ലണ്ടന്‍: യുകെയില്‍ പണപ്പെരുപ്പം വീണ്ടും ഉയര്‍ന്നത് കുടുംബബജറ്റുകള്‍ക്കും സര്‍ക്കാരിന്റെ സാമ്പത്തിക പദ്ധതികള്‍ക്കും സമ്മര്‍ദമാകുന്നു. ആഗസ്റ്റിലെ 3.1 ശതമാനത്തില്‍നിന്ന് സെപ്റ്റംബറില്‍ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 3.5 ശതമാനമായി ഉയര്‍ന്നതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. ഇന്ധനവിലയിലെ വര്‍ധനയാണ് പ്രധാന കാരണം. ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച യുഎസ്-ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് എണ്ണ, ഗ്യാസ് വിലകള്‍ ഉയരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ധനനീക്കത്തിന് തടസ്സം നേരിട്ടത് ആഗോള വിതരണത്തെ ബാധിക്കുകയും വിലക്കയറ്റത്തിന് വഴിയൊരുക്കുകയും ചെയ്തു. ഇതിനൊപ്പം സര്‍ക്കാരിന്റെ കടമെടുപ്പ് ചെലവ് ഉയരുന്നതും സാമ്പത്തിക സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. ആദ്യ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്ന ചാന്‍സലര്‍ക്ക് പണപ്പെരുപ്പത്തിലെ ഉയര്‍ച്ച വെല്ലുവിളിയാകും. കടമെടുപ്പ് ചെലവ് 24.5 ബില്യണ്‍ പൗണ്ടിലേക്ക് ഉയരുമെന്ന പ്രവചനവും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
പണപ്പെരുപ്പത്തിലെ വര്‍ധന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടുത്ത പലിശനിരക്ക് തീരുമാനത്തെ സ്വാധീനിച്ചേക്കും. അടുത്ത മാസം ചേരുന്ന മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തില്‍ നിലവിലെ 3.75 ശതമാനത്തില്‍നിന്ന് അടിസ്ഥാന പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് വിപണിയുടെ വിലയിരുത്തല്‍. അടുത്ത വര്‍ഷം നിരക്ക് നാലുശതമാനത്തിന് മുകളിലെത്താനുള്ള സാധ്യതയും വിപണി കണക്കാക്കുന്നു. പലിശനിരക്ക് ഉയര്‍ന്നാല്‍ വായ്പയെടുത്ത കുടുംബങ്ങളുടെയും സ്ഥാപനങ്ങളുടെയും തിരിച്ചടവ് ബാധ്യത വര്‍ധിക്കാം. ഇന്ധനവിലക്കയറ്റത്തിനൊപ്പം വായ്പാച്ചെലവും ഉയരാനുള്ള സാധ്യതയാണ് സാമ്പത്തിക രംഗത്തെ ആശങ്ക ശക്തമാക്കുന്നത്.