Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 05th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
വയനാടിന് കേന്ദ്രസഹായം: രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി
reporter

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്രവും ദുരിതാശ്വാസ നിധിയില്‍ നിന്നും പണം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ പരിഗണിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് രണ്ടാഴ്ചയ്ക്കം മറുപടി നല്‍കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്രസര്‍ക്കാര്‍ എന്നിവയ്ക്ക് കോടതി നിര്‍ദേശം നല്‍കി. വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം ലഭ്യമാക്കാന്‍ നിര്‍ദേശിക്കണമെന്ന് അമിക്കസ് ക്യൂറി കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഇതേത്തുടര്‍ന്നായിരുന്നു ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ശ്യാംകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ എസ്റ്റിമേറ്റിന്റെ മാനദണ്ഡം എന്താണെന്ന് അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് തുക കണക്കാക്കുമ്പോള്‍ എങ്ങനെ തുക വകയിരുത്തുമെന്നത് കൃത്യമായി വേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു. എസ്റ്റിമേറ്റ് ചെലവഴിച്ച തുകയെന്ന പേരില്‍ വ്യാപക പ്രചരണമുണ്ടായെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എസ്റ്റിമേറ്റില്‍ പറയുന്ന തുക ചെലവഴിച്ചിട്ടില്ല. മാധ്യമ റിപ്പോര്‍ട്ടുകള്‍ ഊതിപ്പെരുപ്പിച്ചതാണെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച വിശദമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കെല്‍സയുടെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. സെപ്റ്റംബര്‍ 3 മുതല്‍ 30 വരെ കെല്‍സ വയനാട് ദുരിതബാധിതര്‍ക്കായി നിയമസഹായവുമായി ബന്ധപ്പെട്ട പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ലിസ്റ്റും വിവരങ്ങളുമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ദുരിത ബാധിതരെക്കുറിച്ചും അവര്‍ക്കായി സ്വീകരിച്ച നടപടികളെക്കുറിച്ചും വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോടും കെല്‍സയോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window