തിരുവനന്തപുരത്തിനു സമീപം മണ്ണന്തലയില്‍ മകളുടെ സുഹൃത്തിനെ അപായപ്പെടുത്താന്‍ അച്ഛന്റെ ക്വട്ടേഷന്‍. യുവാവിനെ കൊലപ്പെടുത്താനായി രണ്ട് ലക്ഷം രൂപയുടെ ക്വട്ടേഷനാണ് നല്‍കിയത്. സംഭവത്തില്‍ നെടുമങ്ങാട് സ്വദേശി സന്തോഷ് കുമാറും ക്വട്ടേഷന്‍ സംഘവും അറസ്റ്റിലായി. മെഡിക്കല്‍ കോളേജ് സ്വദേശി സ്വര്‍ണപ്പല്ലന്‍ മനു, സൂരജ്, സന്തോഷിന്റെ ബന്ധു ജിജു എന്നിവരാണ് മണ്ണന്തല പൊലീസ് പിടിയിലായത്.
ഫെബ്രുവരിയില്‍ സന്തോഷിന്റെ മകള്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണം മകളുടെ സുഹൃത്തായ അനുജിത്ത് ആണെന്ന് പറഞ്ഞാണ് സന്തോഷ് ക്വട്ടേഷന്‍ നല്‍കിയത്. സൂരജും മനുവും രണ്ട് തവണ അനുജിത്തിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. അനുജിത്തിനെ കൊലപ്പെടുത്താനുള്ള ശ്രമത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാകുന്നതും പ്രതികാരകഥ പുറത്തുവരുന്നതും. |