കോട്ടയം: ഫോണ്‍ ചോര്‍ത്തലില്‍ പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടയം കറുകച്ചാല്‍ പൊലീസാണ് കേസെടുത്തത്. നെടുംകുന്നം സ്വദേശിതോമസ് പീലിയാനിക്കലിന്റെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അന്‍വറിനെതിരെ കേസെടുത്തിട്ടുള്ളത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.
അന്‍വറിന്റെ വെളിപ്പെടുത്തല്‍ മറ്റുള്ളവരുടെ സ്വകാര്യതയുടെ ലംഘനമെന്നാണ് പരാതിയില്‍ പറയുന്നത്. ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. പൊതു സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി. ഫോണ്‍ ചോര്‍ത്തി ദൃശ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ച് സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമം നടത്തിയെന്നും പരാതിയില്‍ പറയുന്നു. കോട്ടയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയേക്കും.