Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
Tier 2 വിസാ നിയന്ത്രണവും നഴ്‌സുമാരും
പോള്‍ ജോണ്‍
ലണ്ടന്‍ : ഏപ്രില്‍ 2011ല്‍ നടപ്പില്‍ വരുത്തുമെന്ന പറയപ്പെടുന്ന tier 2 വിസാ നിയന്ത്രണം കൂടുതല്‍ വലയ്ക്കാന്‍ പോകുന്നത് യു.കെയിലെ ആരോഗ്യരംഗത്തെയായിരിക്കുമെന്ന് സുനിശ്ചിതമായ ഒരു കാര്യമാണ്. യു.കെയില്‍ ഏതൊക്കെ മേഖലയിലാണ് skill shortage ഉള്ളതെന്ന് നിര്‍ണ്ണയിക്കാന്‍ ഒരു migrant advisory committeeയെ നിയമിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ നിര്‍ണ്ണയപ്രകാരം നഴ്‌സിംഗ് രംഗത്ത് ഓപ്പറേഷന്‍ തീയേറ്റര്‍ നഴ്‌സ്, ഓപ്പറേറ്റിംഗ് ഡിപ്പാര്‍ട്ടമെന്റ് പ്രാക്ടീഷ്‌നര്‍, അതുപോലെ ശിശുതീവ്രപരിചരണ വിഭാഗം (neonatal) കെയറില്‍ സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ള നഴ്‌സുമാര്‍ എന്നീ മേഖലകളില്‍ മാത്രമാണ് ഷോര്‍ട്ടേജ് ഉള്ളതെന്ന് കണ്ടെത്തിയിരുന്നു.

അല്ലാത്ത വിഭാഗത്തിലുള്ള എല്ലാ നഴ്‌സുമാരും shortage occupation പരിധിയില്‍ വരില്ല എന്നും നിഷ്‌കര്‍ഷിച്ചു. ഇതുപ്രകാരം നിലവില്‍ tier 2 വിസ ലഭിക്കാന്‍ ലണ്ടന് പുറത്തുള്ള നഴ്‌സുമാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. കാരണം shortage occupation-ല്‍ പെടാത്ത നഴ്‌സുമാര്‍ tier 2 വിസ ലഭിക്കണമെങ്കില്‍ attribute-ല്‍ 50 point ന് എലിജിബിലിറ്റി ഉള്ളവരായിരിക്കണം. ഇതുപ്രകാരം ഡിപ്ലോമ മാത്രമുള്ള ഒരു നഴ്‌സിന് 50 പോയിന്റ് ലഭിക്കണമെങ്കില്‍ 24,000 പൗണ്ടിന് മുകളില്‍ ശമ്പളം ഓഫര്‍ വേണമെന്നുണ്ട്. ലണ്ടന് പുറത്ത് നഴ്‌സുമാരുടെ തുടക്ക ശമ്പളം 21,000 പൗണ്ട് മാത്രമാണ്. മാത്രമല്ല, പുതിയ ഗവണ്‍മെന്റിന്റെ ചെലവുചുരുക്കല്‍ നടപടിയുടെ ഭാഗമായി എന്‍എച്ച്എസ് ഹോസ്പിറ്റലുകളുടെ ഫണ്ടിങ്ങില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. ആയതിനാല്‍ പല ഹോസ്പിറ്റലുകളും പുതിയ നഴ്‌സിനെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.

എന്നാല്‍ പ്രൈവറ്റ് ഹോസ്പിറ്റലുകളിലും, നഴ്‌സിംഗ് ഹോമുകളിലും ഇപ്പോഴും നഴ്‌സിംഗ് രംഗത്ത് വേക്കന്‍സികളുണ്ട്. ഇവരെയാണ് പുതിയ ഇമിഗ്രേഷന്‍ ക്യാപ്പ് കാര്യമായി ബാധിക്കുക. ലണ്ടന്‍ , മാഞ്ചസ്റ്റര്‍ , ബ്രിസ്റ്റള്‍ , ലിവര്‍പൂള്‍ , കാര്‍ഡിഫ്, ബര്‍ക്കിങ്ഹാം മുതലായ സിറ്റികളില്‍ നഴ്‌സുമാര്‍ക്ക് ക്ഷാമമില്ലാത്തപ്പോള്‍ ഉള്‍പ്രദേശങ്ങളിലുള്ള നഴ്‌സിംഗ് ഹോമുകള്‍ നഴ്‌സുമാരെ ലഭിക്കാന്‍ ന്നെ ബുദ്ധിമുട്ടുന്നുണ്ട്.

