Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയില്‍ നഴ്‌സ് ജോലിക്ക് IELTS-നു പകരം OET പരീക്ഷ: കൊച്ചിയിലും തിരുവനന്തപുരത്തും സെന്ററുകള്‍
പോള്‍ജോണ്‍, സോളിസിറ്റര്‍, ലണ്ടന്‍
എത്രയോ വര്‍ഷങ്ങളായി മലയാളി നഴ്‌സുമാര്‍ പേടിച്ചിരുന്ന ഐഇഎല്‍ടിഎസ് എന്ന വലിയ കടമ്പ ഇല്ലാതെ കുടിയേറ്റം സാധ്യം. ഇനി യുകെയില്‍ ജോലിക്ക് അപേക്ഷിക്കുന്ന നഴ്‌സുമാര്‍ ഐഇഎല്‍ടിഎസിനു പകരം ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് പാസായാല്‍ മതി. എന്‍എംസി രജിസ്‌ട്രേഷനുള്ള ഇംഗ്ലീഷ് പരിജ്ഞാന നിബന്ധന ലഘൂകരിച്ച് പുതിയ പരിഷ്‌കാരം ഇന്നലെ നിലവില്‍ വന്നു. യുകെയില്‍ ജോലി തേടുന്ന മലയാളി നഴ്‌സുമാര്‍ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷ സെന്ററുകളുണ്ട്. ഒഇടി പരീക്ഷ ഇന്ത്യയില്‍ എഴുതാന്‍ സാധിക്കും. ഇന്ത്യയില്‍ planet edu എന്ന കമ്പനിക്കാണ് ഈ പരീക്ഷ നടത്താനുള്ള അനുമതി. കേരളത്തില്‍ എറണാകുളത്തും തിരുവനന്തപുരത്തും ഇവര്‍ക്ക് സെന്ററുണ്ട്. planet Edu Exam pvt Ltd, 7th floor, Bab Towers, Near Hotel Harbour View, opp Cochin Shipyard, Atlantis, M G Road, Kochi 682015 എന്നതാണ് കൊച്ചിയിലെ സെന്ററിന്റെ വിലാസം.

തിരുവനന്തപുരത്തെ സെന്ററിന്റെ വിലാസം :

fortune Hotel The south Park, M.G.Road. Palayam, Thiruvananthapuram, 695034. ഫോണ്‍: 9895545444.

ഒഇടി പരീക്ഷയില്‍ ബി ഗ്രേഡ് ലഭിച്ചാല്‍ എന്‍എംസിയില്‍ രജിസ്‌ട്രേഷന് അപേക്ഷിക്കാം.
ബ്രക്‌സിറ്റിന്റെ ഭാഗമായി യൂറോപ്പില്‍ നിന്നുള്ള നഴ്‌സുമാര്‍ നാടുവിടുന്നതു ചെറുക്കാനാണ് ഭാഷാ പരീക്ഷാ സര്‍ട്ടിഫിക്കറ്റില്‍ പരിഷ്‌കാരം നടപ്പാക്കിയത്. നിലവില്‍, യൂറോപ്പിന് പുറത്തുള്ള നഴ്‌സുമാര്‍ ഐഇഎല്‍ടിഎസ് അക്കാഡമിക് പരീക്ഷയില്‍ എല്ലാ വിഭാഗത്തിലും (റീഡിങ്, റൈറ്റിങ് ലിസണിങ്, സംസാരം) 7 സ്‌കോര്‍ മിനിമം നേടിയാല്‍ മാത്രമേ പ്രീ രജിസ്‌ട്രേഷന് അപേക്ഷിക്കാന്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ. പുതിയ പരിഷ്‌കാരപ്രകാരം, ഒഇടി (ഒക്യുപേഷനല്‍ ഇംഗ്ലിഷ് ടെസ്റ്റ് ) പരീക്ഷ കൂടി ഐഇഎല്‍ടിഎസിന് പകരമായി എഴുതാം. എന്നുള്ള നിയമം നിലവില്‍ വന്നു. ഒഇടി പരീക്ഷയില്‍ ലിസണിങ്, റീഡിങ്, റൈറ്റിങ്, സ്പീക്കിങ് എന്നിവയ്ക്ക് മിനിമം ബി ഗ്രേഡ് എങ്കിലും ലഭിച്ചിട്ടുള്ളവര്‍ക്ക് മാത്രമേ രജിസ്‌ട്രേഷന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ.

