിക്കണമെന്നാണ് നിര്‍ദേശം. സര്‍ക്കാരിന്റെ 'ബി റെഡി' മാര്‍ഗനിര്‍ദേശപ്രകാരം, ജലവിതരണം നിലയ്ക്കുകയോ കടകള്‍ അടച്ചിടേണ്ടിവരുകയോ ചെയ്താല്‍ മൂന്ന് ദിവസം കഴിയുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ കുടുംബങ്ങള്‍ നടത്തണം. ഒരാള്‍ക്ക് ഒന്‍പത് ലിറ്റര്‍ കുടിവെള്ളം കരുതണം. പാകം ചെയ്യാതെയും ഫ്രിഡ്ജില്‍ സൂക്ഷിക്കാതെയും കഴിക്കാവുന്ന ടിന്നിലടച്ച മാംസം, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കളും ശേഖരിക്കണമെന്ന് നിര്‍ദേശിക്കുന്നു.
ബാറ്ററിയിലോ കൈകൊണ്ട് ചാര്‍ജ് ചെയ്‌തോ പ്രവര്‍ത്തിപ്പിക്കാവുന്ന എഫ്എം റേഡിയോ, ടോര്‍ച്ച്, പ്രഥമശുശ്രൂഷാ കിറ്റ്, പതിവായി ഉപയോഗിക്കുന്ന മരുന്നുകള്‍ എന്നിവയും അടിയന്തര കിറ്റില്‍ ഉള്‍പ്പെടുത്തണം. വൈദ്യുതി തടസ്സപ്പെടുന്ന സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ പുതപ്പുകളും കരുതണം. അടിയന്തരമായി വീടുവിട്ടിറങ്ങേണ്ടിവന്നാല്‍ സ്വീകരിക്കേണ്ട വഴികള്‍ മുന്‍കൂട്ടി നിശ്ചയിക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. കുടുംബാംഗങ്ങള്‍ വേര്‍പെട്ടുപോയാല്‍ വീണ്ടും ഒത്തുചേരാനുള്ള സ്ഥലവും തീരുമാനിക്കണം. ഇന്‍ഷുറന്‍സ് പോളിസി നമ്പറുകള്‍, വിവരങ്ങള്‍ അറിയാന്‍ ആശ്രയിക്കുന്ന റേഡിയോ സ്റ്റേഷനുകളുടെ ഫ്രീക്വന്‍സികള്‍ തുടങ്ങിയവ രേഖപ്പെടുത്തി സൂക്ഷിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രകൃതിദുരന്തങ്ങള്‍, സ്ഥാപനങ്ങള്‍ക്കുനേരെയുള്ള ഹാക്കിങ്, ഭീകരാക്രമണങ്ങള്‍ എന്നിവ വിതരണശൃംഖലയെ ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നൊരുക്കങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകളിലെ പണമിടപാട് സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായാല്‍ എങ്ങനെ അവശ്യസാധനങ്ങള്‍ വാങ്ങുമെന്നതടക്കമുള്ള ദൈനംദിന പ്രതിസന്ധികളെക്കുറിച്ച് ജനങ്ങള്‍ ചിന്തിക്കണമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിസന്ധികളെ നേരിടാനുള്ള രാജ്യത്തിന്റെ തയ്യാറെടുപ്പില്‍ ഓരോരുത്തര്‍ക്കും പങ്കുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം, വീടുകളില്‍ അവശ്യസാധനങ്ങള്‍ ശേഖരിക്കാന്‍ കുടുംബങ്ങളെ ഉപദേശിക്കുന്ന നടപടിയാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.