|
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കാസര്‍ഗോഡ് പള്ളിക്കരയിലാണ് അപകടം. പ്രതിപക്ഷ നേതാവ് സഞ്ചരിച്ച വാഹനം മുന്നിലുള്ള പൊലീസ് എസ്‌കോര്‍ട്ട് ജീപ്പിലിടിച്ചാണ് അപകടം.
ഇടിയുടെ ആഘാതത്തില്‍ വാഹനത്തിലെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. വൈകിട്ട് 5.30നാണ് അപകടം. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രദര്‍ശനത്തിനായി പുറപ്പെട്ടതായിരുന്നു പ്രതിപക്ഷ നേതാവ്. മറ്റൊരു സ്വകാര്യ വാഹനത്തില്‍ അദ്ദേഹം യാത്ര തുടര്‍ന്നു.
അപകടവുമായി ബന്ധപ്പെട്ട് വി ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്
കണ്ണൂരില്‍ നിന്ന് കാസര്‍ഗോഡേയ്ക്കുള്ള യാത്രാമധ്യേ കാഞ്ഞങ്ങാടിനടുത്ത് ബേക്കല്‍ പള്ളിക്കരയില്‍ വച്ച് ഞാന്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു.
നല്ല മഴയായിരുന്നു. സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്ന് ഇറങ്ങിവന്ന വാഹനത്തില്‍ തട്ടാതിരിക്കാന്‍ പോലിസ് പൈലറ്റ് ജീപ്പിന് മുന്നിലുണ്ടായിരുന്ന കാറുകള്‍ പെട്ടെന്ന് നിര്‍ത്തി. തൊട്ട് മുന്നില്‍ പോയിരുന്ന കാറില്‍ പൈലറ്റ് വാഹനം ഇടിച്ചു. ഞാന്‍ സഞ്ചരിച്ചിരുന്ന വാഹനം പൈലറ്റ് ജീപ്പിന്റെ പിന്‍ഭാഗത്തും ഇടിച്ചു. ഞാനടക്കം വാഹനത്തില്‍ ഉണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല.
മാധ്യമങ്ങളിലൂടെ വാര്‍ത്ത അറിഞ്ഞ് നിരവധി പേര്‍ വിളിക്കുന്നത് കൊണ്ടാണ് ഈ കുറിപ്പ് ഇടുന്നത്.
നേരിട്ടും അല്ലാതെയും കാര്യങ്ങള്‍ അന്വേഷിച്ച എല്ലാവര്‍ക്കും നന്ദി. മറ്റൊരു വാഹനത്തില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് യാത്ര തുടരുന്നു. |