|
24 മണിക്കൂനിടയില്‍ ബ്രിട്ടനില്‍ ദുരിതം വിതയ്ക്കാന്‍ രണ്ടു കൊടുങ്കാറ്റുകള്‍. ഓസ്റ്റന്‍ കൊടുങ്കാറ്റും ബോയ്ലോ കൊടുങ്കാറ്റും ആഞ്ഞടിക്കുമ്പോള്‍ പലയിടങ്ങളിലും യാത്രാ തടസ്സങ്ങളും വൈദ്യുതി തടസ്സങ്ങളും ഉണ്ടായേക്കും എന്നാണു മുന്നറിയിപ്പ്. പാതിരാത്രിയോടെ ഓസ്റ്റന്‍ എത്തുന്നതിന് മുന്നോടിയായി തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ കാറ്റിനെതിരെയുള്ള ആംബര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ മറ്റു ഭാഗങ്ങളില്‍ മഞ്ഞ മുന്നറിയിപ്പും പ്രാബല്യത്തിലുണ്ട്.
രാവിലെ 1 മണി മുതല്‍ രാവിലെ 10 മണിവരെയാണ് ഡെവണ്‍, കോണ്‍വാള്‍ എന്നിവിടങ്ങളില്‍ ആംബര്‍ മുന്നറിയിപ്പ് പ്രാബല്യത്തിലുള്ളത്. മണിക്കൂറില്‍ 60 മുതല്‍ 70 മൈല്‍ വരെ വേഗതയില്‍ കാറ്റ് ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ചില പ്രദേശങ്ങളില്‍ കാറ്റ് മണിക്കൂറില്‍ 80 മൈല്‍ വരെ വേഗത കൈവരിക്കുകയും ചെയ്യും. വീടുകളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടെക്കുമെന്നും ചില കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ വ്യാപകമായും, തെക്കന്‍ വെയില്‍സ്, ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും കാറ്റിനെതിരെയുള്ള മറ്റൊരു മഞ്ഞ മുന്നറിയിപ്പ് ഇന്ന് വൈകിട്ട് 5 മണി വരെ പ്രാബല്യത്തില്‍ ഉണ്ടായിരിക്കും. |