tier 2 വിസാ നിയന്ത്രണത്തിന്റെ ഭാഗമായി ഗവണ്‍മെന്റ് കൊണ്ടുവരുന്ന ഒരു പരിഷ്‌കാരമാണ് tier 2 വിസാ ഗ്രാജുവേറ്റ് ലെവല്‍ മാത്രമുള്ള ജോലികള്‍ക്കായി മാത്രം മാറ്റിവെച്ചിട്ടുള്ളത് എന്നത്. നിലവില്‍ യു.കെയില്‍ നഴ്‌സിങ് ഡിപ്ലോമ ലെവലിലുള്ള ഒരു തൊഴിലാണിത്. അതിനാല്‍ ഏപ്രില്‍ 2011 മുതല്‍ നഴ്‌സ് വിഭാഗത്തില്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കാന്‍ സാധിക്കുകയില്ല എന്നതാണ് നഴ്‌സുമാര്‍ക്ക് വിനയാകുന്നത്. b.sc നഴ്‌സിംഗ്് കഴിഞ്ഞിട്ടുള്ള നഴ്‌സുമാര്‍ ധാരാളം ഉണ്ടെങ്കിലും ജോലിയുടെ എന്‍ട്രി ലെവല്‍ ഡിപ്ലോമ ആയതു കാരണം ഇവര്‍ക്കു വേണ്ടി എംപ്ലോയര്‍മാര്‍ക്ക് പുതിയ സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കാന്‍ ഏപ്രില്‍ മുതല്‍ സാധ്യമാകുകയില്ല. ഇത് ധാരാളം എംപ്ലോയര്‍മാരെ പ്രതിസന്ധിയിലാക്കും.

ഏതെല്ലാം ജോലി ഗ്രാജുവേറ്റ് ലെവല്‍ ജോലിയുടെ പരിധിക്കുള്ളില്‍ വരുമെന്ന് നിര്‍ണ്ണയിക്കുക മൈഗ്രന്റ് അഡൈ്വസറി കമ്മിറ്റിയാണ്. അതനുസരിച്ച് shortage occupation ലിസ്റ്റില്‍ മാറ്റമുണ്ടാകും. അതിനാല്‍ മൈഗ്രന്റ് അഡൈ്വസറി കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചാകും നഴ്‌സിങ് മേഖലയില്‍ കുടിയേറ്റക്കാരുെട നിലനില്‍പ്പ്. സെപ്റ്റംബര്‍ 2011 മുതല്‍ യു.കെയില്‍ നഴ്‌സിംഗ് രജിസ്‌ട്രേഷന് ഡിഗ്രി ലെവല്‍ എഡ്യുക്കേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ട് എന്‍.എം.സി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതില്‍ 2013 കൂടി നഴ്‌സിംഗ് ഗ്രാജുവേറ്റ് ലെവല്‍ ജോബിന്റെ പരിധിയില്‍ വരും.

അങ്ങിനെയെങ്കില്‍ നിലവിലുള്ള ഗവണ്‍മെന്റ് തുടരുന്ന പക്ഷം 2013 സെപ്റ്റംബര്‍ മുതല്‍ tier 2 വിസാ നഴ്‌സിങ് ജോലികള്‍ക്ക് വീണ്ടും ലഭിച്ചു തുടങ്ങും. പുതിയ വിസാ ലിമിറ്റ് കുറച്ചു കാലത്തേക്ക് നഴ്‌സിംഗ് മേഖലയ്ക്കു അപ്രാപ്യമായേക്കാമെങ്കിലും long-term-ല്‍ യുകെയുടെ ആരോഗ്യ രംഗത്ത് വിദേശ നഴ്‌സുമാരുടെ സേവനം അനിവാര്യമാണ്. എന്നാല്‍ നഴ്‌സിങ് മേഖലയിലെ ഏറ്റവും പ്രധാന എംപ്ലോയര്‍ എന്‍.എച്ച്.എസ് ട്രസ്റ്റാണ്. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി എന്‍.എച്ച്.എസിനെ ആക്ടീവ് റിക്രൂട്ട്‌മെന്റില്‍ നിന്ന് കുറച്ചു കാലത്തേക്ക് മാറ്റിനിര്‍ത്തിയേക്കാം. അയര്‍ലണ്ടില്‍ നിന്നുള്ള നഴ്‌സുമാരുടെ വരവും നിലവില്‍ എന്‍.എച്ച്.എസിനെ സഹായിച്ചേക്കാം. എന്നാല്‍ ഭാവിയില്‍ യൂറോപ്യന്‍ നഴ്‌സുമാരെ മാത്രം വെച്ച് യുകെയില്‍ എല്ലാവര്‍ക്കും തൃപ്തികരമായ സേവനം നല്‍കാന്‍ എന്‍.എച്ച്.എസിന് സാധിക്കണമെന്നില്ല.

