തിരുവനന്തപുരം: നഗരഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമികവില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത്. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമികവിനെ അടിസ്ഥാനമാക്കിയുള്ള അര്‍ബന്‍ ഗവേണന്‍സ് ഇന്‍ഡക്‌സിലാണ് കേരളം ഒന്നാമതെത്തിയത്. കേരളത്തിന്റെ വികേന്ദ്രീകൃതാസൂത്രണ മികവിനുള്ള അംഗീകാരമാണ് അര്‍ബന്‍ ഗവേണന്‍സ് ഇന്‍ഡക്‌സെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് പറഞ്ഞു. അതിവേഗം നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിന് അനുയോജ്യമായ നയസമീപനങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
അര്‍ബന്‍ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ കൂടി പൂര്‍ത്തിയാവുന്നതോടെ കേരളം കൂടുതല്‍ മികവിലേക്ക് നീങ്ങുമെന്നും മന്ത്രി പറഞ്ഞു. 2024ലെ നഗരഭരണ ഇന്‍ഡക്സ് പ്രകാരം കേരളം 59.31 മാര്‍ക്കോടെയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ശാക്തീകരണം, നഗരഭരണ നിയമങ്ങളുടെ കാര്യക്ഷമത, നഗര ഭരണ സ്ഥാപനങ്ങളുടെ ഭരണമികവ്, പൗരന്മാരുടെ ശാക്തീകരണം, ധനകാര്യ മാനേജ്മെന്റിലെ മികവ് എന്നീ നാല് മേഖലകളെ അടിസ്ഥാനമാക്കിയാണ് നഗരഭരണ സ്ഥാപനങ്ങളുടെ മികവ് നിശ്ചയിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ഒഡീഷയാണ്, 55.1 പോയിന്റ്. നാഗാലാന്‍ഡാണ് ഏറ്റവും അവസാന സ്ഥാനത്ത്.