ഒഇടി പരീക്ഷയില്‍ ബി ഗ്രേഡ് ലഭിച്ചാല്‍ എന്‍എംസിയില്‍ രജിസ്‌ട്രേഷന് അപേക്ഷിക്കാം. രണ്ടു തരം വിഭാഗങ്ങളെക്കൂടി ഇംഗ്ലീഷ് പരീക്ഷയുടെ പരിജ്ഞാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പക്ഷേ ഈ രണ്ട് വിഭാഗത്തിലും ഇന്ത്യയില്‍ നഴ്‌സിങ് പഠിച്ചവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യത കുറവാണ്. ഇതില്‍ ആദ്യ വിഭാഗക്കാര്‍ മാതൃഭാഷയും ആദ്യ ഭാഷയും ഇംഗ്ലീഷ് ആയുള്ള രാജ്യങ്ങളില്‍ നഴ്‌സായി രജിസ്‌ട്രേഷന്‍ ലഭിച്ചിട്ടുള്ളവരും അവിടെ ഒരു വര്‍ഷത്തെ നഴ്‌സിങ് പരിചയം ഉള്ളവരുമായിരിക്കണം. ഈ രാജ്യങ്ങളുടെ പട്ടികയും എന്‍എംസി നല്‍കിയിട്ടുണ്ട്.

ഓസ്‌ട്രേലിയ, ആന്റീഗ്വ ആന്‍ഡ് ബാര്‍ബിഡോ, ബഹാമസ്, ബാര്‍ബഡോസ്, ബെലിസ്, ക്യാനഡ, ഡൊമനിക്ക, ഗ്രനേഡ, ഗയാന, ജമൈക്ക, ന്യൂസിലന്‍ഡ്, സെന്റ് ലൂസിയ, സെന്റ് വിന്‍സന്റ് ഒഫ് ദി ഗ്രനഡിന്‍സ്, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ, അമെരിക്ക, ബ്രിട്ടീഷ് അന്റാര്‍ട്ടിക് ടെറിറ്ററി, ബ്രിട്ടീഷ് ഇന്ത്യന്‍ ഓഷ്യന്‍ ടെറിറ്ററി, ഫാക് ലാന്‍ഡ് ഐലന്റ്, അയര്‍ലന്‍ഡ്, ഐല്‍ ഒഫ് മാന്‍ജേഴ്‌സി, ജിബ്രാള്‍ട്ടര്‍, യുഎസ് വിര്‍ജിന്‍ ഐലന്റ് എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ഈ വിഭാഗത്തില്‍ വരിക. അയര്‍ലന്‍ഡില്‍ നിലവില്‍ നഴ്‌സിങ് രജിസ്‌ട്രേഷന്‍ ഉള്ള മലയാളികള്‍ക്ക് ഈ വിഭാഗത്തില്‍ വരാന്‍ സാധ്യതയുണ്ടെന്ന് അനുമാനിക്കാം. അയര്‍ലന്‍ഡില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കാവുന്നതാണ്.