എന്‍.എച്ച്.എസിന്റെ നിലപാട് നഴ്‌സിംഗ് രംഗത്ത് തീര്‍ച്ചയായും വലിയ സ്വാധീനം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ജൂലൈയില്‍ നിലവില്‍ വന്ന ടെംപററി ഇമിഗ്രേഷന്‍ ക്യാപ്പില്‍ ആവശ്യാനുസരണമായ മാറ്റങ്ങള്‍ വരുത്താന്‍ ഗവണ്‍മെന്റ് തയ്യാറാകുന്നുണ്ട്. ഇതിന്റെ ഭാഗമായി നിലവില്‍ tier 2 വിസയിലുള്ള എല്ലാവര്‍ക്കും എക്സ്റ്റന്‍ഷന്‍ ലഭിക്കത്തക്ക വിധത്തില്‍ അഡീഷണല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് അനുവദിക്കുമെന്ന ഗവണ്‍മെന്റിന്റെ നവംബറിലുള്ള പ്രഖ്യാപനം ഇമിഗ്രേഷന്‍ ക്യാപ്പ് സിസ്റ്റത്തില്‍ flexibility ഉണ്ട് എന്നതിന്റെ തെളിവാണ്. ഇമിഗ്രേഷന്‍ ക്യാപ്പ് ബ്രിട്ടീഷ് ബിസിനസ്സുകാര്‍ക്ക് ദുഷ്‌കരമാവും എന്നതാണ് പൊതുവെയുള്ള അഭിപ്രായം. ഇമിഗ്രേഷന്‍ നിയമം നിര്‍ബന്ധമാക്കിയാല്‍ വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന ബിസിനസ്സുകള്‍ രാജ്യത്ത് നിന്ന് പുറത്തേക്ക് പോകും എന്ന ഭീതിയുമുണ്ട്, പ്രത്യേകിച്ച് ഐടി പോലുള്ള മേഖലകള്‍ .

ഇമിഗ്രേഷന്‍ ക്യാപ്പ് കൊണ്ടുമാത്രം കുടിയേറ്റത്തില്‍ നിയന്ത്രണം വരുത്താന്‍ സാധിക്കില്ല എന്ന വിലയിരുത്തല്‍ പൊതുവെയുണ്ട്. മാത്രമല്ല നിലവില്‍ യുകെയില്‍ ഉള്ളത് ഒരു കൂട്ടുകക്ഷി സര്‍ക്കാരാണെന്നതും ഓര്‍ക്കണം. ഈ സാഹചര്യത്തില്‍ യുകെയ്ക്ക് ഏറ്റവും അനിവാര്യമായ ആരോഗ്യ മേഖലയില്‍ വിദേശ നഴ്‌സുമാര്‍ക്ക് നിര്‍ണ്ണായകമായ പങ്കുണ്ട് എന്ന വസ്തുത ആര്‍ക്കും മറന്നു കളയാനാവില്ല. അങ്ങനെയെങ്കില്‍ ഈ കുടിയേറ്റ നിയന്ത്രണം നഴ്‌സുമാരെ സംബന്ധിച്ചെങ്കിലും ഒരു ചെറിയ നാളത്തേക്കുള്ള നിയന്ത്രണം മാത്രമായേക്കാമെന്ന് നമ്മള്‍ മലയാളികള്‍ക്ക് ആശിക്കാം.
 
Other News in this category

 
 




 
Close Window