ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുന്നതായി ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ കെജ്രിവാള്‍ ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി പറയുകയും വിജയിച്ച ബിജെപിയെ അഭിനന്ദിക്കുകയും ചെയ്തു.
അധികാരത്തിനു വേണ്ടിയല്ല രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. ജനങ്ങളെ സേവിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമായാണ് രാഷ്ട്രീയത്തെ ഞങ്ങള്‍ കണ്ടിട്ടുള്ളത്. അത് തുടരുക തന്നെ ചെയ്യമെന്നും സുപ്രധാനമായ ഈ തിരഞ്ഞെടുപ്പില്‍ കഠിനമായി അധ്വാനിക്കുകയും പോരാടുകയും ചെയ്ത പ്രവര്‍ത്തര്‍ക്ക് നന്ദിയും അദ്ദേഹം പറഞ്ഞു.
''ജനങ്ങളുടെ വിധി വളരെ വിനയത്തോടെ ഞങ്ങള്‍ അംഗീകരിക്കുന്നു. ഈ വിജയത്തിന് ബിജെപിയെ ഞാന്‍ അഭിനന്ദിക്കുന്നു, ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും അവര്‍ നിറവേറ്റുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,'' അരവിന്ദ് കെജ്രിവാള്‍ ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടി ക്രിയാത്മക പ്രതിപക്ഷത്തിന്റെ പങ്ക് വഹിക്കുമെന്നും ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കുന്നത് തുടരുമെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. |