ഇനി അടുത്ത വിഭാഗം എന്‍എംസി അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നഴ്‌സിങ് അല്ലെങ്കില്‍ മിഡ് വൈഫ് പഠനം ഇംഗ്ലിഷില്‍ പഠിച്ച് ഇംഗ്ലീഷില്‍ പരീക്ഷ പാസായിട്ടുള്ളവരായിരിക്കണം. ഈ വിഭാഗത്തില്‍ പെടുന്നവരുടെ കോഴ്‌സിന്റെ 50 ശതമാനം ക്ലിനിക്കല്‍ ഇന്‍ട്രാക്ഷന്‍ കൂടി നല്‍കപ്പെട്ടതായിരിക്കണം. കൂടാതെ ഈ കോഴ്‌സിന്റെ ക്ലിനിക്കല്‍ ഇന്‍ട്രാക്ഷന്‍ വിഭാഗത്തിന്റെ 75 ശതമാനം, രോഗികള്‍ അവരുടെ കുടുംബം മറ്റുള്ള ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍സ് എന്നിവരുമായി ഇംഗ്ലിഷില്‍ സമ്പര്‍ക്കം നടത്തുന്ന വിധത്തിലുള്ളതായിരിക്കണം. ഈ വിഭാഗത്തിന്റെ സാധ്യത മലയാളികള്‍ക്ക് ഉപകരിക്കും എന്ന് ലേഖകന്‍ കരുതുന്നില്ല. കാരണം കേരളത്തിലും അന്യ സംസ്ഥാനങ്ങളിലുമുള്ള നഴ്‌സിങ് പഠനം ഇംഗ്ലീഷില്‍ ആണെങ്കിലും രോഗികളും മറ്റു ആരോഗ്യ ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയം 75 ശതമാനവും ഇംഗ്ലിഷില്‍ ആയിരിക്കണമെന്നില്ല. ഐഇഎല്‍ടിഎസിന് പുറമേ ഒഇടി എന്ന പരീക്ഷ കൂടി പുതിയ നിബന്ധന പ്രകാരം ചെയ്യാം എന്ന വ്യത്യാസം മാത്രമേ പുതിയ നടപടി ക്രമത്തിലൂടെ മലയാളികള്‍ക്ക് ലഭിക്കൂ. ഈ പരീക്ഷകള്‍ പാസായാലും യുകെയില്‍ എത്തി എട്ട് മാസത്തിനുള്ളില്‍ ടെസ്റ്റ് ഒഫ് കോംപറ്റന്‍സും ഒബ്ജക്റ്റീവ് സ്ട്രക്‌ച്ചേര്‍ഡ് ക്ലിനിക്കല്‍ പരീക്ഷയും പാസാകണം.

ഇല്ലെങ്കില്‍ വിസ റദ്ദാക്കി നാട്ടില്‍ തിരിച്ചയക്കണം എന്നതാണ് ഇമിഗ്രേഷന്‍ നിയമം. ഇതിലും ഇളവ് നല്‍കിയാല്‍ മാത്രമേ യുകെയിലേക്ക് കൂടുതല്‍ നഴ്‌സുമാരെ ആകര്‍ഷിക്കുവാന്‍ സാധിക്കൂ എന്നതാണ് അഭിപ്രായം. നിലവില്‍ യുകെയില്‍ എത്തുന്ന പുതിയ നഴ്‌സുമാരില്‍ കൂടുതല്‍ പേരും എട്ട് മാസത്തിനുള്ളില്‍ ഈ പരീക്ഷ പാസാകാന്‍ കഴിയാതെ തിരികെ പോകണം എന്ന അവസ്ഥ നേരിടുകയാണ്. ഇത് യുകെയെ ഒഴിവാക്കി ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ക്യാനഡ എന്നീ രാജ്യങ്ങളിലേക്ക് പോകാന്‍ ഇന്ത്യന്‍ നഴ്‌സുമാരെ പ്രലോഭിപ്പിക്കുകയാണ്. എന്‍എംസി ഹോം ഓഫിസുമായി ബന്ധപ്പെട്ട് എട്ട് മാസത്തിനുള്ളില്‍ ഒഎസ് സിഇ പൂര്‍ത്തിയാക്കണമെന്ന നിബന്ധന കൂടി എടുത്തുമാറ്റിയാല്‍ മാത്രമേ നഴ്‌സുമാര്‍ യുകെയിലേക്ക് സുഗമമായി എത്തുകയുള്ളൂ.
 
Other News in this category

 
 




 
Close Window